എടക്കര: മൂന്ന് ഭാഗം പുഴകളാലും ഒരുഭാഗം വനത്താലും ചുറ്റപ്പെട്ട മൂത്തേടം ഗ്രാമപഞ്ചായത്ത് 1978ലാണ് നിലവില്‍ വന്നത്. ജില്ലയില്‍ തന്നെ മറ്റ് പഞ്ചായത്തുകളില്‍ നിന്നും വിഭിന്നമായ പ്രാദേശിക രാഷ്ട്രീയത്തിന്റെ ചരിത്രമാണ് മൂത്തേടത്തിനുള്ളത്. കോണ്‍ഗ്രസും മുസ് ലിം ലീഗും ഒന്നിച്ച് െതരഞ്ഞെടുപ്പിനെ നേരിട്ടപ്പോഴെല്ലാം മികച്ച വിജയം നേടാനായിട്ടുണ്ട്. മുസ് ലിം ലീഗിലെ പുതിയറ കുഞ്ഞാനായിരുന്നു ആദ്യത്തെ പ്രസിഡന്റ്. 1995 മുല്‍ 2000 വരെ കെ.എ. പീറ്ററിന്റെ നേതൃത്വത്തില്‍ യു.ഡി.എഫ് ഭരണം നടത്തി.
2000 മുതല്‍ മുസ് ലിം ലീഗ് സി.പി.എമ്മുമായി അടവുനയത്തിന്റെ ഭാഗമായി സഖ്യത്തിലായി. മുസ് ലിം ലീഗിലെ കെ.പി. വിജയന്‍ വൈദ്യര്‍ പ്രസിഡന്റായി. രണ്ട് വര്‍ഷംകൊണ്ട് ജില്ലയിലെ അടവുനയം (സി.പി.എം-മുസ് ലിം ലീഗ് വികസന മുന്നണി) അവസാനിപ്പിച്ചെങ്കിലും മൂത്തേടത്തെ സഖ്യം 2024 വരെ നീണ്ടു. 2005 ല്‍ നടന്ന ത്രികോണ മത്സരത്തില്‍ കോണ്‍ഗ്രസ് ഒറ്റക്ക് അധികാരത്തിലെത്തി. ഡെയ്‌സി മത്തായി ആയിരുന്നു പ്രസിഡന്റ്. 2010ല്‍ യു.ഡി.എഫ് സംവിധാനത്തില്‍ കോണ്‍ഗ്രസിലെ പി. ഉസ്മാനും 2015ല്‍ സി.പി.എമ്മിലെ സി.ടി. രാധാമണിയും പ്രസിഡന്റായി.
2020 മുതല്‍ തുടര്‍ന്ന യു.ഡി.എഫ് ഭരണസമിതിക്ക് കോണ്‍ഗ്രസിലെ പി. ഉസ്മാനാണ് നേതൃത്വം നല്‍കുന്നത്. 15 വാര്‍ഡുകളില്‍ കോണ്‍ഗ്രസിന് എട്ടും മുസ്ലിം ലീഗിന് അഞ്ചും സി.പി.എമ്മിന് രണ്ടും അംഗങ്ങളാണുള്ളത്. ഇത്തവണ മൂന്ന് വാര്‍ഡുകള്‍ അധികരിച്ച് 18 വാര്‍ഡുകളായി. യു.ഡി.എഫില്‍ ഒരു സ്വതന്ത്രന്‍ ഉള്‍പ്പെടെ 11 വാര്‍ഡുകളില്‍ കോണ്‍ഗ്രസും ഏഴെണ്ണത്തില്‍ മുസ് ലിം ലീഗും മത്സരിക്കുന്നു. 18 വാര്‍ഡുകളിലും സ്ഥാനാര്‍ഥികളെ നിര്‍ത്തി സി.പി.എം തന്നെയാണ് മത്സരരംഗത്തുള്ളത്.
കാട്ടുമൃഗശല്യം ചെറുക്കാന്‍ വനാതിര്‍ത്തികളില്‍ ഫെന്‍സിങ് സ്ഥാപിക്കാന്‍ കഴിഞ്ഞതും അപേക്ഷിച്ച മുഴുവന്‍ പേര്‍ക്കും ലൈഫ് പദ്ധതിയില്‍ വീട് അനുവദിക്കാനായതും ഭരണനേട്ടമായി യു.ഡി.എഫ് പറയുന്നു. എന്നാല്‍, വന്യമൃഗ ശല്യം തടയാന്‍ സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതികള്‍ മാത്രമല്ലാതെ ഒന്നും ചെയ്യാന്‍ പഞ്ചായത്ത് ഭരണസമിതിക്ക് കഴിഞ്ഞിട്ടില്ലെന്നും പദ്ധതി നടത്തിപ്പിലെ വീഴ്ച കാരണം ലൈഫ് ഭവന ഗുണഭോക്താക്കള്‍ ദുരിതത്തിലാണെന്നും എല്‍.ഡി.എഫ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.