മലപ്പുറം: നഗരസഭയുടെ പട്ടർകടവിലെ ഗവ. ഹോമിയോ ആശുപത്രി കെട്ടിടോദ്ഘാടനം ബുധനാഴ്ച നടക്കും. രാവിലെ 10ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം നിർവഹിക്കും. 2008 ലാണ് ഗവ. ഹോമിയോ ആശുപത്രിക്ക് കെട്ടിടം നിർമിച്ചത്. അന്നത്തെ കൗൺസിലറായിരുന്ന അറബി കാദറും കുടുംബവുമാണു കെട്ടിടത്തിനായി നാലു സെന്റ് സ്ഥലം സൗജന്യമായി നൽകിയത്. റോഡ് പോലുമില്ലാതെ ഇടവഴി മാത്രമായുണ്ടായിരുന്ന ഇവിടെ കെട്ടിടം നിർമിച്ചെങ്കിലും ഉപയോഗിക്കാനായില്ല.
ഇതോടെ കാടുമൂടി കെട്ടിടം ഉപയോഗശൂന്യമായി. 2020ൽ നഗരസഭ കൗൺസിലർ മറിയുമ്മ ഷെരീഫിന്റെ ശ്രമഫലമായി ഇതിലേക്ക് റോഡുണ്ടാക്കി. 2020-21, 2021-22 വർഷങ്ങളിലായി 70 ലക്ഷത്തോളം ചെലവഹിച്ചാണ് കെട്ടിടം ഉദ്ഘാടനത്തിന് സജ്ജമാക്കിയത്. മികച്ച സൗകര്യങ്ങളോടെയാണ് കെട്ടിടം സജ്ജീകരിച്ചിരിക്കുന്നത്. പ്രത്യേക റോഡ്, ഭിന്നശേഷിക്കാർക്ക് റാമ്പ് സൗകര്യം, രോഗികൾക്ക് വിശ്രമിക്കാനും സംഗീതാസ്വാദനത്തിനുള്ള സൗകര്യം, ശീതീകരിച്ച പരിശോധന മുറികൾ തുടങ്ങിയ എല്ലാ സൗകര്യങ്ങളും ഡിസ്പെൻസറിയിലുണ്ട്. വൈകിട്ട് മൂന്നിന് കളരിപ്പയറ്റ്, വിവിധ കലാ സാംസ്ക്കാരിക രൂപങ്ങൾ എന്നിവയോടെ സാംസ്കാരിക ഘോഷയാത്ര, പൊതുസമ്മേളനം, ആറിന് ഇശൽ സന്ധ്യ എന്നിവയും ഒരുക്കിയിട്ടുണ്ട്. ഫാർമസി ഉദ്ഘാടനം പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എയും വെയിറ്റിങ് ഹാൾ ഉദ്ഘാടനം പി. ഉബൈദുല്ല എം.എൽ.എയും നിർവഹിക്കും. നഗരസഭ ചെയർമാൻ മുജീബ് കാടേരി അധ്യക്ഷത വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.