അരീക്കോട് ഒപ്പത്തിനൊപ്പം: പോര് മുറുകി

അരീക്കോട്: അരീക്കോട് ഗ്രാമ പഞ്ചായത്തിൽ എൽ.ഡി.എഫും യു.ഡി.എഫും തമ്മിലുള്ള പോര് മുറുകുന്നു. തുടർ ഭരണത്തിനായി യു.ഡി.എഫും ഭരണം പിടിക്കാനായി എൽ.ഡി.എഫും തമ്മിൽ വാശിയേറിയ പോരാട്ടമാണ് അരീക്കോട് പഞ്ചായത്തിൽ പുരോഗമിക്കുന്നത്. കഴിഞ്ഞ തവണ 18 വാർഡുള്ള പഞ്ചായത്തിൽ 10 ഇടത്ത് യു.ഡി.എഫും എട്ടിടത്ത് എൽ.ഡി.എഫുമാണ് വിജയിച്ചത്. രണ്ട് മുന്നണികൾക്കും വ്യക്തമായ ഭൂരിപക്ഷമുള്ള പഞ്ചായത്താണെങ്കിലും ഭരണഭാഗ്യം കഴിഞ്ഞ 15 വർഷമായി യു.ഡി.എഫിനൊപ്പമാണ്. എന്നാൽ, ഇത്തവണ പഞ്ചായത്ത് തിരിച്ചുപിടിക്കാൻ കഴിയുമെന്നാണ് എൽ.ഡി.എഫ് നേതൃത്വം പ്രതീക്ഷിക്കുന്നത്.

എൽ.ഡി.എഫിന്റെ അരീക്കോട് പഞ്ചായത്തിലെ അവസാന പ്രസിഡന്റ് നിര്യാതനായ എം.ടി. അലികുട്ടിയാണ്. അദ്ദേഹത്തിന് ശേഷം ഇത്തവണ എൽ.ഡി.എഫിന് ഭരണസമിതി ഉണ്ടാകുമെന്നാണ് നേതാക്കൾ പറയുന്നത്. എന്നാൽ, കഴിഞ്ഞ അഞ്ചു വർഷക്കാലത്തെ മികച്ച വികസന പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടിയാണ് യു.ഡി.എഫ് പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും വോട്ടഭ്യർഥിക്കുന്നത്. വാർഡ് വിഭജനത്തിലൂടെ രണ്ട് വാർഡുകളാണ് പഞ്ചായത്തിന് പുതുതായി ലഭിച്ചത്. പ്രസിഡന്റ് സ്ഥാനം ഇക്കുറി നറുക്കെടുപ്പിലൂടെ വനിത സംവരണമാണ്. യു.ഡി.എഫിനായി 13 വാർഡിൽ മുസ്‍ലിം ലീഗും ഏഴു വാർഡിൽ കോൺഗ്രസുമാണ് മത്സരിക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ് നൗഷർ കല്ലട മത്സരരംഗത്തുണ്ട്. ഉഗ്രപുരം വാർഡിൽനിന്നാണ് ജനവിധി തേടുന്നത്.

അതേസമയം, പഞ്ചായത്തിൽ രണ്ടാംഘട്ട പ്രചാരണം മികച്ച രീതിയിലാണ് മുന്നണികൾ കൊണ്ടുപോകുന്നത്. വീടുകയറിയുള്ള വോട്ടുപിടിത്തവും വിവിധ തരത്തിലുള്ള കൺവെൻഷനുകളുമാണ് ഇപ്പോൾ പുരോഗമിക്കുന്നത്. ചില വാർഡുകളിൽ സ്വതന്ത്ര സ്ഥാനാർഥികളും മത്സരത്തുണ്ട്. ഇവരുടെ സ്ഥാനാർത്ഥിത്വം വളരെ ഗൗരവത്തോടെ തന്നെയാണ് മുന്നണികൾ നോക്കിക്കാണുന്നത്. എ ഗ്രേഡ് പഞ്ചായത്ത് എന്ന നിലയിൽ അരീക്കോട് പഞ്ചായത്തിൽ വേണ്ടത്ര വികസന പ്രവർത്തനങ്ങൾ നടത്തിയില്ല.

അതുകൊണ്ട് അരീക്കോട് പഞ്ചായത്തിന്റെ മുഖച്ഛായ മാറ്റാനാണ് എൽ.ഡി.എഫ് നോക്കുന്നതെന്ന് സി.പി.എം അരീക്കോട് ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.എ. സാദിൽ പറഞ്ഞു. എല്ലാ മേഖലയിലും കഴിഞ്ഞ 15 വർഷമായും മികച്ച വികസനങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. അതിൽനിന്ന് വേറിട്ട പുതിയ പദ്ധതികളാണ് ഇത്തവണ യു.ഡി.എഫ് ലക്ഷ്യമിടുന്നതെന്ന് അരീക്കോട് പഞ്ചായത്ത് മുസ്‍ലിം ലീഗ് സെക്രട്ടറി ഉമ്മർ വെള്ളരി പറഞ്ഞു. അരീക്കോട് താലൂക്ക് ആശുപത്രി പഞ്ചായത്ത് സ്റ്റേഡിയം ഉൾപ്പെടെ പ്രധാന പദ്ധതികൾ പാതിവഴിയിൽ നിൽക്കുമ്പോൾ ഇത് തിരിച്ചടിയാകുമോ എന്ന ആശങ്കയും യു.ഡി.എഫിനുണ്ട്. ഇക്കാര്യങ്ങൾ വലിയ രീതിയിൽ ചർച്ചയാക്കിയാണ് എൽ.ഡി.എഫ് പ്രചാരണം നടത്തുന്നത്.

നി​ല​വി​ലെ ക​ക്ഷി നി​ല

  • യു.​ഡി.​എ​ഫ് - മു​സ്‍ലിം ലീ​ഗ് 9, കോ​ൺ​ഗ്ര​സ് 1
  • എ​ൽ.​ഡി.​എ​ഫ് -സി.​പി.​എം 8
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.