മലപ്പുറം: നിലമ്പൂർ-കോട്ടയം എക്സ്പ്രസിന്റെ കോച്ചുകൾ 22 ആയി വർധിപ്പിക്കണമെന്ന് ഷൊർണൂർ-നിലമ്പൂർ റൂട്ടിലെ യാത്രക്കാരുടെ ദീർഘകാല ആവശ്യം അങ്ങാടിപ്പുറം, നിലമ്പൂർ റോഡ് പ്ലാറ്റ്ഫോം വികസന പദ്ധതി പൂർത്തിയാകുന്നതോടെ പരിശോധിക്കാമെന്ന് ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർ.എൻ. സിങ്, പി.പി. സുനീർ എം.പിക്ക് ഉറപ്പുനൽകി. പാലക്കാട്-നിലമ്പൂർ, നിലമ്പൂർ-പാലക്കാട് പാസഞ്ചറുകൾ മെമു ട്രെയിനുകളാക്കണമെന്ന ആവശ്യവും ദക്ഷിണ റെയിൽവേക്ക് കൂടുതൽ മെമു റെയ്ക്കുകൾ ലഭിക്കുമ്പോൾ പരിഗണിക്കാമെന്നും നിലമ്പൂർ റെയിൽവേ സ്റ്റേഷനിൽ ഡോർമിറ്ററി സൗകര്യം ഏർപ്പെടുത്തുന്നതിന് വിപുലമായി പരസ്യം നൽകി പുതിയ ടെൻഡർ വിളിക്കുന്നതിന് നടപടികൾ സ്വീകരിക്കാമെന്നും മാനേജർ, പി.പി. സുനീർ എം.പിക്ക് അയച്ച കത്തിൽ വ്യക്തമാക്കി.
പാർസൽ ബുക്കിങ് അവസാനിപ്പിച്ച സമയത്ത് നിലമ്പൂരിൽനിന്ന് ആ ഇനത്തിലെ പ്രതിദിന വരുമാനം വെറും 1020 രൂപയായിരുന്നുവെന്നും പാർസൽ സൗകര്യം ഏർപ്പെടുത്തുന്നതിന് വരുന്ന ചെലവ് വർധിച്ചതുകൊണ്ടാണ് നിലമ്പൂരിലെ പാർസൽ സൗകര്യം ഒഴിവാക്കേണ്ടിവന്നതെന്നും നിലമ്പൂരിലെ ലഗേജ് ബുക്കിങ് തുടരുന്നതാണെന്നും മാനേജർ എം.പിയെ അറിയിച്ചു. ഷൊർണൂർ-നിലമ്പൂർ പാതയുടെ നൂറാം വാർഷികം പ്രമാണിച്ച് കൂടുതൽ ട്രെയിനുകൾ ഈ റൂട്ടിൽ അനുവദിക്കണമെന്നും യാത്രക്കാർക്ക് റെയിൽവേ സ്റ്റേഷനുകളിൽ കൂടുതൽ സൗകര്യം ഏർപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് പി.പി. സുനീർ എം.പി ജൂൺ എട്ടിന് ജനറൽ മാനേജർക്കയച്ച കത്തിനുള്ള മറുപടിയിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.