മലപ്പുറം: ആര്യാടൻ ഫൗണ്ടേഷന്റെ യുദ്ധവിരുദ്ധ റാലി മാറ്റിവെപ്പിക്കാൻ കോൺഗ്രസ് ഔദ്യോഗികപക്ഷം സമ്മർദം മുറുക്കുന്നതിനിടെ പരിപാടിയുമായി ‘എ’ വിഭാഗം മുന്നോട്ട്. ‘പശ്ചിമേഷ്യയിലെ മനുഷ്യക്കുരുതിക്കെതിരെ മഹാ ജനസദസ്സ്’ എന്ന പേരിൽ നവംബർ മൂന്നിന് മലപ്പുറത്താണ് ‘എ’ വിഭാഗം പരിപാടി നടത്തുന്നത്. വൈകീട്ട് നാലിന് ടൗൺ ഹാൾ പരിസരത്തുനിന്നാണ് റാലി ആരംഭിക്കുന്നത്.
കിഴക്കേത്തലയിലാണ് പൊതുസമ്മേളനം. ഡി.സി.സിയുടെ ഫലസ്തീൻ ഐക്യദാർഢ്യ സംഗമം കഴിഞ്ഞ ദിവസം മലപ്പുറത്ത് നടന്നിരുന്നു. സമാന്തര പരിപാടിയാണെന്നാരോപിച്ചാണ് ആര്യാടൻ ഫൗണ്ടേഷന്റെ റാലി മാറ്റിവെപ്പിക്കാനുള്ള ശ്രമം. അതേസമയം, റാലി മാറ്റിവെക്കുന്ന പ്രശ്നമില്ലെന്ന് ഡി.സി.സിയിലെ ‘എ’ വിഭാഗം ഭാരവാഹികൾ വ്യക്തമാക്കി. ആര്യാടൻ ഫൗണ്ടേഷൻ യോഗത്തിൽ നേരത്തേയെടുത്ത തീരുമാനമാണിതെന്ന് ‘എ’ വിഭാഗം നേതാക്കൾ പറയുന്നു. ഡി.സി.സിയുടെ ഫലസ്തീൻ ഐക്യദാർഢ്യസംഗമം പിന്നീടുണ്ടായതാണ്. ഫലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുള്ള പരിപാടി ഒരിക്കലും അച്ചടക്കലംഘനമാവില്ലെന്നും ‘എ’ വിഭാഗം പറയുന്നു.
കെ.പി.സി.സി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത് നേതൃത്വം നൽകുന്ന പരിപാടിക്ക് വിപുലമായ മുന്നൊരുക്കമാണ് ‘എ’ വിഭാഗം നടത്തുന്നത്. ഇതിന്റെ ഭാഗമായി 16 നിയോജക മണ്ഡലങ്ങളിലും 109 മണ്ഡലങ്ങളിലും കൺവെൻഷനുകൾ ചേർന്നു. വനിതകളടക്കം വൻ പങ്കാളിത്തം ഉറപ്പാക്കാനാണ് ശ്രമം. ജില്ലയിലെ ‘എ’ വിഭാഗത്തിന്റെ ശക്തിപ്രകടനമാകും റാലിയെന്ന് നേതാക്കൾ പറയുന്നു.
ഏറെ കാലമായി ജില്ലയിലെ കോൺഗ്രസിൽ നീറിപ്പുകയുന്ന ഗ്രൂപ് തർക്കം മണ്ഡലം പ്രസിഡന്റുമാരെ പ്രഖ്യാപിച്ചതോടെയാണ് പൊട്ടിത്തെറിയിലെത്തിയത്. ഇതിന്റെ തുടർച്ചയായാണ് രണ്ടു യുദ്ധവിരുദ്ധ സംഗമങ്ങൾ പ്രഖ്യാപിച്ചത്. എ.പി. അനിൽകുമാർ എം.എൽ.എയുടെ നിയോജക മണ്ഡലമായ വണ്ടൂരിൽ ആര്യാടൻ ഫൗണ്ടേഷന്റെ പേരിൽ വിമത പ്രവർത്തനം ശക്തമാക്കാനും തീരുമാനമുണ്ട്. കഴിഞ്ഞ ദിവസം ചെറുകോട്ട് ചേർന്ന മണ്ഡലം കൺവെൻഷനിൽ വൻ ജനപങ്കാളിത്തമാണ് ഉണ്ടായതെന്ന് മുതിർന്ന ഡി.സി.സി ഭാരവാഹി ‘മാധ്യമ’ത്തോട് പറഞ്ഞു. അതേസമയം, പാർട്ടിയെ പ്രതിരോധത്തിലാക്കുന്ന സമാന്തര പരിപാടികൾ അനുവദിക്കില്ലെന്നും കെ.പി.സി.സി ഇത് ഗൗരവത്തോടെ കാണുമെന്നും ഔദ്യോഗിക വിഭാഗം നേതാക്കൾ വ്യക്തമാക്കി.
മലപ്പുറം: ആര്യാടൻ മുഹമ്മദ് ഫൗണ്ടേഷന്റെ പേരിൽ കോൺഗ്രസ് ‘എ’ വിഭാഗം സംഘടിപ്പിക്കുന്ന യുദ്ധവിരുദ്ധ റാലിയുടെ പോസ്റ്ററിൽ ഫലസ്തീൻ ഇല്ല. പശ്ചിമേഷ്യയിലെ മനുഷ്യക്കുരുതിക്കെതിരെ ‘യുദ്ധമല്ല, സമാധാനം’ എന്ന പേരിലാണ് വെള്ളിയാഴ്ച മലപ്പുറത്ത് യുദ്ധവിരുദ്ധ റാലിയും ജനമഹാസദസ്സും സംഘടിപ്പിക്കുന്നത്. പരിപാടിക്ക് തയാറാക്കിയ പോസ്റ്ററിൽ എവിടെയും ‘ഫലസ്തീന് ഐക്യദാർഢ്യം’ എന്ന പരാമർശമില്ല. എന്നാൽ, ഡി.സി.സി തിങ്കളാഴ്ച മലപ്പുറത്ത് സംഘടിപ്പിച്ച പരിപാടിയുടെ തലക്കെട്ട് തന്നെ ഫലസ്തീൻ ഐക്യദാർഢ്യ സംഗമം എന്നായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.