മഞ്ചേരി നഗരസഭയിൽ നടന്ന ചാർജ് തല സെൻസസ് പരിശീലന പരിപാടിയിൽ നിന്ന്
മഞ്ചേരി: ഭാരത സെൻസസ് 2027-ന്‍റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി മഞ്ചേരി നഗരസഭയിൽ ഉദ്യോഗസ്ഥർക്കായി ചാർജ്ജ് തല പരിശീലന പരിപാടി സംഘടിപ്പിച്ചു. സെൻസസ് നടപടികൾ കൃത്യതയോടെയും സമയബന്ധിതമായും പൂർത്തിയാക്കുന്നതിനാവശ്യമായ വിവിധ നിർദേശങ്ങളും സാങ്കേതിക പരിശീലനവുമാണ് ഉദ്യോഗസ്ഥർക്ക് നൽകിയത്.
വരാനിരിക്കുന്ന സെൻസസ് പ്രവർത്തനങ്ങൾ കുറ്റമറ്റ രീതിയിൽ പൂർത്തിയാക്കുന്നതിനായി ഡിജിറ്റൽ സംവിധാനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകി. ഫീൽഡ് തലത്തിൽ വിവരശേഖരണം നടത്തുമ്പോൾ പ്രത്യേകമായി ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഇതിന്റെ സാങ്കേതിക വശങ്ങളും ചടങ്ങിൽ വിശദീകരിച്ചു.
നഗരസഭാ പരിധിയിൽ ആകെ 156 ഹൗസ് ലിസ്റ്റിങ് ബ്ലോക്കുകളാണുള്ളത് (എച്ച്.എൽ.ബി). ആറ് എച്ച്.എൽ.ബികൾക്ക് ഒരു സൂപ്പർവൈസർ എന്ന ക്രമത്തിൽ 26 സൂപ്പർവൈസർമാരെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. റിസർവ് എന്യൂമെറേറ്റർമാരും സൂപ്പർവൈസർമാരും ഉൾപ്പെടെ 200 പേർക്കാണ് പരിശീലനം നൽകുന്നത്. 40 മുതൽ 50 വരെ പേരടങ്ങുന്ന ബാച്ചുകളായി തിരിച്ച് മൂന്ന് ദിവസങ്ങളിലായാണ് ക്ലാസുകൾ. നഗരസഭാ കൗൺസിൽ ഹാളിൽ നടക്കുന്ന പരിശീലന പരിപാടി ഈ മാസം 22 വരെ തുടരും.
ചാർജ്ജ് സെൻസസ് ഓഫീസർ വൈ.പി. മുഹമ്മദ് അഷ്റഫ്, അഡീഷണൽ ചാർജ്ജ് സെൻസസ് ഓഫീസർ പി. നന്ദകുമാർ, സെൻസസ് ക്ലർക്ക് പി.എ. അഫ്സൽ, ടെക്നിക്കൽ അസിസ്റ്റൻറ് ടി.എ. സഞ്ജു, പി. നജീബ്, ചാർജ്ജ് ട്രെയിനർമാരായ ഷാജഹാൻ, മുബസീന എന്നിവർ സംസാരിച്ചു. വിവിധ സെൻസസ് ഉദ്യോഗസ്ഥരും പരിപാടിയിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.