പൊ​ന്നാ​നി ജ​ങ്കാ​ർ സ​ർ​വി​സ്

ഡീസൽ വിലവർധനയും യാത്രക്കാരുടെ കുറവും പൊന്നാനിയിലെ ജങ്കാർ സർവിസ് നഷ്ടത്തിലേക്ക്

പൊന്നാനി: പൊന്നാനിയേയും പടിഞ്ഞാറെക്കരയേയും എളുപ്പ മാർഗത്തിൽ ബന്ധിപ്പിക്കുന്ന ജങ്കാർ സർവിസ് യാത്രക്കാരുടെ കുറവും ഭാരിച്ച ഇന്ധന ചെലവും മൂലം നഷ്ടത്തിലേക്ക് നീങ്ങുന്നു.

അവധി ദിവസങ്ങളിൽ മാത്രമാണ് യാത്രക്കാരുള്ളതെന്നും മറ്റു ദിവസങ്ങളിൽ നഷ്ടം സഹിച്ചാണ് സർവിസ് എന്നുമാണ് കരാറുകാർ പറയുന്നത്. കാലാവസ്ഥ മുന്നറിയിപ്പിനെത്തുടർന്ന് നിർത്തിവെച്ച സർവിസ് ഒരാഴ്ചക്ക് ശേഷം പുനരാരംഭിച്ചു. എന്നാൽ മണിക്കൂറുകളോളം കാത്തിരുന്ന് വിരലിലെണ്ണാവുന്ന യാത്രക്കാരുമായാണ് മിക്ക ദിവസങ്ങളിലും സർവിസ് നടത്തുന്നത്. കൊച്ചിൻ സർവിസസിന്റെ കീഴിലുള്ള ജങ്കാർ രണ്ട് വർഷം മുമ്പാണ് സർവിസ് ആരംഭിച്ചത്. കോവിഡ് വ്യാപനത്തെത്തുടർന്ന് മാസങ്ങളോളം സർവിസ് നിലച്ചു. യാത്രക്കാർ കുറവായതിനാൽ 33 ശതമാനം വർധനവ് ഏർപ്പെടുത്തുകയും ചെയ്തിരുന്നു.

സർവിസ് പഴയപടിയായെങ്കിലും നിരക്ക് കുറക്കാത്തത് പ്രതിഷേധങ്ങൾക്കിടയാക്കി. ഇതേത്തുടർന്ന് നിരക്ക് കുറക്കാൻ നഗരസഭ ഇടപെട്ടു. നിലവിലെ ജങ്കാർ പലപ്പോഴായി അറ്റകുറ്റപണികൾ നടത്തുകയും ചെയ്തു. ഇതിനിടെ ജങ്കാറിന്‍റെ ഫിറ്റ്നസ് രേഖകൾ തിരുത്തിയെന്ന ആരോപണം ഉയർന്നു. തുടർന്ന് പോർട്ട് അധികൃതർ നടത്തിയ പരിശോധനയിൽ ജങ്കാറിന് ആവശ്യമായ സുരക്ഷാ രേഖകളും പെർമിറ്റും ഉണ്ടെന്ന് കണ്ടെത്തി.

എന്നാൽ പെർമിറ്റ്‌ കാലാവധി 2022 മാർച്ച്‌ 31ന് അവസാനിച്ചു. ഉൾനാടൻ ജലഗതാഗതത്തിന്‍റെ അനുമതി മാത്രമാണ് നിലവിൽ ജങ്കാറിനുള്ളത്. വർഷങ്ങൾക്ക് മുമ്പ് പൊന്നാനിയിലെ പഴയ ജങ്കാർ സർവിസ് നിലച്ചിരുന്നു. അഴിമുഖത്തെ ശക്തമായ തിരമാലകൾ കാരണം അന്ന് പുറത്തൂർ പഞ്ചായത്തിന് കീഴിൽ സർവിസ് നടത്തിയിരുന്ന അനധികൃത ചങ്ങാടം ഒലിച്ചുപോകുകയും വലിയ അപകടം ഒഴിവാകുകയും ചെയ്തിരുന്നു. പിന്നീടുണ്ടായ വിവാദങ്ങൾക്ക് ശേഷം സർവിസ് നിർത്തി വെക്കുകയായിരുന്നു. പുതിയ ജങ്കാർ എത്തിച്ച് സർവിസ് നടത്തണമെന്ന ആവശ്യം ശക്തമാണ്.

Tags:    
News Summary - Loss of Junkar service in Ponnani

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.