ബോ​ട്ടു​ക​ൾ പു​റ​പ്പെ​ട്ട​തോ​ടെ ശൂ​ന്യ​മാ​യ പൊ​ന്നാ​നി ഹാ​ർ​ബ​ർ

നിയന്ത്രണം മറികടന്ന് കടലിലിറങ്ങിയ ബോട്ടുകൾ തിരിച്ചെത്തിത്തുടങ്ങി

പൊന്നാനി: ട്രോളിങ് നിരോധന കാലയളവ് കഴിഞ്ഞ് വന്ന മുന്നറിയിപ്പ് അവഗണിച്ച് കടലിലിറങ്ങിയ ബോട്ടുകൾ തിരിച്ചെത്തി തുടങ്ങി. നഷ്ടം സഹിച്ചും പട്ടിണി കിടന്നും മടുത്ത മത്സ്യത്തൊഴിലാളികളാണ് ബോട്ടുകൾ കടലിലിറക്കിയത്. പൊന്നാനിയിൽനിന്ന് 70 ശതമാനത്തോളം ബോട്ടുകളും തിങ്കളാഴ്ച പുലർച്ച മത്സ്യബന്ധനത്തിനായി പുറപ്പെട്ടു. കാലാവസ്ഥ മുന്നറിയിപ്പിനെത്തുടർന്ന് ട്രോളിങ് നിരോധനത്തിന് ആഴ്ചകൾക്ക് മുമ്പുതന്നെ ബോട്ടുകൾ ഹാർബറിൽ നങ്കൂരമിട്ടിരുന്നു.

കടം വാങ്ങി ജീവിതം തള്ളിനീക്കിയിരുന്ന മത്സ്യത്തൊഴിലാളികൾ ട്രോളിങ് നിരോധനം കഴിഞ്ഞ് കടലിലിറങ്ങാമെന്ന പ്രത്യാശയിലായിരുന്നു. ഇതിന്‍റെ ഭാഗമായി ദിവസങ്ങൾക്ക് മുമ്പ് തന്നെ ബോട്ടുകളുടെ അറ്റകുറ്റപ്പണികൾ പൂർത്തീകരിക്കുകയും ബോട്ടിലേക്കാവശ്യമായ ഇന്ധനവും ഐസും കുടിവെള്ളവും ഉൾപ്പെടെ എത്തിക്കുകയും ചെയ്തിരുന്നു. രാത്രിയോടെയാണ് കാലാവസ്ഥ മുന്നറിയിപ്പിനെത്തുടർന്ന് ഫിഷറീസ് അധികൃതർ അഞ്ച് ദിവസത്തേക്ക് കടലിലിറങ്ങരുതെന്ന നിർദേശം നൽകിയത്.

എന്നാൽ, മത്സ്യബന്ധനത്തിന് പുറപ്പെടാനാവശ്യമായ സജ്ജീകരണങ്ങളെല്ലാം ഒരുക്കിയതിനാൽ ലക്ഷങ്ങളുടെ നഷ്ടം സംഭവിക്കുമെന്നതിനാലാണ് നിയന്ത്രണം മറികടന്ന് ബോട്ടുകൾ കടലിലിറങ്ങിയത്. മുഴുവൻ സുരക്ഷാ സംവിധാനങ്ങളും ഉറപ്പ് വരുത്തിയായിരുന്നു ഇത്തവണ ബോട്ടുകൾ പുറപ്പെട്ടത്. കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ ആഴക്കടൽ മത്സ്യബന്ധനം ഒഴിവാക്കി തീരക്കടൽ മത്സ്യബന്ധനത്തിലാണ് ബോട്ടുകൾ ഏർപ്പെടുന്നത്.  

കടല്‍ പട്രോളിങ്ങിന് റസ്ക്യൂ ഗാർഡുമാരെ നിയമിക്കുന്നു

മലപ്പുറം: ട്രോളിങ് നിരോധനത്തിനു ശേഷമുള്ള കടല്‍ പട്രോളിങ്ങിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കുമായി മത്സ്യബന്ധന വകുപ്പ് ഏര്‍പ്പെടുത്തുന്ന യന്ത്രവത്കൃത യാനത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ റസ്‌ക്യൂ ഗാര്‍ഡുമാരെ നിയമിക്കുന്നു. പൊന്നാനി, താനൂര്‍ മേഖലകളിലായി സേവനം നടത്തുന്നതിനായി അടുത്ത ട്രോളിങ് നിരോധനം വരെ കാലയളവിലേക്കാണ് നിയമനം.

കടലില്‍ നീന്താന്‍ വൈദഗ്ധ്യമുള്ള, നല്ല കായികശേഷിയുള്ള, 20 വയസ്സിന് മുകളില്‍ പ്രായമുള്ള, രജിസ്‌ട്രേഡ് മത്സ്യത്തൊഴിലാളി യുവാക്കള്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ പതിച്ച വെള്ളക്കടലാസില്‍ തയാറാക്കിയ ബയോഡാറ്റ, മറ്റ് യോഗ്യതകള്‍ തെളിയിക്കുന്ന രേഖകള്‍, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ സഹിതം ആഗസ്റ്റ് അഞ്ചിന് രാവിലെ 10.15ന് പൊന്നാനിയിലുള്ള ഫിഷറീസ് ഉപഡയറക്ടറുടെ കാര്യാലയത്തില്‍ കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫിഷറീസ് വകുപ്പ് മുഖേന ഗോവയിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടര്‍ സ്‌പോര്‍ട്‌സില്‍ നിന്നും പരിശീലനം ലഭിച്ചവര്‍ക്കും മുന്‍ പരിചയമുള്ളവര്‍ക്കും മുന്‍ഗണന. വിവരങ്ങള്‍ക്ക് ഫോൺ: 0494-2667428.



Tags:    
News Summary - boats that went out to sea started coming back

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.