നവീകരണം പൂർത്തിയാകുന്ന നഗരസഭ ഫ്രണ്ട് ഓഫിസ്
മലപ്പുറം: 2023 -24 നഗരസഭ ബജറ്റിൽ പ്രഖ്യാപിച്ച മധുവൂറും മലപ്പുറം എന്ന ഫ്രണ്ട് ഓഫിസ് നവീകരിക്കുന്ന പദ്ധതിയുടെ നിർമാണ പ്രവൃത്തികൾക്ക് തുടക്കമായി. ഒമ്പത് ലക്ഷം രൂപ ചെലവിലാണ് പദ്ധതി നടപ്പാക്കുന്നത്. അന്വേഷണ കൗണ്ടർ, ജനങ്ങൾക്ക് ഇരിപ്പിടം, റിഫ്രഷ്മെന്റ് കൗണ്ടർ എന്നിവ ഉൾപ്പെടുന്നതാണ് ഫ്രണ്ട് ഓഫിസ് സംവിധാനം.
റിഫ്രഷ്മെന്റ് കൗണ്ടറിൽ വരുന്ന ജനങ്ങൾക്ക് ചായ, പലഹാരം, ജ്യൂസ് അടക്കമുള്ളവ സൗജന്യമായി വിതരണം ചെയ്യുന്നതിനുള്ള സൗകര്യമുണ്ടാകും. കോർപറേറ്റ് സാമൂഹിക ഉത്തരവാദിത്ത(സി.ആർ.എസ്) ഫണ്ട് ഉപയോഗപ്പെടുത്തിയാണ് റിഫ്രഷ്മെന്റ് കൗണ്ടർ പ്രവർത്തിക്കുകയെന്ന് അധികൃതർ അറിയിച്ചു.
ജനുവരി പകുതിയോടെ തുടങ്ങിയ നിർമാണ പ്രവൃത്തികൾ ഫെബ്രുവരി 15നകം പൂർത്തീകരിക്കാനാണ് അധികൃതരുടെ ലക്ഷ്യം. നഗരസഭ കെ-സ്മാര്ട്ട് എന്ന സംയോജിത സോഫ്റ്റ് വെയറിലേക്ക് മാറുന്നതിന്റെ ഭാഗമായി ഫ്രണ്ട് ഓഫിസ് സംവിധാനം കാര്യക്ഷമമക്കാൻ ഡിസംബർ 26ന് നഗരസഭ കൗൺസിൽ യോഗം തീരുമാനിച്ചിരുന്നു.
ജനുവരി മുതൽ കെ.സ്മാർട്ട് യാഥാർഥ്യമാകുകയും ചെയ്തു. നിലവിൽ ഇൻഫർമേഷൻ കേരള മിഷന്റെ കീഴിൽ നഗരസഭ ഫ്രണ്ട് ഓഫിസിൽ അപേക്ഷകൾ സംബന്ധിച്ച സംശയങ്ങൾക്കും പരാതികൾക്കുമായി പരിശീലനം ലഭിച്ച ടെക്നിക്കൽ അസിസ്റ്റന്റിനെയും ഡേറ്റ എൻട്രി ഓപറേറ്ററെയും നഗരസഭ നിയോഗിച്ചിട്ടുണ്ട്. ഇവർക്കുള്ള ക്യാബിനും കമ്പ്യൂട്ടർ അടക്കമുള്ള സൗകര്യങ്ങളും പുതിയ ഫ്രണ്ട് ഓഫിസിലുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.