അരീക്കോട്: സംസ്ഥാന അധ്യാപക അവാർഡ് തിളക്കത്തിൽ അരീക്കോട് ജി.എം.യുപി സ്കൂളിലെ ഇംഗ്ലീഷ് അധ്യാപകൻ അഷ്റഫ് മോളയിൽ. യു.പി വിഭാഗത്തിൽ മികച്ച അധ്യാപകനുള്ള സംസ്ഥാന സർക്കാർ പുരസ്കാരമാണ് തേടിയെത്തിയത്. സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ രൂപരേഖ മാറ്റത്തിൽ വഹിച്ച പ്രധാന പങ്കാണ് പുരസ്കാരത്തിന് അടിസ്ഥാനം. സംസ്ഥാന സർക്കാർ എസ്.സി.ഇ.ആർ.ടി നേതൃത്വത്തിൽ നടപ്പാക്കിയ ചരിത്രപരമായ പാഠ്യപദ്ധതി പരിഷ്കരണ പ്രക്രിയയിൽ തുടക്കം മുതൽ ഒടുക്കം വരെ പങ്കെടുത്ത വ്യക്തിയായിരുന്നു.
മൂന്ന്, നാല്, അഞ്ച് ക്ലാസുകളിലെ ഇംഗ്ലീഷ് പാഠ്യപുസ്തകങ്ങളുടെ രചന, എഡിറ്റിങ്, നിർമാണ ഘട്ടങ്ങളിൽ സജീവമായി പങ്കെടുത്തു. ഈ ക്ലാസുകളിലെ അധ്യാപക സഹായികളുടെ നിർമാണത്തിലും വൈദഗ്ധ്യം പ്രയോജനപ്പെടുത്തി. കൈറ്റ് വിക്ടേഴ്സിൽ ഇംഗ്ലീഷ് ക്ലാസുകൾ കൈകാര്യം ചെയ്ത അഷ്റഫ് പ്രൈമറി തലത്തിൽ ഇംഗ്ലീഷ് വായനയുടെ ഗുണനിലവാരം ഉയർത്താൻ ‘റേസിപ്രോക്കൽ റീഡിങ്’ എന്ന നൂതന സങ്കേതം വികസിപ്പിച്ചു.
അരീക്കോട് ജി.എം.യു.പി സ്കൂളിനെ മാതൃക വിദ്യാലയമാക്കുന്നതിൽ നിർണായക നേതൃത്വം വഹിച്ചു. സാമൂഹിക പങ്കാളിത്തത്തോടെ നിർമിച്ച ‘മൾട്ടി ലാംഗ്വേജ് സ്റ്റുഡിയോ’ വിദ്യാർഥികൾക്ക് ഭാഷാപഠനത്തിന് സമഗ്രമായ മാധ്യമമായി. ഒ.വി. വിജയൻ മെമ്മോറിയൽ ഡിജിറ്റൽ ലൈബ്രറി, ഓപൺ ജിം എന്നിവയും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ സ്ഥാപിക്കപ്പെട്ടവയാണ്.
പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് സഹായം നൽകാൻ ‘സ്മാർട്ട് സ്മാർട്ട്’, മത്സരപരീക്ഷകൾക്ക് കുട്ടികളെ സജ്ജമാക്കുന്ന ‘സ്പേസ്’ ഇംഗ്ലീഷ് ആശയ വിനിമയശേഷി മെച്ചപ്പെടുത്തുന്ന ‘അലേർട്ട്’ തുടങ്ങി അദ്ദേഹം അരീക്കോട് ജി.എം.യുപി സ്കൂളിൽ നടപ്പാക്കിയ വിവിധ അക്കാദമിക് പദ്ധതികൾ സംസ്ഥാന തലത്തിൽ ശ്രദ്ധേയമായിരുന്നു. പുരസ്കാരം സ്കൂളിനും കൂടി അർഹതപ്പെട്ടതാണെന്ന് അഷ്റഫ് മോളയിൽ പ്രതികരിച്ചു. ഊർങ്ങാട്ടിരി പഞ്ചായത്തിലെ മൂർക്കനാട് സ്വദേശിയാണ്. ഭാര്യ ഷെറീന. മക്കൾ: അൻഷിദ,അൽഫ, അസീം, അയാൻ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.