സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാതെ അപകട സാഹചര്യത്തിൽ തൊഴിലെടുക്കുന്ന തൊഴിലാളികൾ
പൊന്നാനി: ജില്ലയിൽ ആറുവരി ദേശീയപാത നിർമാണം അതിവേഗം പുരോഗമിക്കുന്നതിനിടെ അപകടങ്ങളും അപകട മരണങ്ങളും നിത്യസംഭവമാകുന്നു. കഴിഞ്ഞ രണ്ട് മാസത്തിനിടെ പൊന്നാനിയിൽ മാത്രം നാല് അപകട മരണങ്ങളും ഇരുപതിലധികം അപകടങ്ങളും നടന്നു. തിങ്കളാഴ്ച രാവിലെ ലോറിയും ബൈക്കും കൂട്ടിയിടിച്ച് നഴ്സിങ് വിദ്യാർഥി മരിച്ചിരുന്നു.
ജില്ലയിൽ പാലങ്ങൾക്ക് താഴെ സർവിസ് റോഡുകളിലേക്ക് കയറുന്ന ഭാഗങ്ങളിലാണ് അപകടങ്ങൾ പതിവാകുന്നത്. സർവിസ് റോഡിനോട് ചേർന്ന് വീതിയുള്ള ദേശീയ പാതയിൽ കണ്ടയിനർ ഉൾപ്പെടെ ചരക്കു ലോറികൾ നിർത്തിയിടുന്നതാണ് അപകടങ്ങളുടെ മുഖ്യകാരണം.
ഇതിനാൽ സർവിസ് റോഡിൽ നിന്നും പ്രധാന ഹൈവേയിലേക്ക് കയറുമ്പോൾ ദേശീയപാതയിലൂടെ അമിത വേഗതയിൽ പോകുന്ന വാഹനങ്ങൾ ശ്രദ്ധയിൽപ്പെടാത്തത് അപകടങ്ങൾക്കിടയാക്കുന്നുണ്ട്. സ്ഥലപ്പേരുകൾ ദേശീയപാതയിലുടനീളം സ്ഥാപിച്ചെങ്കിലും സൂചന ബോർഡുകൾ ഇല്ലാത്തതും അപകടത്തിനിടയാക്കുന്നുണ്ട്.
ഓരോ ദിവസം കഴിയും തോറും റോഡിലുണ്ടാകുന്ന മാറ്റം സ്ഥിരം സഞ്ചരിക്കുന്നവർക്ക് പോലും മനസിലാക്കാൻ കഴിയാത്ത സ്ഥിതിയാണ്. ഇതിനൊപ്പം മുന്നറിയിപ്പ് ബോർഡുകൾ കൂടി ഇല്ലാതാകുന്നതോടെ അപകടസാധ്യത വർധിക്കുകയാണ്. റോഡ് നിർമാണവുമായി ബന്ധപ്പെട്ട് ദേശീയപാത അതോറിറ്റി വ്യക്തമായ മാർഗനിർദേശം നൽകിയിട്ടുണ്ടങ്കിലും കരാർ കമ്പനികൾ ഇത് അവഗണിക്കുന്നുവെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.