തേഞ്ഞിപ്പലം: നാല് വര്‍ഷ ബിരുദ കോഴ്സ് സിലബസ് രൂപവത്കരണത്തിനായി കാലിക്കറ്റ് സര്‍വകലാശാല അടിസ്ഥാനയോഗ്യത പോലുമില്ലാത്ത കോളജ് അധ്യാപകരെ നിയോഗിച്ചെന്ന് ആക്ഷേപം. സിലബസ് രൂപവത്കരണ നടപടികള്‍ പുരോഗമിക്കുന്നതിനിടെ പഠനബോര്‍ഡ് അംഗങ്ങള്‍ക്ക് പുറമെ സര്‍വകലാശാല കോളജ് അധ്യാപകരെ കൂടി നിയോഗിക്കുകയായിരുന്നു. ഇതില്‍ പലര്‍ക്കും കോളജ് അധ്യാപക നിയമനത്തിനുള്ള അടിസ്ഥാന യോഗ്യതയായ നെറ്റ് യോഗ്യത പോലുമില്ലെന്നാണ് ആക്ഷേപം.
എയ്ഡഡ് കോളജില്‍ നിന്നുള്ള അധ്യാപകരുടെ കാര്യത്തിലാണ് വിമര്‍ശനം. കൃത്യമായ സൂക്ഷ്മപരിശോധന നടത്തുകയോ വിദഗ്ധരുടെ ശിപാര്‍ശ തേടുകയോ ചെയ്തില്ല. രാഷ്ട്രീയ താല്പര്യം കൂടി പരിഗണിച്ചപ്പോൾ അടിസ്ഥാന യോഗ്യത പോലുമില്ലാത്തവരും കടന്നുകൂടിയെന്നാണ് ആക്ഷേപം.
കാലിക്കറ്റില്‍ നാല് വര്‍ഷ കോഴ്സുകള്‍ തുടങ്ങാൻ 2023 ഡിസംബറോടെ സിലബസ് തയാറാക്കുമെന്നായിരുന്നു അധികൃതര്‍ പറഞ്ഞിരുന്നത്. എന്നാല്‍, പഠനബോര്‍ഡ് അംഗങ്ങളുടെ മാത്രം പരിശ്രമത്താല്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാനാകില്ലെന്ന് തിരിച്ചറിഞ്ഞ് അധ്യാപകരെ കൂടി ഇതിന്റെ ഭാഗമാക്കുകയായിരുന്നു. ധൃതിപിടിച്ച് തയാറാക്കുന്ന സിലബസിന് ഗുണനിലവാരമുണ്ടാകില്ലെന്ന് അധ്യാപകര്‍ തന്നെ പറയുന്നു. എന്നാല്‍, കാലത്തിന് അനുസരിച്ചതും തൊഴില്‍ സാധ്യത കൂടിയതുമായ പാഠ്യപദ്ധതിയാണ് നാല് വര്‍ഷ കോഴ്സില്‍ നടപ്പാക്കുന്നതെന്നാണ് അധികൃതരുടെ വാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.