ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച യു.ഡി.എഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് നിലമ്പൂർ നഗരത്തിൽ നടത്തിയ ആഹ്ലാദപ്രകടനത്തിൽ പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു. അൻവർ സാദത്ത് എം.എൽ.എ, റിയാസ് മുക്കോളി, ഡി.സി.സി പ്രസിഡന്റ് വി.എസ്. ജോയ് എന്നിവർ സമീപം - മുസ്തഫ അബൂബക്കർ
എടക്കര: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ആദ്യ റൗണ്ടുകളിലെ വോട്ടെണ്ണൽ ആരംഭിച്ചപ്പോൾത്തന്നെ വിജയത്തിലേക്ക് കൈപിടിച്ച് ആര്യാടൻ ഷൗക്കത്ത്. വഴിക്കടവ് പഞ്ചായത്തിലെ തണ്ണിക്കടവിൽ നിന്ന് 3614 വോട്ട് നേടിയ ഷൗക്കത്ത് എതിർസ്ഥാനാർഥി എം. സ്വരാജിനേക്കാൾ 419 വോട്ടിന്റെ ലീഡുമായാണ് കുതിപ്പ് തുടങ്ങിയത്. എക്കാലത്തും യു.ഡി.എഫിന്റെ ശക്തി കേന്ദ്രമായി തുടരുന്ന വഴിക്കടവിൽ മൂന്ന് റൗണ്ടുകൾ പൂർത്തിയാക്കിയപ്പോൾ വ്യക്തമായ ഭൂരിപക്ഷം നേടി ഷൗക്കത്ത് വരവറിയിച്ചെങ്കിലും യു.ഡി.എഫ് നേതൃത്വം പ്രതീക്ഷിച്ചത്ര വോട്ട് ലീഡ് നേടാനായില്ല.
ഇതിനിടെ ഒന്നാം നമ്പർ ബൂത്തിൽ 153 വോട്ടുമായി രണ്ടാം സ്ഥാനം നേടി സ്വതന്ത്ര സ്ഥാനാർഥി മുൻ എം.എൽ.എ കൂടിയായ പി.വി. അൻവർ വഴിക്കടവിൽനിന്ന് നാലായിരത്തിൽപരം വോട്ട് നേടിയത് മത്സരഫലം എന്താകുമെന്ന കാര്യത്തിൽ എല്ലാവരിലും ആകാംക്ഷയുണ്ടാക്കി. പിന്നീട് മൂത്തേടം, എടക്കര പഞ്ചായത്തുകളിലും വെല്ലുവിളിയേതുമില്ലാതെ മുന്നേറിയ ഷൗക്കത്ത് ഒമ്പതാം റൗണ്ടിലാണ് പിറകിൽ പോയത്. പോത്തുകല്ലിൽ 3614 വോട്ട് നേടിയ സ്വരാജിനേക്കാൾ 207 വോട്ടിന്റെ കുറവാണ് ഷൗക്കത്തിന് ലഭിച്ചത്.
തുടർന്നും മികച്ച ഭൂരിപക്ഷവുമായി മുന്നേറ്റം തുടർന്ന ഷൗക്കത്തിനുമേൽ 16, 18 റൗണ്ടുകളിലും സ്വരാജ് ലീഡ് നേടി. പതിനൊന്നായിരത്തിൽ പരം വോട്ടിന്റെ ഭൂരിപക്ഷത്തിൽ നിലമ്പൂർ മണ്ഡലം തിരിച്ചു പിടിക്കാനുള്ള തേരോട്ടത്തിൽ വഴിക്കടവ്, മൂത്തേടം, എടക്കര, പോത്തുകല്ല്, ചുങ്കത്തറ, അമരമ്പലം എന്നീ പഞ്ചായത്തുകളും നിലമ്പൂർ നഗരസഭയും യു.ഡി.എഫിന് കൂടെ നിന്നപ്പോൾ 118 വോട്ടിന്റെ ലീഡ് നൽകി കരുളായി മാത്രമാണ് എൽ.ഡി.എഫിനൊപ്പം നിന്നത്. അതേസമയം, കാര്യമായ പ്രചാരണങ്ങളൊന്നും നടത്താതെ ഇരു മുന്നണികൾക്കുമിടയിൽ നിന്ന് 20,000 ത്തോളം വോട്ട് തനിച്ച് നേടിയ പി.വി. അൻവർ ശക്തമായ സാന്നിധ്യമായതും രാഷ്ട്രീയ കേരളം ചർച്ചയാക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.