മലപ്പുറം ന​ഗ​ര​സ​ഭ 31ാം വാ​ർ​ഡി​ലെ പാ​മ്പാ​ട് സ്ഥി​തി ചെ​യ്യു​ന്ന ഭ​വ​ന​സ​മു​ച്ച​യം

പാമ്പാട് ഫ്ലാറ്റിൽ അനർഹരുണ്ടോ? പരിശോധനക്ക് ഒരുങ്ങി നഗരസഭ

മലപ്പുറം: നഗരസഭക്ക് കീഴിൽ 31ാം വാർഡിലെ പാമ്പാട് സ്ഥിതി ചെയ്യുന്ന ഭവനസമുച്ചയത്തിൽ അനധികൃത താമസക്കാരുണ്ടെന്ന ആരോപണം പരിശോധിക്കാനൊരുങ്ങി നഗരസഭ.

കഴിഞ്ഞദിവസം നടന്ന കൗൺസിൽ യോഗത്തിലാണ് പ്രതിപക്ഷം ആരോപണമുയർത്തിയത്. 21ാം വാർഡിൽ നമ്പീശൻ കോളനിയിലെ ഒറ്റമുറി വാടകവീട്ടിൽ തനിച്ചു കഴിയുന്ന താമസക്കാരിയെ ഫ്ലാറ്റിലെ ഒഴിവുള്ള വീട്ടിലേക്ക് മാറ്റണമെന്ന അജണ്ട ചർച്ച ചെയ്യുന്നതിനിടെയാണ് വീടുകൾ അനധികൃതമായി കൈവശം വെച്ചവരുണ്ടായിരുന്നെന്ന വാദം പ്രതിപക്ഷനിരയിൽനിന്ന് ഉ‍യർന്നത്.

2013ൽ സമുച്ചയത്തിലെ വീടുകൾ അർഹരല്ലാത്തവർക്ക് ലഭിച്ചെന്നും ഇത്തരക്കാർ തങ്ങൾക്ക് കിട്ടിയ വീട് കൈമാറിയിട്ടുണ്ടെന്നുമുള്ള ആരോപണങ്ങൾ വിശദമായി പരിശോധിക്കാൻ നഗരസഭ എൻജിനീയറിങ് വിഭാഗത്തിലെ ഉദ്യോഗസ്ഥരും കൗൺസിലർമാരും അടങ്ങുന്ന സമിതിയെ നിയോഗിക്കുമെന്ന് ചെയർമാൻ മുജീബ് കാടേരി അറിയിച്ചു.

സെപ്റ്റംബർ 10ന് ശേഷം സമിതി പാമ്പാട് എത്തി വീടുകളിലെ താമസക്കാർ ആരൊക്കെയെന്നും മറ്റുമുള്ള കണക്കുകൾ ശേഖരിക്കും. ആരെങ്കിലും വീടുകൾ മറ്റുള്ളവർക്ക് കൈമാറിയിട്ടുണ്ടെങ്കിൽ സാമ്പത്തിക നേട്ടമുണ്ടായിട്ടുണ്ടോ എന്നതും പരിശോധിക്കും.

2012-13 വർഷത്തിലാണ് നഗരസഭയിലെ വീടില്ലാത്തവരെ കണ്ടെത്തി ഭവന സമുച്ചയത്തിലേക്ക് മാറ്റിയത്. എന്നാൽ, അന്ന് കണ്ടെത്തിയ മുന്നൂറിലധികം പേരുടെ പട്ടികയിൽ അനർഹർ കടന്നുകൂടിയിട്ടുണ്ടെന്നും അർഹരായവർ പുറത്തായിട്ടുണ്ടെന്നുമുള്ള ആരോപണം ഉ‍യർന്നിരുന്നു.

അന്ന് ഫ്ലാറ്റ് ലഭിച്ചവരിൽ ചിലരെങ്കിലും അത് മറ്റുള്ളവർക്ക് കൈമാറിയിട്ടുണ്ടെന്നും ആരോപണമുണ്ട്. എന്നാൽ, ഒരുമുറിയും അടുക്കളയും സിറ്റൗട്ടും ചെറിയ ഡൈനിങ് ഹാളും അടങ്ങുന്ന വീട്ടിൽ പല കുടുംബങ്ങൾക്കും കഴിയാൻ പ്രയാസമായതിനാൽ മാറി മറ്റുള്ളവർക്ക് നൽകിയതാണെന്നും പ്രദേശത്തുള്ള പൊതുപ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.

ഏതായാലും പ്രതിപക്ഷ, ഭരണപക്ഷ അംഗങ്ങൾ ഉയർത്തിയ ആരോപണങ്ങളെല്ലാം കൃത്യമായി പരിശോധിക്കുമെന്ന് കൗൺസിലിൽ നിലപാട് ചെയർമാൻ കുടുംബങ്ങളെ ആരെയും ബുദ്ധിമുട്ടിക്കില്ലെന്നും കൂട്ടിച്ചേർത്തു.  

Tags:    
News Summary - pampad flat Municipality ready for inspection

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.