പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ച് നാടുവിട്ട യുവതിയും കാമുകനും പിടിയിൽ

മഞ്ചേരി: പിഞ്ചുകുഞ്ഞിനെ തൊട്ടിലിൽ ഉറക്കിക്കിടത്തി കാമുകനോടൊപ്പം പോയ യുവതിയും കാമുകനും പൊലീസ് പിടിയിൽ. പുൽപറ്റ സ്വദേശിയായ 27കാരിയെയും മംഗലശ്ശേരി സ്വദേശിയായ 29കാരനെയുമാണ് മഞ്ചേരി പൊലീസ് ചെന്നൈയിലെ ആണ്ടാൾ നഗർ ഗ്രാമത്തിൽ നിന്ന് പിടികൂടിയത്.

ഒന്നരമാസം മുമ്പാണ് ഒന്നരവയസ്സുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് യുവതി നാടുവിട്ടത്. വീട്ടുകാര്‍ മഞ്ചേരി പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇരുവരും ചെന്നൈയിലുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് വീട്ടുകാര്‍ ഇടപെട്ട് നാട്ടിലെത്തിക്കാന്‍ ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല.

ഇതിനിടെ വിദേശത്തുനിന്ന് എത്തിയ യുവതിയുടെ ഭര്‍ത്താവ് കുട്ടികളുടെ സംരക്ഷണം ഏറ്റെടുത്തു. നേരത്തേ ഇരു കുടുംബങ്ങളും മഞ്ചേരിയിലെ ഫ്ലാറ്റില്‍ താമസിച്ചിരുന്നു. ഇവിടെനിന്നാണ് യുവാവുമായി പരിചയപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. പിഞ്ചുകുഞ്ഞുങ്ങളുടെ സംരക്ഷണച്ചുമതല നിറവേറ്റാത്തതിനാണ് കേസ്. കോടതിയില്‍ ഹാജറാക്കിയ ഇരുവരെയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

പൊലീസ് പിന്തുടരുന്നുണ്ടെന്ന് മനസ്സിലാക്കിയപ്പോൾ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു. യുവതി സുഹൃത്ത്‌ വഴി സംഘടിപ്പിച്ച മൊബൈല്‍ ഫോണിലൂടെ സമൂഹ മാധ്യമങ്ങളില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് പൊലീസിനെ വഴിതെറ്റിക്കാനും ശ്രമം നടത്തിയിരുന്നു. ഇതിനിടെ ആവടി ജില്ലയിലെ വീരപുരം ആണ്ടാള്‍നഗര്‍ ഗ്രാമത്തിലെ എ.ടി.എം കൗണ്ടറില്‍നിന്ന് പലതവണ പണം പിന്‍വലിച്ചതായി കണ്ടെത്തിയതോടെയാണ് കേസിന് വഴിത്തിരിവായത്. തുടര്‍ന്ന് ഗ്രാമത്തിലെ 500 വീടുകളും, സി.സി.ടി.വി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചതോടെയാണ് ഇവരെ കണ്ടെത്തിയത്.

മഞ്ചേരി സി.ഐ സി. അലവി, എസ്‌.ഐ ബഷീര്‍, എ.എസ്‌.ഐ കൃഷ്ണദാസ്, പ്രത്യേക അന്വേഷണസംഘാംങ്ങളായ അനീഷ് ചാക്കോ, ഐ.കെ. ദിനേഷ്, പി. മുഹമ്മദ് സലീം എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷണം നടത്തുന്നത്.

Tags:    
News Summary - Woman and boyfriend arrested for leaving Child Behind

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.