മ​ഞ്ചേ​രി പ​യ്യ​നാ​ട് ആ​രം​ഭി​ച്ച വ​നി​ത സം​രം​ഭം ‘എ​സ് ത്രീ ​എ​ന്‍റ​ർ​പ്രൈ​സ​സി’​ന്‍റെ ഉ​ദ്ഘാ​ട​നം ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൻ വി.​എം. സു​ബൈ​ദ നി​ർ​വ​ഹി​ക്കു​ന്നു

സംരംഭകത്വത്തിൽ മഞ്ചേരി മാതൃക; ‘മിഷൻ 500’ അതിവേഗം മുന്നോട്ട്

മഞ്ചേരി: മഞ്ചേരിയുടെ വികസന കുതിപ്പിന് ഉണർവും ഊർജവും പകർന്ന് ‘മിഷൻ -500’പദ്ധതി. വ്യവയായ വകുപ്പിന്‍റെ ‘എന്‍റെ സംരംഭം നാടിന്‍റെ അഭിമാനം’പദ്ധതിയുടെ ഭാഗമായാണ് മഞ്ചേരിയിൽ ‘മിഷൻ -500’ആരംഭിച്ചത്. ഈ സാമ്പത്തിക വർഷത്തിൽ നഗരസഭ പരിധിയിൽ 500 പുതിയ സംരഭങ്ങൾ ആരംഭിക്കുകയായിരുന്നു ലക്ഷ്യം. ഇത് അതിവേഗം പൂർത്തിയാക്കി മുന്നോട്ടുപോവുകയാണ് നഗരസഭ.കഴിഞ്ഞ വർഷം ‘മിഷൻ -100’ആരംഭിച്ചിരുന്നു. ഇത് വിജയകരമായി പൂർത്തിയായതോടെയാണ് ചെയർപേഴ്സൻ വി.എം. സുബൈദയുടെ നേതൃത്വത്തിൽ വലിയ ദൗത്യം മുന്നോട്ടുവെച്ചത്. വ്യവസായ വകുപ്പ് ഓഫിസർ പി. സന്തോഷിന്‍റെ നേതൃത്വത്തിൽ ഒരു ടീമും ഇതിനൊപ്പം പ്രവർത്തിച്ചതോടെ ലക്ഷ്യം വിജയത്തോട് അടുക്കുകയാണ്.

വാട്സ് ആപ് ഗ്രൂപ്പിലൂടെ തുടക്കം

ആദ്യകാലത്ത് സംരംഭങ്ങൾ ആരംഭിക്കുക എന്നത് വലിയ വെല്ലുവിളിയായിരുന്നു. പലരും ആ വെല്ലുവിളി ഏറ്റെടുക്കാൻ മടിച്ചു. സംരഭങ്ങൾ ആരംഭിക്കാൻ താൽപര്യമുള്ളവരെ കണ്ടെത്തി വാട്സ് ഗ്രൂപ്പ് വഴിയാണ് പദ്ധതിയുടെ ആലോചന തുടങ്ങിയത്. പിന്നീട് ഇതിലേക്ക് അംഗങ്ങളെ ചേർത്തി വേണ്ട നിർദേശം നൽകി. പിന്നീട് ഘട്ടംഘട്ടമായി ഇവർക്ക് സംരംഭങ്ങൾ തുടങ്ങാനുള്ള സഹായങ്ങൾ നൽകി വരികയായിരുന്നു.

വാർഡ് തലങ്ങളിൽ സംരംഭകത്വ ബോധവത്കരണ ക്ലാസുകൾ നൽകി. താൽപര്യമുള്ളവരെ കണ്ടെത്തി പദ്ധതി രൂപീകരണം മുതൽ വായ്‌പ, സബ്‌സിഡി, ലൈസെൻസ് തുടങ്ങി വിവിധ സഹായങ്ങളും നൽകി.

നേരത്തെ സംരംഭങ്ങൾ തുടങ്ങി വിജയകരമായി മുന്നോട്ടുപോകുന്നവരുമായി അഭിമുഖം നടത്താനും അവസരം നൽകി. ബാങ്ക് പ്രതിനിധികളുമായി കൗൺസിൽ ഹാളിൽ വായ്പ എടുക്കുന്നത് സംബന്ധിച്ചുള്ള ക്ലാസ് നൽകി. അങ്ങനെ സ്ത്രീകളടക്കമുള്ള പുതിയ സംരംഭകർ മേഖലയിലേക്ക് കടന്നുവന്നു. ഇതിലൂടെ ഒട്ടേറെ പേർക്ക് തൊഴിൽ നൽകാനും സ്വയം പര്യാപ്തമാകാനും സാധിച്ചു.

സഹായവുമായി ഹെൽപ് ഡെസ്ക് 

പുതിയ സംരംഭങ്ങൾ ആരംഭിക്കാൻ എത്തുന്നവർക്കായി വേണ്ട സഹായങ്ങൾ നൽകാനായി നഗരസഭ ഓഫിസിൽ തന്നെ ഹെൽപ് ഡെസ്ക് ആരംഭിച്ചിരുന്നു. ആഴ്ചയിൽ മൂന്ന് ദിവസം മൂന്നുപേർ ഓഫിസിലുണ്ടാകും. 50 വാർഡുകളുള്ള നഗരസഭയിൽ വ്യവസായ ഇൻറേൺസിന് വിവിധ വാർഡുകൾ തിരിച്ചു നൽകിയാണ് ഹെൽപ് ഡെസ്ക് ആരംഭിച്ചത്. സംരഭകർക്കായി കെ. സ്വിഫ്റ്റ് ലൈസൻ, മനിനീകരണ നിയന്ത്രണ ബോർഡ് ലൈസൻസ് എന്നിവ എങ്ങനെ എടുക്കാമെന്നത് സംബന്ധിച്ചുള്ള വിവരങ്ങൾ ഹെൽപ് ഡെസ്കിലൂടെ കൈമാറി. പി. ആര്യ, അഭിജിത്ത്, സഗീർ എന്നിവരുടെ നേതൃത്വത്തിലാണ് ഹെൽപ് ഡെസ്ക് പ്രവർത്തിക്കുന്നത്.

നാളികേരത്തിൽനിന്ന് ഐസ്ക്രീം

വലിയതുംചെറിയതുമായ മുതൽ മുടക്കുള്ള സംരംഭങ്ങൾ ഇതിനകം ആരംഭിച്ചു. വെളിച്ചെണ്ണ മില്ല്, അച്ചാർ കമ്പനി, നവജാത ശിശുക്കൾക്ക് ആവശ്യമായ സാധനങ്ങൾ വിൽക്കുന്ന സംരംഭങ്ങളും തുടങ്ങി. പയ്യനാട് നാളികേരത്തിൽനിന്ന് ഐസ് ക്രീം, നാളികേരത്തിൽ വെള്ളം ഉപയോഗിച്ച് സോഫ്റ്റ് ഡ്രിങ്ക്സ് എന്നിവ ഉണ്ടാക്കുന്ന സ്ഥാപനം ഈ മാസം പ്രവർത്തനം ആരംഭിക്കും. ഭക്ഷ്യ സംസ്കരണ നിർമാണ യൂനിറ്റുകൾ, വസ്ത്ര നിർമാണ യൂനിറ്റുകൾ, കെട്ടിട നിർമാണ യൂനിറ്റുകൾ, സേവന മേഖലയിൽ നിരവധി സംരംഭങ്ങൾ എന്നിവ ആരംഭിച്ചു കഴിഞ്ഞു.

വനിതകളുടെചെറിയ സംരംഭങ്ങൾക് 75 ശതമാനം സബ്‌സിഡി, 10 ലക്ഷം വരെയുള്ളതിന് 40 ശതമാനം സബ്‌സിഡി, 50 ലക്ഷം വരെ 25 ശതമാനം സബ്‌സിഡി, രണ്ട് കോടി വരെ അഞ്ച് ശതമാനം പലിശ നിരക്കിൽ വായ്‌പ, ഇ.എസ്.എസ് പ്രകാരം മൂലധന നിക്ഷേപ വായ്‌പ, മറ്റു സർക്കാർസഹായങ്ങൾ എന്നിവ സംരംഭകർക് നൽകുന്നു. മഞ്ചേരിയിൽ പുതിയ നിരവധി ആളുകൾക്കു തൊഴിൽ ലഭ്യമാക്കുക, അത് വഴി പ്രാദേശിക സാമ്പത്തിക വികസനം ഉറപ്പു വരുത്തുക എന്നതാണ് നഗരസഭ ലക്ഷ്യമിടുന്നത്. ഈ ലക്ഷ്യത്തിനായി നഗരസഭ ഒറ്റക്കെട്ടായി പ്രവർത്തിച്ചു വരികയാണെന്ന് നഗരസഭ ചെയർപേഴ്സൻ വി.എം. സുബൈദ പറഞ്ഞു.

Tags:    
News Summary - Mission 500-Manjery Development

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.