പുല്ലാര മൂച്ചിക്കലിൽ അപകടത്തിൽപെട്ട ബസുകൾ
മഞ്ചേരി: പുല്ലാര മൂച്ചിക്കലിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം. 20ഓളം പേർക്ക് പരിക്കേറ്റു. പന്തല്ലൂർ കടമ്പോട് ദാവൂദ് ഹക്കീം (39), മകൻ മുഹമ്മദ് അജ്മൽ (ഏഴ്), തിരുവാലി ആദിത്യ (21), മഞ്ചേരി ചെറാക്കര റോഡിൽ മനു പ്രതാപ് (24), പുൽപറ്റ ഫാത്തിമ സുഫ്ന (17), മരത്താണി അഫ്താഹ് (18), വട്ടപ്പാറ ശ്രീലക്ഷ്മി (18), വീമ്പൂർ ഫാത്തിമ റിൻഷ (17), ഫാത്തിമ ഫിദ, ആതിര (24), ഷഹനാസ് (16), ലത, റിഷാദ്, നദ (17) എന്നിവർ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി.
വെള്ളിയാഴ്ച രാവിലെ 8.45ന് മൂച്ചിക്കൽ പള്ളിക്ക് സമീപമാണ് അപകടം. മഞ്ചേരിയിൽനിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ബസുകളാണ് അപകടത്തിൽപെട്ടത്. നിയന്ത്രണംവിട്ട ഒരു ബസിന്റെ പിന്നിൽ മറ്റൊരു ബസ് ഇടിച്ചാണ് അപകടം. രാവിലെയായതിനാൽ സ്കൂൾ കുട്ടികൾ ഉൾപ്പെടെ നിറയെ യാത്രക്കാരാണ് രണ്ട് ബസുകളിലും ഉണ്ടായിരുന്നത്. ബസുകൾ കൂട്ടിയിടിച്ചതോടെ ബസിൽ വീണും കമ്പിയിൽ തലയിടിച്ചുമാണ് യാത്രക്കാർക്ക് പരിക്കേറ്റത്. വിവിധ സ്കൂളുകളിലേക്ക് പോവുകയായിരുന്ന വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർക്കാണ് പരിക്കേറ്റത്. ഇവരെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മൂച്ചിക്കലിൽ പ്രവർത്തിച്ചിരുന്ന ഇവനിങ് കഫേയും ബസുകൾ ഇടിച്ച് തകർന്നു. കോഴിക്കോട് റോഡിൽ ബസുകളുടെ അമിത വേഗത അപകടത്തിനിടയാക്കുന്നുണ്ടെന്ന പരാതി വ്യാപകമാണ്. ഈ മാസം ഒമ്പതിന് വീമ്പൂർ മുട്ടിപ്പടിയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് 10 പേർക്ക് പരിക്കേറ്റിരുന്നു. വേഗത നിയന്ത്രിക്കാൻ സ്പീഡ് ബ്രേക്കറുകൾ സ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.