മഞ്ചേരി: രണ്ടായിരത്തിലധികം ഓട്ടോകൾ സർവിസ് നടത്തുന്ന മഞ്ചേരിയിൽ വീണ്ടും ഓട്ടോ പെർമിറ്റിന് നീക്കം. പെർമിറ്റ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ചിലർ കോടതിയെ സമീപിച്ചതോടെ കോടതി നഗരസഭയോട് വിശദീകരണം തേടി. നഗരത്തിൽ മാത്രം 1327 ഓട്ടോകൾക്കു പെർമിറ്റുണ്ടെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ കണക്ക്. എന്നാൽ, 1500ലധികം പെർമിറ്റുകൾ നഗരത്തിലുണ്ടെന്നാണ് തൊഴിലാളി സംഘടനകൾ പറയുന്നത്. പയ്യനാട്, നെല്ലിക്കുത്ത്, മുട്ടിപ്പാലം തുടങ്ങി നഗരത്തോടുള്ള ചേർന്ന പ്രദേശങ്ങളിലെ ഓട്ടോകളും നഗരത്തിൽ സർവിസ് നടത്തുന്നു. ഇതുകൂടി കണക്കിലെടുത്താൽ 2000 കവിയും. നിലവിൽ പെർമിറ്റുള്ള വാഹനങ്ങൾക്ക് പോലും മതിയായ പാർക്കിങ് സൗകര്യമില്ല. നഗരത്തിലെ പ്രധാന റോഡിൽ രണ്ട് വരിയായാണ് ഓട്ടോകൾ പാർക്ക് ചെയ്യുന്നത്. പുതുതായി പെർമിറ്റ് നൽകേണ്ടെന്ന് കഴിഞ്ഞദിവസം ചേർന്ന ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി തീരുമാനിച്ചിരുന്നു.
നിലവിലുള്ള പാർക്കിങ് കാൽനടയാത്രക്കാർക്കും ഗതാഗതത്തിനും പ്രയാസം സൃഷ്ടിക്കുന്നതായും യോഗം വിലയിരുത്തി. ഈ സാഹചര്യത്തിലാണ് പുതിയ പെർമിറ്റ് അനുവദിക്കേണ്ടെന്ന് യോഗം തീരുമാനിച്ചത്. ഇക്കാര്യം ഹൈകോടതിയെയും അറിയിക്കാനും ഭാവിയിൽ സ്ഥലം ലഭ്യമാകുന്ന മുറക്ക് പെർമിറ്റ് നൽകുന്ന കാര്യം പരിഗണിക്കാമെന്നും യോഗം തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.