എടപ്പാൾ: ഇടതുപക്ഷത്തിന് സ്വാധീനമുള്ള എടപ്പാൾ പഞ്ചായത്തിൽ മൂന്ന് തവണ മാത്രമാണ് യു.ഡി.എഫിന് അധികാരം കൈയാളാനായത്. കാൽ നൂറ്റാണ്ടിലേറെയായി എൽ.ഡി.എഫ് ഭരണം ഇവിടെ തുടരുന്നു. പതിനാറാം വാർഡ് കോലൊളമ്പിൽനിന്ന് വിജയിച്ച സി.വി. സുബൈദ ടീച്ചറാണ് ഇപ്പോൾ പഞ്ചായത്ത് പ്രസിഡന്റ്. കെ. പ്രഭാകരനാണ് വൈസ് പ്രസിഡന്റ്. 19 വാർഡുകളായിരുന്ന എടപ്പാൾ പഞ്ചായത്ത് നിലവിലെ വിഭജന ശേഷം 21 വാർഡുകൾ ആയി ഉയർന്നിട്ടുണ്ട്.
2020ൽ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ ഇവയിൽ സി.പി.എമ്മിന് 12 സീറ്റുകളും കോൺഗ്രസിന് നാല് സീറ്റുകളും ബി.ജെ.പിക്ക് രണ്ട് സീറ്റും വെൽഫെയർ പാർട്ടിക്ക് ഒരു സീറ്റും നേടാനായി. 1987ൽ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിലാണ് അവസാനമായി ഇവിടെ യു.ഡി.എഫിന് അധികാരം ലഭിച്ചത്. തുടർന്ന് ഏഴുവർഷം ഭരണം നിലനിർത്തി. അന്ന് എം.പി. ഹരിദാസ് (പയ്യങ്ങാട്ട് ) ആയിരുന്നു പഞ്ചായത്ത് പ്രസിഡന്റ്. തുടർന്ന് 1994ൽ ജനകീയ ആസൂത്രണം വന്നതിന്റെ പശ്ചാത്തലത്തിൽ ഭരണസമിതി പിരിച്ചുവിടുകയായിരുന്നു.
ഇടക്ക് ചില തെരഞ്ഞെടുപ്പുകളിൽ യു.ഡി.എഫ് കരുത്ത് കാട്ടിയെങ്കിലും ഭരണം തിരിച്ചുപിടിക്കാനായില്ല. 2010ൽ ഇരുമുന്നണികളും സമാസമത്തിൽ കലാശിച്ചു. അന്ന് പ്രസിഡന്റായി എൽ.ഡി.എഫ് സ്ഥാനാർഥി എൻ. ഷീജയും വൈസ് പ്രസിഡന്റ് ആയി യു.ഡി.എഫ് സ്ഥാനാർഥി വി.കെ.എം. ഷാഫിയുമാണ് തെരഞ്ഞെടുക്കപ്പെട്ടത്.
ഇക്കുറിയും പ്രതീക്ഷയോടെയാണ് കോൺഗ്രസും ലീഗും ഇറങ്ങുന്നത്. ഇതിനായി മുതിർന്ന നേതാക്കളെയും യു.ഡി.എഫ് രംഗത്തിറക്കിയിട്ടുണ്ട്. എന്നാൽ, ഭരണം കൈവിടില്ലെന്ന പൂർണ വിശ്വാസത്തിലാണ് സി.പി.എം. നിലവിലെ സീറ്റ് നിലനിർത്തുമെന്ന് വെൽഫെയർ പാർട്ടിയും സീറ്റുകളുടെ എണ്ണം വർധിപ്പിക്കുമെന്ന് ബി.ജെ.പിയും അവകാശപ്പെടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.