പ്രതീകാത്മക ചിത്രം
എടക്കര: അവിശ്വാസ പ്രമേയ അവതരണവും കൂറുമാറ്റവും നേതൃമാറ്റവും കൊണ്ട് കഴിഞ്ഞ അഞ്ചുവര്‍ഷത്തില്‍ ഏറെ ശ്രദ്ധനേടിയ ഗ്രാമപഞ്ചായത്താണ് ചുങ്കത്തറ. 1963 രൂപവത്കരിച്ച പഞ്ചായത്തില്‍ നാടകീയ നീക്കങ്ങള്‍ ഏറെയുണ്ടായ കഴിഞ്ഞ അഞ്ച് വര്‍ഷത്തില്‍ മാത്രം നാല് പ്രസിഡന്റുമാരാണ് ഭരണത്തിന് നേതൃത്വം വഹിച്ചത്. 1963 ല്‍ വര്‍ക്കി മരുതനാംകുഴിയുടെ നേതൃത്വത്തില്‍ ആദ്യ ഭരണസമിതി അധികാരമേറ്റു. ഇടക്കാലത്ത് റിട്ടേണിങ് ഓഫിസറുടെ ഭരണം ഒഴിച്ചാല്‍ 1995 വരെയും വര്‍ക്കി മരുതനാംകുഴി തന്നെയായിരുന്നു പ്രസിഡന്റ്.
1995 മുതല്‍ 2000 വര്‍ഷത്തില്‍ തുടക്കത്തില്‍ ഒരു വര്‍ഷം കോണ്‍ഗ്രസിലെ അമ്പാടി പ്രഭാകരന്‍ നായരും തുടര്‍ന്ന് പി.പി. സുഗതനും പ്രസിഡന്റായി. 2000-2005 വരെ കോണ്‍ഗ്രസിലെ പാനായില്‍ ജേക്കബും 2005ല്‍ സി.പി.എമ്മിലെ വി.എസ്. ഓമനയും പ്രസിഡന്റ് പദവി വഹിച്ചു. 2010ല്‍ കോണ്‍ഗ്രസിലെ സി.ഡി. സെബാസ്റ്റ്യനും 2015ല്‍ കോണ്‍ഗ്രസിലെ കെ. സ്വപ്‌നയും പ്രസിഡന്റായി. 2020ലെ തിരഞ്ഞെടുപ്പില്‍ ഇരുമുന്നണികളും പത്ത് സീറ്റുകള്‍ വീതം നേടി തുല്യതയിലായി. നറുക്കെടുപ്പില്‍ ഭരണം നേടിയ യു.ഡി.എഫില്‍ കോണ്‍ഗ്രസിലെ വത്സമ്മ സെബാസ്റ്റ്യന്‍ പ്രസിഡന്റായി. ഒരു വര്‍ഷം പിന്നിട്ടപ്പോള്‍ എല്‍.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസത്തെ പിന്തണച്ച് യു.ഡി.എഫ് സ്വതന്ത്ര എം.കെ. നജ്മുന്നിസ കൂറുമാറിയതോടെ ഭരണം മാറി.
എം.കെ. നജ്മുന്നിസയുടെ നേതൃത്വത്തില്‍ ഒരുവര്‍ഷം എല്‍.ഡി.എഫ് ഭരണം നടത്തി. ഇതിനിടെ കൂറുമാറ്റ നിരോധന നിയമപ്രകാരം നജ്മുന്നിസയെ തെരഞ്ഞെടുപ്പ് കമീഷന്‍ അയോഗ്യയാക്കി. തുടര്‍ന്ന് സി.പി.എമ്മിലെ ടി.പി. റീന പ്രസിഡന്റായി. എന്നാല്‍, പി.വി. അന്‍വറിന്റെ ഇടപെടലില്‍ എല്‍.ഡി.എഫ് ഭരണത്തിലെ വൈസ് പ്രസിഡന്റായിരുന്ന നുസൈബ സുധീറിനെ യു.ഡി.എഫിനൊപ്പം എത്തിച്ച് പഞ്ചായത്തില്‍ ഭരണമാറ്റമുണ്ടാക്കി. കോണ്‍ഗ്രസിലെ വത്സമ്മ സെബാസ്റ്റ്യന്റെ നേതൃത്വത്തില്‍ യു.ഡി.എഫ് വീണ്ടും അധികാരത്തിലേറി.
കഴിഞ്ഞ അഞ്ചുവര്‍ഷത്തില്‍ തുടക്കത്തിലും അവസാനത്തിലുമായി രണ്ട് വര്‍ഷത്തോളം യു.ഡി.എഫും മൂന്നുവര്‍ഷം എല്‍.ഡി.എഫുമാണ് ഭരണം നടത്തിയത്. ക്ഷേമ, വികസന പദ്ധതികള്‍ നടപ്പാക്കാനത് തങ്ങളുടെ കാലത്താണെന്ന് ഇരുപക്ഷവും അവകാശപ്പെടുന്നുണ്ട്. 20 വാര്‍ഡുകളില്‍ സി.പി.എം (ഒമ്പത്), കോണ്‍ഗ്രസ് (ഏഴ്), മുസ് ലിം ലീഗ് (മൂന്ന്) എന്നിങ്ങനെയാണ് നിലവിലെ നില. ഇത്തവണ രണ്ട് വാര്‍ഡുകള്‍ അധികരിച്ച് 22 വാര്‍ഡുകളായി. യു.ഡി.എഫില്‍ 15 വാര്‍ഡുകളില്‍ കോണ്‍ഗ്രസും ഏഴെണ്ണത്തില്‍ മുസ് ലിം ലീഗും സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടുണ്ട്. ഒരു സ്വതന്ത്രന്‍ ഉള്‍പ്പെടെ മുഴുവന്‍ വാര്‍ഡുകളിലും സി.പി.എമ്മാണ് മത്സരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.