മഞ്ചേരി: പന്തലൂരിന്റെ കല-സാംസ്കാരിക സംഗമം ‘ഗ്രാമരാവ് -2025’ന് ഒരുക്കമായി. ഗ്രാമത്തിലെ കല-സാഹിത്യ-സാംസ്കാരിക മേഖലയിലെ എല്ലാ വിഭാഗം പ്രതിഭകളുടെയും സാന്നിധ്യം ഉറപ്പാക്കുന്ന ദ്വിദിന സംഗമം ഏപ്രിൽ 27, മേയ് ഒന്ന് തീയതികളിൽ പന്തലൂർ ജി.എൽ.പി സ്കൂളിൽ നടക്കും. സഫ്ദർ ഹശ്മി കൾച്ചറൽ സെന്റർ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് ആണ് സംഘാടകർ.
പന്തലൂരിലെ ചിത്രകാരന്മാരും ചിത്രകാരികളും ഒത്തുചേർന്ന് ചിത്രങ്ങൾ വരക്കുന്ന ‘വർണക്കൂട്ട്’ 27ന് രാവിലെ 10ന് ആർട്ടിസ്റ്റ് ഷബീബ മലപ്പുറം ഉദ്ഘാടനം ചെയ്യും. വരച്ച ചിത്രങ്ങളുടെ പ്രദർശനവും നടക്കും. മികച്ച ചിത്രത്തിന് ‘സഫ്ദർ ഹശ്മി-ഗ്രാമരാവ് 2025’ പുരസ്കാരം നൽകും.
രാവിലെ 11 മുതൽ ‘ചൊല്ലും പറച്ചിലും’ എഴുത്തുകാരുടെ സംഗമം മറ്റൊരു വേദിയിൽ നടക്കും. എഴുത്തുകാർ പി.എ. നാസിമുദ്ദീൻ, മൈത്രേയി, പി.ടി. മണികണ്ഠൻ, എം. കുഞ്ഞാപ്പ എന്നിവർ ക്യാമ്പ് നയിക്കും. മികച്ച കഥക്കും കവിതക്കും പുരസ്കാരം നൽകും.
വൈകീട്ട് നാലിന് 70 വയസ്സിന് മുകളിലുള്ള 70 പേരെ ആദരിക്കുന്ന ‘സൊറക്കൂട്ടം 70@70’ നടക്കും. മുൻ മന്ത്രി ടി.കെ. ഹംസ ഉദ്ഘാടനം ചെയ്യും. ചോദ്യങ്ങളും പറച്ചിലും പി.വി. അജയസിംഹൻ നിയന്ത്രിക്കും. വൈകീട്ട് ഗ്രാമരാവിന്റെ കൊടിയേറ്റം നടക്കും.
മേയ് ഒന്നിന് രാവിലെ 10ന് എട്ട് മുതൽ 17 വയസ്സ് വരെയുള്ള കുട്ടികളുടെ ഒത്തുചേരൽ ‘കുട്ടിക്കൂട്ടം’ ആരംഭിക്കും. കുട്ടികളിലെ സർഗശേഷിയും പഠനോത്സുകതയും വർധിപ്പിക്കുക ലക്ഷ്യമിടുന്ന പരിശീലന ക്യാമ്പ് എഴുത്തുകാരനും സിനിമാപ്രവർത്തകനുമായ എം. കുഞ്ഞാപ്പ നയിക്കും.
2025ലെ ലളിതകല അക്കാദമി അവാർഡ് നേടിയ റിഞ്ജു വെള്ളില, ചിത്രകാരി ഷബീബ മലപ്പുറം, മുഖ്താർ ഉദരംപോയിൽ എന്നിവരുടെ പെയ്ന്റിങ്ങുകളും പന്തലൂരിലെ കലാകാരന്മാരുടെയും ചിത്രകാരികളുടെയും ചിത്രങ്ങളും പ്രദർശിപ്പിക്കും. കുടുംബശ്രീ ഉൾപ്പെടെ വിവിധ സ്റ്റാളുകളുമുണ്ടാവും. വൈകീട്ട് നാലിന് നാടൻ കലാമേള ആരംഭിക്കും. ചവിട്ടുകളി, കോൽക്കളി, കൈകൊട്ടിക്കളി എന്നിവ അരങ്ങേറും. 5.30ന് സ്റ്റേജ് കലാപരിപാടികൾ തുടങ്ങും.
രാത്രി ഏഴിന് നടക്കുന്ന സാംസ്കാരിക സമ്മേളനം ഗായകൻ ഫിറോസ്ബാബു ഉദ്ഘാടനം ചെയ്യും. സിനിമ, സീരിയൽ താരം ഗായത്രി വർഷ മുഖ്യാതിഥിയാവും. തച്ചിങ്ങനാടം നവചേതന അവതരിപ്പിക്കുന്ന നാടൻപാട്ട് അരങ്ങേറും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.