സന്തോഷ് ട്രോഫി: പയ്യനാട്ട് ഒരുക്കം പയ്യപ്പയ്യെ

മഞ്ചേരി: 75ാമത് സന്തോഷ് ട്രോഫി മത്സരങ്ങളുടെ പ്രധാന വേദിയായ മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ ഒരുക്കങ്ങൾ ഇനിയും ബാക്കി. മത്സരങ്ങൾക്ക് മുന്നോടിയായി പ്രവൃത്തികൾ മുഴുവനും പൂർത്തിയാക്കാനാണ് അധികൃതരുടെ ശ്രമം. ഏപ്രിൽ 16നാണ് മത്സരങ്ങൾ ആരംഭിക്കുക. മൈതാനത്തിലെ കള പറിക്കുന്ന പ്രവൃത്തി മാത്രമാണ് നിലവിൽ നടക്കുന്നത്. ഇത് മത്സരങ്ങൾ തുടങ്ങുന്നതിന്‍റെ തലേദിവസം വരെ തുടരും. ആഴ്ചയിൽ ഒരു ദിവസം യന്ത്രം ഉപയോഗിച്ചും പുല്ലുവെട്ടുന്നുണ്ട്.

സുരക്ഷക്കായി ഫെൻസിങ്

സ്റ്റേഡിയത്തിന്‍റെ സുരക്ഷക്കായുള്ള ഫെൻസിങ് സ്ഥാപിക്കുന്ന പ്രവൃത്തി ബാക്കിയാണ്. ഇതിനുള്ള കമ്പികൾ എത്തിയിട്ടില്ല. വി.ഐ.പി ഗാലറിയിൽ കസേരകൾ സ്ഥാപിക്കുന്ന പ്രവൃത്തിയും ബാക്കിയാണ്. ഇവിടെ ഗാലറി കോൺക്രീറ്റ് ചെയ്ത് ഉയരം കൂട്ടിയിരുന്നു. 1000 കസേരകൾ ഇടാനുള്ള സൗകര്യം ഇവിടെയുണ്ടാകും. കൂടാതെ സ്റ്റേഡിയം മുഴുവനായും പെയിന്‍റ് അടിക്കാനുമുണ്ട്. നേരത്തേ കാണികൾക്കുള്ള ഇരിപ്പിടങ്ങൾ വൈറ്റ്വാഷ് ചെയ്തിരുന്നു. കളിക്കാര്‍ക്കും റഫറിമാര്‍ക്കും മറ്റു ഒഫിഷ്യലുകള്‍ക്കുമുള്ള റൂമുകളുടെയും ശുചിമുറികളുടെയും പെയിന്‍റിങ് പൂർത്തിയായി.

കാണികളെയും കളിക്കാരെയും വരവേൽക്കാൻ സ്റ്റേഡിയത്തിന് ചുറ്റും അലങ്കാരച്ചെടികളും ഒരുക്കിയിട്ടുണ്ട്. ടൂർണമെന്‍റ് നടക്കുമ്പോൾ സ്റ്റേഡിയത്തിന്‍റെ പശ്ചാത്തലത്തിൽ സെൽഫി എടുക്കുന്നവരെയും പുൽത്തകിടിയിൽ സമയം ചെലവഴിക്കുന്നവരെയും ആകർഷിക്കാനാണ് പദ്ധതി. അഞ്ഞൂറോളം ചെടികളാണ് വളർത്തിയത്.

ലൈറ്റുകളുടെ തീവ്രത വർധിപ്പിക്കും

സ്റ്റേഡിയത്തിൽ സ്ഥിരം വെളിച്ച സംവിധാനം ഇല്ലാതിരുന്നതോടെ ഒട്ടേറെ മത്സരങ്ങൾ നഷ്ടമായിരുന്നു. ഇതോടെ 2020ലാണ് നാല് കോടി രൂപ ചെലവഴിച്ച് ഫ്ലഡ്ലൈറ്റ് സ്ഥാപിച്ചത്. ഇതിന്‍റെ പ്രകാശ തീവ്രത വർധിപ്പിക്കാൻ 80 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. 1200 ലെക്സസ് ലൈറ്റ് 2000 ആയാണ് ഉയർത്തുന്നത്. ലൈറ്റുകൾ റഷ്യയിൽനിന്നാണ് എത്താനുള്ളത്. നാല് ടവറുകളിലായി ഏകദേശം 84 ലൈറ്റുകളാണ് സ്ഥാപിക്കുന്നത്. മികച്ച വെളിച്ച സംവിധാനം ഒരുങ്ങുന്നതോടെ പയ്യനാട് സ്റ്റേഡിയത്തിൽ രാത്രി എട്ട് മുതലാണ് മത്സരങ്ങൾ നടക്കുക. കേരളം അടങ്ങുന്ന ബി ഗ്രൂപ്പിലെ മത്സരങ്ങളും സെമി, ഫൈനൽ മത്സരങ്ങളും പയ്യനാട്ട് നടക്കും. 

Tags:    
News Summary - Santosh Trophy: Payyanad preparation is slow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.