അബ്ബാസ്
അരീക്കോട്: കടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഗർഭിണിയുടെ മുറിയിൽനിന്ന് പണം മോഷണം നടത്തി മുങ്ങിയ പ്രതി പൊലീസ് പിടിയിൽ. പട്ടിക്കാട് മണ്ണാർമല സ്വദേശി അബ്ബാസ് പാറയിലിനെയാണ് (58) അരീക്കോട് എസ്.എച്ച്.ഒ. വി. സിജിത്ത് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.
ഗർഭിണിയെ ബന്ധുക്കൾ സ്കാനിങ്ങിനായി കൊണ്ടുപോയതായിരുന്നു. ഈ സമയം പ്രതി മുറിയിൽ എത്തി 51,000 രൂപയാണ് കവർന്നത്. സ്കാനിങ് കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് മുറിയിലുള്ളവർ മോഷണ വിവരം അറിയുന്നത്. തുടർന്ന് ഈ വിവരം ഉടൻ ആശുപത്രി അധികൃതരെ വിവരം അറിയിക്കുകയും ഇതിന്റെ അടിസ്ഥാനത്തിൽ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് പ്രതിമോഷണം നടത്തുന്ന ദൃശ്യങ്ങൾ കണ്ടെത്തിയത്.
തുടർന്ന് സി.സി.ടി.വി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ വലിയ രീതിയിൽ പ്രചരിക്കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് സ്ഥിരം മോഷണക്കേസിലെ പ്രതിയായ മണ്ണാർമല സ്വദേശി അബ്ബാസാണ് മോഷണം നടത്തിയതെന്ന് സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് കണ്ടെത്തിയത്.
തുടർന്ന് ഇയാളെ അരീക്കോട് പൊലീസിന്റെ നേതൃത്വത്തിൽ കണ്ടെത്തി പിടികൂടുകയായിരുന്നു. സമാനമായ നിരവധി മോഷണ കേസുകളിൽ പ്രതിയാണ് പിടിയിലായ അബ്ബാസെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ തുടർനടപടികൾ പൂർത്തിയാക്കി മഞ്ചേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.