ഫൈസൽ
തിരൂരങ്ങാടി: കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ മൂന്നു ദിവസത്തെ വിചാരണ മാറ്റി. തിരൂര്‍ സബ്ജില്ല കോടതിയിലാണ് വിചാരണ നടപടികള്‍ പുരോഗമിക്കുന്നത്. തിങ്കളാഴ്ച മുതലാണ് സാക്ഷി വിസ്താരം തുടങ്ങിയത്. കൃത്യം നേരിട്ടുകണ്ട സാക്ഷി പ്രധാന പ്രതിയെ തിരിച്ചറിഞ്ഞതായാണ് വിവരം.
ഒന്നാം പ്രതി തിരൂര്‍ മംഗലം പുല്ലാണി കരാട്ട് കടവ് സ്വദേശി കണക്കല്‍ പ്രജീഷ് എന്ന ബാബുവിനെയാണ് (30) സാക്ഷി തിരിച്ചറിഞ്ഞത്. ഫൈസലിനെ കുത്തിയത് ഇയാളാണെന്നാണ് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നത്.
ഇസ്ലാം മതം സ്വീകരിച്ചതിനാണ് 2016 നവംബര്‍ 19ന് പുലർച്ച 5.03ന് കൊടിഞ്ഞി ഫാറൂഖ് നഗറില്‍ പുല്ലാണി ഫൈസല്‍ കൊല്ലപ്പെട്ടത്. പ്രജീഷിന്റെ നേതൃത്വത്തില്‍ രണ്ടു ബൈക്കുകളിലായെത്തിയ നാലംഗ സംഘമാണ് വെട്ടിവീഴ്ത്തിയത്. കേസില്‍ ആര്.എസ്.എസ് പ്രവര്‍ത്തകരായ 16 പേരെയാണ് പിടികൂടിയത്.
ഒന്നാം പ്രതി തിരൂര്‍ മംഗലം പുല്ലാണി കരാട്ട് കടവ് സ്വദേശി കണക്കല്‍ പ്രജീഷ് എന്ന ബാബു (30), രണ്ടാം പ്രതി തിരൂര്‍ ആലത്തിയൂര്‍ കുട്ടിച്ചാത്തന് കാവില്‍ കുണ്ടില്‍ പോയിലശ്ശേരി ബാബുവിന്റെ മകന് ബിബിന്‍ (23), മൂന്നാം പ്രതി വള്ളിക്കുന്ന് അത്താണിക്കല്‍ മുണ്ടിയേങ്കാവ് പറമ്പ് സ്വദേശി പല്ലാട്ട് ശ്രീജേഷ് എന്ന അപ്പു (26), നാലാം പ്രതി നന്നമ്പ്ര വെള്ളിയാമ്പുറം ചൂലന്‍കുന്ന് സ്വദേശിയും തിരൂര്‍ പുല്ലൂണി താമസക്കാരനുമായ തടത്തില്‍ സുധീഷ് കുമാര്‍ എന്ന കുട്ടാപ്പു (25), അഞ്ചാം പ്രതി തിരൂര്‍ തൃക്കണ്ടിയൂര്‍ സ്വദേശി മഠത്തില്‍ നാരായണന് (68), മുഖ്യ സൂത്രധാരന്മാരില് ഒരാളായ ആറാം പ്രതി കൊടിഞ്ഞി ചുള്ളിക്കുന്ന് സ്വദേശി പുളിക്കല്‍ ഹരിദാസന് (30), ഏഴാം പ്രതി നന്നമ്പ്രയിലെ കളത്തില്‍ പ്രദീപ് എന്ന കുട്ടന് (32), എട്ടാം പ്രതി ഷാജി (39), ഒമ്പതാം പ്രതി ചാനത്ത് സുനില്‍ (39), പത്താം പ്രതിയും ഫൈസലിന്റെ മാതൃസഹോദരപുത്രനും അയല്‍വാസിയുമായ കൊടിഞ്ഞി ഫാറൂഖ് നഗര്‍ സ്വദേശി പുല്ലാണി സജീഷ് (32), ഫൈസലിന്റെ സഹോദരീഭര്‍ത്താവും അമ്മാവന്റെ മകനും നന്നമ്പ്ര തട്ടത്തലം സ്വദേശിയുമായ പുല്ലാണി വിനോദ് (39), പരപ്പനങ്ങാടി സ്വദേശിയും വിമുക്തഭടനുമായ കോട്ടയില്‍ ജയപ്രകാശ് (50), വിശ്വഹിന്ദു പരിഷത്ത് തിരൂരങ്ങാടി താലൂക്ക് സെക്രട്ടറിയായിരുന്ന വള്ളിക്കുന്ന് അത്താണിക്കല്‍ സ്വദേശി കോട്ടാശ്ശേരി ജയകുമാര്‍ (48), പാലത്തിങ്ങല്‍ പള്ളിപ്പടി സ്വദേശി തയ്യില്‍ ലിജീഷ് എന്ന ലിജു (27), പ്രതികളെ ഒളിവില്‍ താമസിക്കാന്‍ സഹായിച്ച തിരൂര്‍ ആലത്തിയൂര്‍ സ്വദേശി എടക്കാപറമ്പില്‍ രതീഷ് (26), ആയുധം സൂക്ഷിച്ച തിരൂര്‍ കോഴിശ്ശേരി തൃപ്പങ്കോട് സ്വദേശി പുതുശ്ശേരി വീട്ടില്‍ വിഷ്ണു പ്രകാശ് (27) എന്നിവരാണ് പിടിയിലായത്.
ഇവരെല്ലാം കോടതിയിലെത്തിയിരുന്നു. ഒരേപോലെയുള്ള വസ്ത്രം ധരിച്ച 15 പേരില്‍നിന്നാണ് പ്രജീഷിനെ സാക്ഷി തിരിച്ചറിഞ്ഞത്. രണ്ടാം പ്രതി ബിപിന്‍ 2017 ആഗസ്റ്റ് 29ന് കൊല്ലപ്പെട്ടതിനാല്‍ പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.