കാളികാവ്: ചോക്കാട് ചിങ്കക്കല്ല് കോളനിയിൽ ആദിവാസികളുടെ സമഗ്ര വികസനം ലക്ഷ്യമാക്കി പ്രധാനമന്ത്രിയുടെ പി.എം ജൻമാൻ പദ്ധതിയുടെ ഭാഗമായി സർവേ ആരംഭിച്ചു. വീട്, കുടിവെള്ളം, റോഡ് തുടങ്ങി പത്തോളം പദ്ധതികളാണ് നടപ്പാക്കുന്നത്. 60 ശതമാനം കേന്ദ്ര വിഹിതവും 40 ശതമാനം സംസ്ഥാന വിഹിതവും ഇതിനായി ചെലവഴിക്കും. ഇതിന്റെ ഭാഗമായാണ് ചിങ്കക്കല്ല് കോളനിയിൽ വിവരശേഖരണവും സർവേയും നടന്നത്.
കാളികാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. തങ്കമ്മു സർവേ ഉദ്ഘാടനം ചെയ്തു. ഭവന നിർമാണം, മെച്ചപ്പെട്ട ആരോഗ്യം, കുടിവെള്ളം, റോഡ് വികസനം, വൈദ്യുതി, മൊബൈൽ കണക്ടിവിറ്റി, പോഷകാഹാരം ലഭ്യമാക്കൽ, സുസ്ഥിര ഉപജീവന മാർഗങ്ങൾ എന്നീ പദ്ധതികളാണ് നടപ്പാക്കുന്നത്.
പൊതുമരാമത്ത് വകുപ്പ്, വാട്ടർ അതോറിറ്റി, കെ.എസ്.ഇ.ബി തുടങ്ങി പത്തോളം വകുപ്പുകൾ ഇതിന്റെ ഭാഗമായി സർവേകൾ തുടങ്ങിയിട്ടുണ്ട്. ജനുവരി പകുതിയോടെ പദ്ധതികൾ നടപ്പാക്കാനാവശ്യമായ സർവേ നടപടികളാണ് ആരംഭിച്ചത്.
ചോക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.പി. സിറാജുദ്ദീൻ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സി.വി. ശ്രീകുമാർ, ദാരിദ്ര്യ ലഘൂകരണ വിഭാഗം ജില്ല ഹെഡ് ക്ലർക്ക് ടി. കുഞ്ഞീതുകുട്ടി എന്നിവരും സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.