പുല്ലിപ്പറമ്പുകാർക്ക് യാത്രാദുരിതം: ആറ് ബസ് സർവിസ് നടത്തിയിരുന്ന ഇവിടെ ഇപ്പോൾ ഒന്ന് മാത്രമാണുള്ളത്

ചേലേമ്പ്ര: ഗ്രാമപഞ്ചായത്തലെ പുല്ലിപ്പറമ്പിൽ അടിസ്ഥാനസൗകര്യങ്ങളും ഗതാഗതവികസനവും വർധിച്ചിട്ടും യാത്രചെയ്യാൻ ബസുകൾ ഇല്ലാത്ത പ്രയാസത്തിൽ നാട്ടുകാർ. ആറ് ബസ് സർവിസ് നടത്തിയിരുന്ന പുല്ലിപ്പറമ്പിൽ ഇപ്പോൾ സമയക്രമം പാലിച്ച് ഒന്ന് മാത്രമാണ് സർവിസ് നടത്തുന്നത്.

മറ്റൊന്ന് രാവിലെയുള്ള ട്രിപ് മാത്രമായി ചുരുങ്ങിയതായി നാട്ടുകാർ പറഞ്ഞു. 20 വർഷം മുമ്പാണ് ഈ റൂട്ടിൽ ബസ് സർവിസ് തുടങ്ങിയത്. തുടക്കത്തിൽ ആറ് മിനി ബസുണ്ടായിരുന്നു. കോഴിക്കോട്, ഫറോക്ക് രാമനാട്ടുകര, വാഴയൂർ, ചെമ്മാട് തുടങ്ങി റൂട്ടുകളിൽ സർവിസ് നടത്തിയിരുന്നത് ഒന്നൊന്നായി നിർത്തി. 2021ന് ശേഷം ഇപ്പോൾ പൂർണമായി സർവിസ് നടത്തുന്നത് ഒരു മിനി ബസ് മാത്രമാണ്. വൈകീട്ട് ആറ് കഴിഞ്ഞാൽ പിന്നെ അതും ഇല്ല. ലാഭകരമല്ലാത്തതിനാലാണ് സർവിസ് നിലച്ചുപോയതെന്നാണ് വാദം. എല്ലാ റൂട്ടിലും നിലവിൽ പെർമിറ്റ് ഉണ്ടെന്നാണ് യാത്രക്കാർ പറയുന്നത്. ഇപ്പോൾ റോഡ് റബറൈസ് ചെയ്തിട്ടും ബസില്ലാത്തതിനാൽ ദുരിതം പേറുകയാണ് നാട്ടുകാർ. കോഴിക്കോട് ജില്ലയുമായി ബന്ധിപ്പിക്കുന്ന പുല്ലിക്കടവിൽ ഗതാഗതയോഗ്യമായ പാലം ഉണ്ടായിട്ടും ഗുണം ലഭിച്ചില്ല. ഇടിമൂഴിക്കൽ, രാമനാട്ടുകര, ഫറോക്ക് അങ്ങാടികളെയാണ് പുല്ലിപ്പറമ്പുകാർ ഏറെയും ആശ്രയിക്കുന്നത്.

എന്നാൽ, പാരലൽ സർവിസ് തുടങ്ങണമെന്ന ആവശ്യവുമായി യാത്രക്കാർ രംഗത്തെത്തി. നിലവിൽ രാമനാട്ടുകരയിൽനിന്ന് പുല്ലിക്കടവ് വരെ പാരലൽ സർവിസ് ഉണ്ട്. ഇത് പുല്ലിപ്പറമ്പിലേക്ക് നീട്ടണമെന്ന ആവശ്യം ഉയരുന്നുണ്ട്.

Tags:    
News Summary - It used to have six bus services but now there is only one

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.