ഐ.പി.എച്ചിന്റെ നേതൃത്വത്തിൽ മലപ്പുറം ടൗൺ ഹാളിൽ ആരംഭിച്ച പുസ്തകമേളയിൽനിന്ന്
മലപ്പുറം: വൈവിധ്യമാർന്ന വിഷയങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന പതിനായിരത്തിലധികം പുസ്തകങ്ങൾ പ്രദർശിപ്പിക്കുന്ന ഐ.പി.എച്ച് പുസ്തകോത്സവത്തിന് മലപ്പുറം ടൗൺഹാളിൽ പ്രൗഢമായ തുടക്കം. നാൽപതിലധികം പ്രസാധകരുമായി സഹകരിച്ചാണ് ഐ.പി.എച്ച് മെഗാ മേള സംഘടിപ്പിച്ചത്.
നാല് ദിവസം നീണ്ടു നിൽക്കുന്ന പുസ്തക മേളയും സാംസ്കാരിക സദസ്സുമാണ് നടക്കുന്നത്. പുസ്തക പ്രകാശനം, ചർച്ച, സംവാദം, പ്രഭാഷണം, ഇശൽ സന്ധ്യ, നാടകം, ക്വിസ് മത്സരം, കലാ സന്ധ്യ എന്നിവ മേളയോടനുബന്ധിച്ച് നടക്കും. മേളയോടനുബന്ധിച്ച് വെള്ളിയാഴ്ച വൈകീട്ട് നാലിന് നടക്കുന്ന ‘ഖിലാഫത്താനന്തര മുസ്ലിംലോകം: നൂറു വർഷങ്ങൾ’ചർച്ച മാധ്യമം ചീഫ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്യും. കെ.ടി. ഹുസൈൻ മോഡറേറ്ററാകും. ഉസ്മാനി ഖിലാഫത്ത് ചരിത്രം സംസ്കാരം എന്ന പുസ്തകം വേദിയിൽ പ്രകാശനം ചെയ്യും.
വൈകീട്ട് 6.30ന് ഇസ്ലാമിക ഗാനങ്ങളും യു.കെ. അബൂസഹ്ലയുടെ രചനാലോകവും ചർച്ച നടക്കും. അബൂസഹ്ലയുടെ ജീവിതയാത്ര, വിഹായസ്സിന്റെ വിരിമാറിൽ എന്നീ പുസ്തകങ്ങൾ കെ.പി. കമാലുദ്ദീൻ പ്രകാശനം ചെയ്യും. തുടർന്ന് അബൂസഹ്ലയുടെ പാട്ടുകളുടെ അവതരണം നടക്കും. മേള ഞായറാഴ്ച വൈകീട്ട് സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.