ക​വ​ള​മു​ക്ക​ട്ട നി​വാ​സി​ക​ൾ ബ​സ് ഡ്രൈ​വ​ർ കെ.​സി. ഷൗ​ക്ക​ത്ത​ലി​യെ പൊ​ന്നാ​ട​യ​ണി​യി​ച്ച് ആ​ദ​രി​ക്കു​ന്നു

മൂന്നുപതിറ്റാണ്ടായി വളയം പിടിക്കുന്നു; ബസ് ഡ്രൈവർക്ക് നാട്ടുകാരുടെ സ്നേഹാദരം

പൂക്കോട്ടുംപാടം: മൂന്നുപതിറ്റാണ്ടായി വളയം പിടിക്കുന്ന സ്വകാര്യ ബസ് ഡ്രൈവർക്ക് നാട്ടുകാരുടെ സ്നേഹാദരം. കവളമുക്കട്ട പൗരാവലിയാണ് തേൾപ്പാറ-നിലമ്പൂർ റൂട്ടിൽ ബസ് ഓടിക്കുന്ന ഡ്രൈവർ കെ.സിയെന്ന ചുരുക്ക പേരിൽ നാട്ടുകാർ വിളിക്കുന്ന കെ.സി. ഷൗക്കത്തലിയെ പൊന്നാടയണിച്ച് ഉപഹാരം നൽകി ആദരിച്ചത്. യാത്രക്കാർക്കും നാട്ടുകാർക്കും ജനകീയ ഡ്രൈവറാണ് ഷൗക്കത്തലി.

30 വർഷങ്ങൾക്ക് മുമ്പ് ഡ്രൈവറായി ജോലി ആരംഭിച്ച വി.പി. അഷ്റഫിന്റെ ഉടമസ്ഥതയിലുള്ള വി.പി ബസിൽതന്നെയാണ് ഇന്നും ഷൗക്കത്തലി വളയം പിടിക്കുന്നത്. റോഡ് ഉപയോഗിക്കുന്ന മറ്റ് വാഹന യാത്രികരെ കൂടി പരിഗണിക്കുന്ന തരത്തിലാണ് കെ.സിയുടെ ഡ്രൈവിങ് എന്നാണ് നാട്ടുകാർ പറയുന്നത്. ദീർഘകാലം ഓരേ റൂട്ടിൽ തന്നെ ജോലി ചെയ്യുന്നതിനാൽ കെ.സിയെ നാട്ടുകാർക്ക് ഏറെ സുപരിചിതനാണ്. എത്ര തിരക്ക് പിടിച്ചുള്ള യാത്രയാണെങ്കിലും പുഞ്ചിരിയോടെ സൗഹൃദം പങ്കിട്ടുള്ള യാത്രകളാണ് കെ.സിയെ മറ്റ് ഡ്രൈവർമാരിൽനിന്ന് വ്യത്യസ്തനാക്കുന്നത്.

നിലമ്പൂർ രാമംകുത്ത് നേതാജി റോഡിൽ കണ്ണച്ചത്താണ് ഷൗക്കത്തലി താമസിക്കുന്നത്. മകളുടെ കല്യാണവും രണ്ട് ആൺകുട്ടികളുടെ പഠനവും തന്റെ ഡ്രൈവർ ജോലി കൊണ്ടാണ് സാധിച്ചതെന്ന് കെ.സി പറഞ്ഞു. തനിക്ക് ജോലി ചെയ്യാൻ കഴിയുന്നതുവരെ ഇതേ ബസിൽ തന്നെ തുടരാനാണ് ആഗ്രഹം. ഭാര്യ സലീനയുടെ പിന്തുണയും തന്‍റെ ജോലിക്കുണ്ടെന്ന് കെ.സി. കൂട്ടിച്ചേർത്തു.

ഏറെക്കാലമായി അമിത വേഗതയില്ലാതെയും സുരക്ഷിതമായും വാഹനം ഓടിക്കുന്ന കെ.സിയെ ആദരിക്കാൻ കവള മുക്കട്ട നിവാസികൾ തീരുമാനിക്കുകയായിരുന്നു. കവളമുക്കട്ട നിവാസികളായ ചേക്കത്ത് ഇസ്മയിൽ, വേലായുധൻ, സുനിൽ ബാബു, കണക്കയിൽ ഇസ്മയിൽ, രാമദാസ്, സുബിൻ പ്രസാദ്, അബ്ദുൽ കരീം തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ആദരവ് നൽകിയത്.

Tags:    
News Summary - 30 years of service; Locals pay Respect to the bus driver

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.