പ്രതീകാത്മക ചിത്രം
അരീക്കോട്: ഏറനാട് മണ്ഡലത്തിലെ പ്രധാന മലയോര പഞ്ചായത്തായ ഊർങ്ങാട്ടിരിയിൽ ഇടതു-വലത് മുന്നണികൾ തമ്മിൽ കനത്ത പോരാട്ടമാണ് ഇക്കുറി നടക്കുന്നത്. യു.ഡി.എഫിനും എൽ.ഡി.എഫിനും കൃത്യമായ വേരോട്ടമുള്ള പഞ്ചായത്തിൽ ഇത്തവണ ഇരുകൂട്ടരും വലിയ പ്രതീക്ഷയിലാണ്. 2015 ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ യു.ഡിഎഫിന്റെ കോട്ട പൊളിച്ചായിരുന്നു എൽ.ഡി.എഫിന്റെ മിന്നുംവിജയം. എന്നാൽ 2020ൽ ഇത് നിലനിർത്താൻ എൽ.ഡി.എഫിനായില്ല വീണ്ടും യു.ഡി.എഫ് കൂടുതൽ ശക്തിയോടെ തിരിച്ചെത്തി. തുടർന്ന് വീണ്ടും മറ്റൊരു തെരഞ്ഞെടുപ്പിലേക്ക് കടക്കുമ്പോൾ വലിയ വീറും വാശിയോടെയാണ് രണ്ടു മുന്നണികളും മത്സരത്തെ നോക്കി കാണുന്നത്.
മലപ്പുറം കോഴിക്കോട് ജില്ലയുടെ അതിർത്തി പങ്കിടുന്ന പഞ്ചായത്തിൽ ക്രിസ്ത്യൻ കുടിയേറ്റ കർഷകർ മുതൽ ആദിവാസികളടക്കം നിരവധി പേരാണ് താമസിക്കുന്നത്. പ്രധാനമായും ഇവർ തന്നെയാണ് ഈ മേഖലയിലെ പ്രധാന വോട്ടർമാരും. 76 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഊർങ്ങാട്ടിരി ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഗ്രാമപഞ്ചായത്തുകളിൽ ഒന്നാണ്. അതുകൊണ്ടുതന്നെ എല്ലാ മുന്നണികളും വളരെയധികം സജീവ പ്രവർത്തനമാണ് പഞ്ചായത്തിൽ കാഴ്ചവെക്കുന്നത്. 24 സീറ്റിൽ എൽ.ഡി.എഫിനായി 18 വാർഡിൽ സി.പി.എമ്മും മൂന്നു വാർഡിൽ സി.പി.ഐയും ശേഷിക്കുന്ന മൂന്ന് സീറ്റിൽ കേരള കോൺഗ്രസും മത്സരിക്കാനുമാണ് ധാരണയായത്.
എല്ലാ വാർഡുകളിലും എൽ.ഡി.എഫ് മികച്ച സ്ഥാനാർഥികളെയാണ് ഇറക്കിയിരിക്കുന്നത്. ഊർങ്ങാട്ടിരി സർവിസ് സഹകരണ ബാങ്ക് സെക്രട്ടറി ടി.പി. അൻവർ ഉൾപ്പെടെ ഇത്തവണ സ്ഥാനാർഥികളായി മത്സരംഗത്തുണ്ട്. കഴിഞ്ഞ തവണത്തെ യു.ഡിഎഫിന്റെ ഭരണ കോട്ടങ്ങൾ എണ്ണി പറഞ്ഞാണ് എൽ.ഡി.എഫ് പ്രചാരണം. പഞ്ചായത്തിൽ 2015 ആവർത്തിക്കും എന്നാണ് പഞ്ചായത്തിലെ എൽ.ഡി.എഫ് നേതാക്കൾ പറയുന്നത്.
ആദിവാസി മേഖലയിലെ പ്രശ്നങ്ങൾ കുടിവെള്ള പ്രശ്നം, കാർഷിക പ്രശ്നങ്ങൾ, വന്യജീവി ശല്യം ഉൾപ്പെടെയുള്ള വിഷയങ്ങൾ മുൻനിർത്തിയാണ് മണ്ഡലത്തിൽ എൽ.ഡി.എഫ് വോട്ട് അഭ്യർഥിക്കുന്നത്. അതേസമയം 24 വാർഡിലും മികച്ച സ്ഥാനാർഥികളെ ഇറക്കിയാണ് യു.ഡിഎഫും ഇത്തവണ ഭരണം നിലനിർത്താൻ എൽ.ഡി.എഫിനോട് പൊരുതുന്നത്. പഞ്ചായത്തിൽ കഴിഞ്ഞ അഞ്ചുവർഷക്കാലം നടത്തിയ മികച്ച വികസന പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടിയാണ് യു.ഡി.എഫ് പഞ്ചായത്തിൽ വോട്ട് അഭ്യർഥിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.