ശാപമോക്ഷം തേടി പട്ടർനടക്കാവിലെ പഞ്ചായത്ത് ഗ്രന്ഥാലയം

പട്ടർനടക്കാവ്: അങ്ങാടിയിലെ സാംസ്കാരിക നിലയത്തിൽ പ്രവർത്തിച്ചു വന്നിരുന്ന പഞ്ചായത്ത് ഗ്രന്ഥാലയത്തിന് ഇനിയും ശാപമോക്ഷമായില്ല. വർഷങ്ങൾക്കു മുമ്പ് പതിനായിരക്കണക്കിന് പുസ്തകങ്ങളോടും ആനുകാലിക പ്രസിദ്ധീകരണങ്ങളോടും കൂടിയാണ് ഗ്രന്ഥാലയം പ്രവർത്തനമാരംഭിച്ചത്.

പഞ്ചായത്തിലെ മുഖ്യ സാംസ്കാരിക-വ്യാപാര കേന്ദ്രമായ പട്ടർനടക്കാവിലെ ഈ ഗ്രന്ഥാലയം പൊതുജനത്തിനും വിദ്യാർഥികൾക്കും വ്യാപാരികൾക്കുമെല്ലാം ഏറെ ഉപകാരപ്രദമായിരുന്നു. തുടർന്ന് പല കാരണങ്ങളാൽ പ്രവർത്തനം മന്ദീഭവിച്ചത് പൊതുജന പ്രതിഷേധത്തിന് ഇടയാക്കി. ഇതിനിടയിൽ ഡിജിറ്റലാക്കാനുള്ള ശ്രമത്തിനിടയിൽ ഒട്ടേറെ പുസ്തകങ്ങൾ അപ്രത്യക്ഷമായതായും പരാതി ഉയർന്നിരുന്നു. ഇതിനു പുറമെ വനിത വ്യവസായ പരിശീലന കേന്ദ്രം എന്ന പേരിൽ ഒട്ടേറെ തയ്യൽ മെഷീനുകൾ ഗ്രന്ഥാലയത്തിനടുത്ത് ഇറക്കി വെച്ചിരുന്നു.

ബഡ്സ് സ്കൂൾ, അംഗൻവാടി എന്നിവയും ലൈബ്രറി കവാടത്തിൽ പ്രവർത്തനം തുടങ്ങിയതും ഗ്രന്ഥാലയത്തിന്‍റെ സുഗമമായ നടത്തിപ്പിന് തടസ്സം സൃഷ്ടിച്ചു. ഇക്കാര്യങ്ങളെല്ലാം ഉന്നയിച്ച് പ്രതിപക്ഷം ഈയിടെ പഞ്ചായത്ത് ഓഫിസ് മാർച്ച് നടത്തിയിരുന്നു. ഈ സാഹചര്യത്തിലാണ്‌ ഗ്രന്ഥാലയ പ്രവർത്തനം കാര്യക്ഷമമാക്കണമെന്ന ആവശ്യം ഉയർന്നിരിക്കുന്നത്.

അതേ സമയം നിലവിലെ ലൈബ്രേറിയൻ വിരമിച്ചതിനാലാണ് പ്രവർത്തനം നിലച്ചതെന്നും പുതിയ ലൈബ്രേറിയൻ വന്നാൽ ഉടൻ തുറന്നു പ്രവർത്തിക്കുമെന്നും ഗ്രന്ഥാലയത്തിന്‍റെ നവീകരണത്തിന് ബജറ്റിൽ തുക വകയിരുത്തിയിട്ടുണ്ടെന്നും പഞ്ചായത്ത് പ്രസിഡന്‍റ് കൊട്ടാരത്ത് സുഹറാബി പറഞ്ഞു.

Tags:    
News Summary - Pattarnadakkavu Panchayat Library

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.