എ​ട​പ്പാ​ൾ തൃ​ശൂ​ർ റോ​ഡി​ലെ പ​ട​ക്ക​ക്ക​ട​യി​ലെ തി​ര​ക്ക്

അതിജീവനപാതയില്‍ വിഷുവും പെരുന്നാളും പ്രതീക്ഷയോടെ വ്യാപാരികൾ, വിപണി സജീവമായി

എടപ്പാൾ: രണ്ടുവര്‍ഷം നീണ്ട കോവിഡ് പ്രതിസന്ധിയും നിയന്ത്രണങ്ങളും താൽക്കാലികമായി നീങ്ങിയതോടെ വ്യാപാര മേഖല സജീവമായി. കഴിഞ്ഞ വര്‍ഷങ്ങളിൽ ഓണവും പെരുന്നാളും ക്രിസ്മസും വിഷുവും എല്ലാം മാറ്റിവെച്ച വ്യാപാരികള്‍ ഏറെ പ്രതീക്ഷയോടെയാണ് വിഷുവിനെയും പെരുന്നാളിനെയും നോക്കിക്കാണുന്നത്.

കോവിഡ് നിയന്ത്രണങ്ങള്‍ മൂലം ഏറെ നഷ്ടം സഹിക്കേണ്ടി വന്ന വസ്ത്രവ്യാപാരികൾ സീസണ്‍ കച്ചവടത്തിൽ തിരിച്ചുവരവിന്‍റെ ആശ്വാസത്തിലാണ്. മാസങ്ങൾ അടഞ്ഞുകിടക്കേണ്ടി വരുകയും തുടർച്ചയായി രണ്ട് വർഷം പ്രധാന സീസണ്‍ കച്ചവടങ്ങള്‍ നഷ്ടമാകുകയും ചെയ്തതോടെ പലര്‍ക്കും ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് സംഭവിച്ചത്.

ചെരിപ്പ്, ഫാന്‍സി, മറ്റു അലങ്കാര വസ്തുക്കള്‍ എന്നിവ വിൽക്കുന്ന സ്ഥാപനങ്ങള്‍ക്കെല്ലാം കഴിഞ്ഞ രണ്ട് വര്‍ഷമായി നഷ്ടങ്ങളുടെ കണക്കുകള്‍ മാത്രമാണ് നിരത്താനുള്ളത്. ഭീമമായ വാടകയും വൈദ്യുതി ബില്ലും ലോണ്‍ അടക്കമുള്ള ബാധ്യതയും താങ്ങാന്‍ കഴിയാതെ വന്നതോടെ കിട്ടിയ വിലയ്ക്ക് സ്ഥാപനം വില്‍പന നടത്തിയും കെട്ടിട ഉടമകള്‍ക്ക് സ്ഥാപനം ഒഴിഞ്ഞുകൊടുത്തും പലരും തെരുവോര കച്ചവടങ്ങളിലേക്ക് തിരിഞ്ഞു. ഇത്തവണ വലിയ സ്വപ്നങ്ങള്‍ കണ്ടാണ് പലരും സീസണ്‍ കച്ചവടത്തിനായി സ്റ്റോക്ക് എത്തിച്ചിരിക്കുന്നത്.

പടക്ക വിപണിയിലും തിരക്ക്

എടപ്പാൾ: വിഷുവിന് പടക്ക വിപണി സജീവം. വർണം വിതറുന്ന ന്യൂജെന്‍ പടക്കങ്ങളാണ് വിപണി കീഴടക്കുന്നത്. പഴയതുപോലെ പടക്ക കടകളിലെത്തുന്ന കുഞ്ഞുകുട്ടികളെ പൊട്ടാസും കമ്പിത്തിരിയും മത്താപ്പൂവും മാത്രം കാട്ടി തൃപ്‍തിപ്പെടുത്താനാകില്ല. അതുകൊണ്ടുതന്നെ പടക്ക വിപണിയിലുമുണ്ട് ന്യൂജെന്‍ ടച്ച്. ചൂളമടിച്ചുയരുന്ന റോക്കറ്റ് മുതല്‍ പീലിവിടർത്തുന്ന പൂത്തിരി വരെയുണ്ട്. നാടന്‍ പടക്കങ്ങളുടെ കാതടപ്പന്‍ ശബ്ദങ്ങളോടല്ല മറിച്ച് ഫാന്‍സി പടക്കങ്ങളോടാണ് എല്ലാവർക്കും പ്രിയം. ഡ്രോൺ, ഹെലികോപ്ടർ തുടങ്ങിയവക്കും ആവശ്യക്കാർ ഏറെയാണ്.

തീ കൊടുത്താൽ ഉയർന്ന് കറങ്ങി പൊട്ടുന്ന പടക്കങ്ങളാണ് ഹെലികോപ്ടർ, ഡ്രോൺ എന്നിവ. വലിയ ഉയരത്തിൽ പോയി പൊട്ടുന്ന സ്കൈ ഷോട്ടിനും ആവശ്യക്കാരേറെയാണ്. ഓലപ്പടക്കങ്ങൾ, മാലപ്പടക്കങ്ങൾ, കമ്പത്തിരി, പൂത്തിരി, നിലച്ചക്രം, പൂക്കുറ്റി തുടങ്ങിയ ഇഷ്ട ഇനങ്ങൾക്കാണ് കൂടുതൽ ചെലവ്. 35 മുതൽ 12,000 രൂപ വരെയുള്ള പടക്കങ്ങൾ വിപണിയിലുണ്ട്. 500,1000,1500 രൂപ നിരക്കിലുള്ള പടക്ക കിറ്റുകളും ലഭ്യമാണ്. കഴിഞ്ഞ രണ്ട് വർഷത്തെ വിഷുവും കോവിഡ് കൊണ്ടുപോയതിനാൽ ഇത്തവണ ഏറെ പ്രതീക്ഷയിലാണ് കച്ചവടക്കാർ.

Tags:    
News Summary - Vishu and Eid on the Survival Path Traders with hope

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.