കൂരിയാട് മാർക്കറ്റിന് സമീപം സർവീസ് റോഡ് മുഖേന
വേങ്ങര റോഡിൽ പ്രവേശിക്കുന്ന ഭാഗം
തേഞ്ഞിപ്പലം: സിനിമാതാരം ജഗതി ശ്രീകുമാറിന്റെ ജീവിതത്തെ തകിടം മറിക്കുകയും ഒട്ടേറെ ജീവനുകള്‍ ഇല്ലാതാക്കുകയും ചെയ്ത തേഞ്ഞിപ്പലം പാണമ്പ്ര വളവില്‍ ദേശീയപാത വികസന പ്രവൃത്തി വിലയിരുത്താന്‍ മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ സന്ദര്‍ശനം.
കരിപ്പൂര്‍ വിമാനത്താവളത്തിലേക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുമുള്ള പാതയായ കോഹിനൂരില്‍ അടിപ്പാതയോ മേല്‍പാതയോ പണിയാന്‍ ദേശീയപാത അതോറിറ്റി അധികൃതരുമായി കൂടിയാലോചന നടത്തുമെന്നും പ്രവൃത്തിയിലെ ചില സാങ്കേതിക പ്രശ്നങ്ങള്‍ എത്രയും വേഗം പരിഹരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
വേങ്ങര: മണ്ഡലത്തില്‍ പൊതുമരാമത്തു മന്ത്രി പി.എ. മുഹമ്മദ് റിയാസ് നടത്തിയ പര്യടനത്തില്‍ പരാതികള്‍ അറിയിക്കാനെത്തിയവര്‍ക്ക് അദ്ദേഹത്തോട് സംസാരിക്കാനായില്ല. പാത വികസനവുമായി ബന്ധപ്പെട്ട് തങ്ങളുടെ ആവലാതികളുമായി മന്ത്രിയെ കാത്തിരുന്നവർ നിരാശരായി മടങ്ങി.
അതേസമയം, യാത്ര മുന്‍കൂട്ടി ഷെഡ്യൂള്‍ ചെയ്തതാണെന്നും അതിനാൽ, പരാതി വിശദമായി കേൾക്കാൻ സമയം അനുവദിക്കുന്നില്ലെന്നുമായിരുന്നു മന്ത്രിയുടെ നിലപാട്. തിങ്കളാഴ്ച രാവിലെ പത്തേകാലോടെ വേങ്ങര കൂരിയാടെത്തിയ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി എം.എല്‍.എ യെ കണ്ടശേഷം കൂരിയാട് കവലയിലെ പ്രവൃത്തിയുടെ പുരോഗതി വിലയിരുത്തി മടങ്ങി.
തേഞ്ഞിപ്പലം: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ജനങ്ങള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ക്ക് ഇനിയും പരിഹാരം കണ്ടില്ലെങ്കില്‍ വിഷയം നിയമസഭയില്‍ ഉന്നയിക്കുമെന്ന് പി. അബ്ദുള്‍ഹമീദ് എം.എല്‍.എ. മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ ദേശീയപാത പ്രവൃത്തി അവലോകന സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ദേശീയപാത വികസനത്തിനായി ഭൂമി വിട്ടുനല്‍കിയ പലര്‍ക്കും പ്രദേശത്ത് താമസിക്കാനാകാത്ത സ്ഥിതിയാണ്. മഴക്കാലത്ത് വെള്ളം വീടുകളിലേക്ക് എത്തുകയാണ്.
യാത്ര പ്രശ്നമാണെങ്കില്‍ അതിരൂക്ഷവും. പൈങ്ങോട്ടൂര്‍, കോഹിനൂര്‍, താഴെ ചേളാരി, വെളിമുക്ക്, തലപ്പാറ എന്നിവിടങ്ങളിലെല്ലാം പ്രശ്നങ്ങളുണ്ട്. എന്നാല്‍ പാണമ്പ്രയില്‍ മാത്രമാണ് മന്ത്രി സന്ദര്‍ശിച്ചത്. താഴെ ചേളാരി- പരപ്പനങ്ങാടി റൂട്ടില്‍ ഗതാഗതകുരുക്ക് പതിവാണ്. ഇവിടെ സ്ഥലം ഏറ്റെടുത്ത് പ്രശ്നം പരിഹരിക്കാന്‍ പൊതുമരാമത്ത് വകുപ്പ് തയ്യാറാകണമെന്ന് എം.എല്‍.എ ആവശ്യപ്പെട്ടു.
കോട്ടക്കൽ: ആറുവരിപ്പാതയിൽ പുതിയ പാലത്തിന്റെ ആവശ്യമുന്നയിച്ച് നാട്ടുകാർ.
എടരിക്കോട് പാലച്ചിറമാട് എത്തിയ മന്ത്രി മുഹമ്മദ് റിയാസിന് പരാതി നൽകി. പെരുമണ്ണ, തെന്നല പഞ്ചായത്തിലെ പാലച്ചിറമാട് തിരുത്തി പാടത്തുനിന്ന് പുതുപറമ്പ് ഭാഗത്തേക്ക് പാലം വേണമെന്നാണ് ആവശ്യം. കുറ്റിയിൽ സിദ്ദീഖ്, അഡ്വ. ഇബ്രാഹിം കുട്ടി, ലിബാസ് മൊയ്തീൻ, തയ്യിൽ അലവി, സുബൈർ കോഴിശ്ശേരി, സി. സിറാജുദ്ദീൻ എന്നിവരും സന്നിതരായിരുന്നു.
വേങ്ങര: ദേശീയപാത നവീകരണം നടക്കുന്ന കൊളപ്പുറത്തിനും കൂരിയാടിനുമിടയിൽ പാടം മുറിച്ചു കടക്കുന്ന ഭാഗത്ത് വയലിനോട് ചേർന്ന് വളരെ താഴ്ത്തി നിർമിച്ച സർവിസ് റോഡിൽ മഴക്കാലത്ത് വെള്ളം കയറുമെന്ന് വേങ്ങര ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ പി.പി. സഫീർ ബാബു ചൂണ്ടിക്കാട്ടി.
മഴക്കാലത്ത് ഈ വയലിൽ കടലുണ്ടിപ്പുഴയിൽ നിന്ന് വെള്ളം കയറുമ്പോൾ പടിഞ്ഞാറ് ഭാഗത്തേക്ക് ഒഴുകിപ്പോകാനുള്ള ഓവുചാലുകളുടെ ഉയരവും വീതിയും പര്യാപ്തമല്ലെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.