യൂനിഫോം വിതരണത്തിൽ ക്രമക്കേട്: വടക്കാങ്ങര എ.എം.യു.പി.എസ് അധികൃതർക്ക് എതിരെ നടപടി വേണമെന്ന് രക്ഷിതാക്കൾ

മഞ്ചേരി: വടക്കാങ്ങര എ.എം.യു.പി സ്കൂളിൽ 2019 -20 അധ്യയന വർഷം സ്കൂൾ യൂനിഫോമിന് വിദ്യാർഥികൾക്ക് തയ്യൽക്കൂലി നൽകാതെ ക്രമക്കേട് നടത്തിയവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് മുൻ പി.ടി.എ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. രണ്ടു ജോടി യൂനിഫോമിനും തയ്യൽക്കൂലിക്കുമായി 600 രൂപ വീതമാണ് സർക്കാർ അനുവദിച്ചത്. എന്നാൽ, രണ്ട് ജോടി തുണി മാത്രമാണ് നൽകിയതെന്നും തയ്യൽക്കൂലി നൽകിയില്ലെന്നും അവർ ആരോപിച്ചു.

ഈ വർഷം ഏഴാം തരത്തിലെ 100 വിദ്യാർഥികൾക്ക് തുണിയും തയ്യൽക്കൂലിയും നൽകിയില്ല. 2021 -22 വർഷത്തിൽ കുട്ടികൾക്ക് യൂനിഫോമിനായി 400 രൂപയും തയ്യൽക്കൂലിക്ക് പകരം 200 രൂപയുടെ പി.ടി.എ ഫണ്ടിന്‍റെ രശീതിയും നൽകി. ധനസമാഹരണമായോ ഫീസായോ വിദ്യാർഥികളിൽനിന്ന് പണപ്പിരിവ് നടത്തരുതെന്ന ബാലാവകാശ കമീഷന്‍റെ ഉത്തരവ് നിലനിൽക്കെയായിരുന്നു ഇത്. ഇക്കാര്യം ചൂണ്ടിക്കാട്ടി രക്ഷിതാക്കൾ ഉപജില്ല വിദ്യാഭ്യാസ ഓഫിസർക്ക് പരാതി നൽകിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ മാർച്ച് 30ന് ഉപജില്ല വിദ്യാഭ്യാസ ഓഫിസർ സ്കൂളിലെത്തി അന്വേഷണം നടത്തിയിരുന്നു.

യൂനിഫോം വിതരണത്തിന് പാലിക്കേണ്ട നടപടിക്രമങ്ങൾ പാലിച്ചിട്ടില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തി. 2019 -20ൽ യൂനിഫോമിന് തയ്യൽക്കൂലിയടക്കം 600 രൂപ അനുവദിച്ചതിൽ തയ്യൽക്കൂലി 200 രൂപ വിദ്യാർഥികൾക്ക് നൽകിയില്ലെന്നാണ് കണ്ടെത്തിയത്. ഏഴാം ക്ലാസ് വിദ്യാർഥികൾക്ക് യൂനിഫോം വിതരണം ചെയ്തതിനുള്ള അക്വിറ്റൻസ് ഹാജറാക്കിയിട്ടില്ലെന്നും കണ്ടെത്തി. അഴിമതിക്കാരായ സ്കൂൾ അധികൃതർക്കെതിരെ നടപടി വേണമെന്ന് മുൻ പി.ടി.എ ഭാരവാഹികൾ ആവശ്യപ്പെട്ടു. വാർത്തസമ്മേളനത്തിൽ മുൻ പി.ടി.എ പ്രസിഡന്‍റ് പി. സന്തോഷ് കുമാർ, വൈസ് പ്രസിഡന്‍റ് അബ്ദുൽ ജലീൽ പുതുപ്പറമ്പിൽ, എക്സിക്യൂട്ടിവ് അംഗം വി.പി. അബ്ദുല്ല എന്നിവർ പങ്കെടുത്തു.

Tags:    
News Summary - Irregularities in uniform distribution

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.