മഞ്ചേരി: കോട്ടയം ഗവ. നഴ്സിങ് കോളജ് ഹോസ്റ്റലിൽ വിദ്യാർഥികൾ ക്രൂരമായ റാഗിങ്ങിന് ഇരയായ സാഹചര്യത്തിൽ മുൻകരുതൽ നടപടികളുമായി മഞ്ചേരി ഗവ. മെഡിക്കൽ കോളജ്. ഇതിന്റെ ഭാഗമായി അടുത്തദിവസം ആശുപത്രിയിൽ വിപുലമായ രീതിയിൽ യോഗം വിളിച്ചു ചേർക്കും.
കോളജ് ജീവനക്കാർ, നഴ്സിങ് കോളജ് ജീവനക്കാർ, വിദ്യാർഥി യൂനിയൻ പ്രതിനിധികൾ, പി.ടി.എ ഭാരവാഹികൾ, സുരക്ഷാ ജീവനക്കാർ എന്നിവരെ ഉൾപ്പെടുത്തിയാണ് യോഗം.
അക്രമ സംഭവങ്ങൾ നേരിട്ടിട്ടും വിദ്യാർഥികൾ പരാതിപ്പെടാൻ മടിക്കുന്ന സാഹചര്യം ഉണ്ടോ എന്നത് പരിശോധിക്കും. വിദ്യാർഥികൾക്ക് സമാധാനപരമായി പഠനം നടത്താനും ഹോസ്റ്റലിൽ താമസിക്കാനും ആവശ്യമായതെല്ലാം ഒരുക്കാനാണ് തീരുമാനം.
റാഗിങ് ഉൾപ്പെടെയുള്ള ക്രൂരതകൾ ഉണ്ടാകാതിരിക്കാൻ വിദ്യാർഥികൾക്കിടയിൽ തന്നെ പ്രത്യേക കമ്മിറ്റികൾ രൂപവത്കരിക്കുന്നത് ആലോചിക്കുന്നുണ്ട്.
ക്ലാസ് മുറിയിലെ സാഹചര്യങ്ങൾ മാത്രമാണ് അധ്യാപകർ നേരിട്ട് അറിയുന്നുള്ളൂ. ഹോസ്റ്റലിൽ വിദ്യാർഥികൾ തമ്മിൽ എന്തെങ്കിലും പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ടോയെന്നത് അന്വേഷിക്കും.
സുരക്ഷ ജീവനക്കാരും കൃത്യമായ നിരീക്ഷണം നടത്തും. വിദ്യാർഥികളിൽ നിന്നോ അധ്യാപകരിൽ നിന്നൊ അസ്വാഭാവികമായി വല്ലതും നേരിട്ടാൽ നേരിട്ട് പരാതി പറയാൻ മടിക്കുന്ന സാഹചര്യം ഒഴിവാക്കാൻ പരാതിപ്പെട്ടി സ്ഥാപിക്കും.
ഇതിൽ രഹസ്യമായി പരാതി അറിയിക്കാം. റാഗിങ്ങിനെതിരായ കാമ്പയിനുകളും ബോധവത്കരണവും വിദ്യാർഥികളുടെ നേതൃത്വത്തിൽ നടത്തും. കോളജ് യൂനിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇതുവരെ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. എസ്.എഫ്.ഐയും സ്വതന്ത്ര മുന്നണിയും തമ്മിലാണ് മത്സരം നടക്കാറുള്ളത്.
തെരഞ്ഞെടുപ്പ് സമയത്ത് പുറമേ നിന്നുള്ള രാഷ്ട്രീയ വിദ്യാർഥി സംഘടനകളുടെ ഇടപെടലുകൾ പൂർണമായി തടയണമെന്ന നിർദേശവും പി.ടി.എയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്.
ഇതെല്ലാം യോഗത്തിൽ ചർച്ച ചെയ്യും. പൂർണമായും സമാധാന അന്തരീക്ഷം നിലനിൽക്കുന്ന കാമ്പസ് അന്തരീക്ഷം ഉറപ്പുവരുത്താനാണ് മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നത്.
കോളജിൽ ഇതുവരെ വിദ്യാർഥികൾക്കിടയിൽ അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും സൗഹാർദ അന്തരീക്ഷം നിലനിൽക്കുന്നതായും പ്രിൻസിപ്പൽ ഡോ. കെ.കെ. അനിൽരാജ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.