പതിറ്റാണ്ടിനിടെ ജില്ലയിലെ റോഡുകളിൽ പൊലിഞ്ഞത് നാലായിരത്തോളം ജീവൻ

മലപ്പുറം: പത്തു വർഷത്തിനിടെ ജില്ലയിലെ റോഡുകളിലുണ്ടായ വാഹനാപകടങ്ങളിൽ പൊലിഞ്ഞത് നാലായിരത്തോളം മനുഷ്യ ജീവൻ. ദേശീയപാത, സംസ്ഥാന പാത, ജില്ല -ഗ്രാമീണ റോഡുകൾ എന്നിവിടങ്ങളിലായി ഉണ്ടായ അപകടങ്ങളിൽ 3,772 പേർ മരിച്ചതായാണ് ജില്ല ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്ക്.

അപകടങ്ങളിൽ പരിക്കേറ്റ് കാലങ്ങളോളം കിടന്നശേഷം മരിച്ചവരുടെ എണ്ണംകൂടി പരിഗണിക്കുമ്പോൾ മരണം നാലായിരത്തോളമെത്തും. ഇക്കാലയളവിനിടയിൽ 27,642 അപകടങ്ങളാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഉണ്ടായത്. ഈ വർഷം ഇതുവരെ വിവിധ അപകടങ്ങളിലായി നൂറോളം ജീവനും നഷ്ടമായി.

ഇരുചക്ര വാഹനയാത്രികരാണ് അപകടത്തിൽപെടുന്നതിലേറെയും. മരിക്കുന്നവരിൽ മുന്നിലുള്ളത് 20നും 40നും ഇടയിൽ പ്രായമുള്ളവരാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു. 32,538 പേർക്കാണ് പരിക്കേറ്റത്. ഇതിൽ നിരവധി പേർ ഇപ്പോഴും പൂർണ ആരോഗ്യം വീണ്ടെടുക്കാനാവാതെ ആശുപത്രിയും വീടുമായി കഴിഞ്ഞുകൂടുകയാണ്. ഇതുവരെ ഒന്നിളകാൻപോലുമാകാതെ ജീവച്ഛവമായി കഴിയുന്നവരുമുണ്ട്. ഹെവി വാഹനങ്ങളിൽ സ്വകാര്യ ബസുകളും ടിപ്പർ ലോറികളുമാണ് അപകടമുണ്ടാക്കുന്നതിൽ മുന്നിലുള്ളത്. മറ്റു ജില്ലകളുമായി താരതമ്യപ്പെടുത്തുമ്പോൾ അപകടമരണങ്ങളിൽ ഏറെ മുന്നിലാണ് മലപ്പുറം.

അമിതവേഗവും അശ്രദ്ധയുമാണ് മിക്കപ്പോഴും അപകടമുണ്ടാക്കുന്നത്. ഗതാഗത നിയമലംഘനവും അപകടങ്ങൾക്ക് കാരണമാകുന്നു. അപകടത്തിൽ പരിക്കേൽക്കുന്ന ഇരുചക്ര വാഹന യാത്രികർ മരിക്കാനുള്ള പ്രധാന കാരണം ഹെൽമറ്റ് ധരിക്കാത്തതാണ്.

ഹെൽമറ്റ് ഉപയോഗിക്കുന്നവർ തലക്ക് ഗുരുതര പരിക്കേൽക്കാതെ മരണത്തിൽനിന്ന് കഷ്ടിച്ച് രക്ഷപ്പെടുന്നുണ്ട്.

അഞ്ചുപേരടങ്ങുന്ന കുടുംബം ഒന്നടങ്കം അപകടത്തിൽ മരിച്ചതും ബൈക്കിൽ പോയ മൂന്നു യുവാക്കൾ ബസിനടിയിൽപെട്ട് മരിച്ചതും ബസ് കാത്ത് റോഡരികിൽനിന്ന് വിദ്യാർഥികളിലേക്ക് ലോറി പാഞ്ഞുകയറിയതും വാഹനാപകടത്തിൽ കൈക്കുഞ്ഞ് ഉൾപ്പെടെ മരിച്ചതുമെല്ലാം ജില്ലയിലെ ദാരുണ സംഭവങ്ങളാണ്.

പത്തു വർഷത്തിനിടെ 2016ലാണ് ഏറ്റവും കൂടുതൽ പേർ അപകടങ്ങളിൽ മരിച്ചത്. ഈ വർഷം 2738 അപകടങ്ങളിലായി 402 ജീവനാണ് പൊലിഞ്ഞത്.

കുറവ് 2020, 2021ലുമാണ്. ഈ വർഷങ്ങളിൽ യഥാക്രമം 247ഉം 292ഉം ആയിരുന്നു മരണസംഖ്യ. കോവിഡ് ലോക്ഡൗൺ ഉൾപ്പെടെ കാരണത്താലാണ് ഈ വർഷങ്ങളിൽ അപകടത്തിലും മരണത്തിലും കുറവുണ്ടായത് എന്നാണ് പൊലീസ് പറയുന്നത്. ഓരോ വർഷവും ശരാശരി 350 പേരിലധികമാണ് ജില്ലയിൽ മരിക്കുന്നത്. ചുരുക്കത്തിൽ വാഹനാപകട മരണങ്ങളില്ലാത്ത ദിവസങ്ങൾ ജില്ലക്കില്ല. 

Tags:    
News Summary - About 4,000 lives have been lost on the district's roads in a decade

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.