ചമ്രവട്ടം റെഗുലേറ്റർ കം ബ്രിഡ്ജിന്ഇന്ന് 11 വയസ്സ്

പൊന്നാനി: മൂന്നരപതിറ്റാണ്ട് മുമ്പ് തറക്കല്ലിട്ട് ഒരുപതിറ്റാണ്ട് മുമ്പ് യാഥാർഥ്യമായ പൊന്നാനി ചമ്രവട്ടം റെഗുലേറ്റർ കം ബ്രിഡ്ജിലെ റെഗുലേറ്റർ എന്ന സ്വപ്നം അനന്തമായി നീളുന്നു. റെഗുലേറ്ററിന്‍റെ ചോർച്ച അടക്കാൻ അടിച്ചിറക്കിയ ഷീറ്റുകൾ പൊട്ടിയതിനെ തുടർന്ന് പ്രവൃത്തികൾ താൽക്കാലികമായി നിർത്തിവെച്ചതോടെ ഈ വേനലിലും ഷട്ടർ അടക്കാനാവില്ല. പുഴയുടെ അടിത്തട്ടിൽ 11.5 മീറ്റർ ആഴത്തിൽ ഇരുമ്പ് ഷീറ്റുകൾ അടിച്ചിറക്കിയാണ് ചോർച്ച തടയാൻ ശ്രമിക്കുന്നത്.

നിലവിൽ ആറ് ഷീറ്റുകളാണ് ഇറക്കിയിട്ടുള്ളത്. എന്നാൽ, ഇതിൽ രണ്ടെണ്ണത്തിന്റെ മുകൾഭാഗം അടിച്ചിറക്കുമ്പോഴുണ്ടായ ശക്തമായ സമ്മർദം കാരണം പൊട്ടുകയായിരുന്നു. ഇതോടെ 11 വർഷം മുമ്പ് വിഭാവനം ചെയ്ത ചമ്രവട്ടം റെഗുലേറ്റർ കം ബ്രിഡ്ജ് എന്നത് വെറും പാലമായി ഒതുങ്ങി. മഴക്കാലത്ത് ലഭിച്ച വെള്ളം പാടെ കടലിലേക്ക് ഒഴുകുന്നു. നവംബർ മാസത്തിൽ ഷട്ടറുകൾ അടച്ചിടണമെന്നാണ് തീരുമാനമെങ്കിലും ചോർച്ചമൂലം അടക്കാനാവാത്ത സ്ഥിതിയിലാണ്.

പാലം നിർമാണത്തിൽ അഴിമതിയും അശാസ്ത്രീയതയും ഉണ്ടായെന്ന ആരോപണങ്ങൾ വർഷങ്ങൾക്ക് മുമ്പുതന്നെ ഉയരുന്നുണ്ട്. നിർമാണത്തിലെ അശാസ്ത്രീയത കാരണം യഥാസമയം അറ്റകുറ്റപ്പണികൾ നടത്താത്തതിനാൽ പൊന്നാനി ചമ്രവട്ടം റെഗുലേറ്റർ കം ബ്രിഡ്ജിന്റെ ഷട്ടറുകൾ തുരുമ്പെടുത്ത് നശിച്ചിരുന്നു. പൈലിങ്ങനിടയിലെ ചോർച്ച കാരണം മധ്യഭാഗത്തെ 14 ഓളം ഷട്ടറുകൾ വേനൽകാലത്ത് പോലും അടച്ചിടാറില്ല. ഇതുകാരണം ജലം സംഭരിക്കാൻ കഴിയാത്ത സ്ഥിതിയിലാണ്. ജലം സംഭരിക്കാനുള്ള മാർഗങ്ങൾ സ്വീകരിച്ചില്ലെങ്കിൽ വേനലിൽ കടുത്ത ജലക്ഷാമമാകും ഉണ്ടാവുക.

Tags:    
News Summary - Chamravattam Regulator cum Bridge is 11 years old today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.