മണിചെയിന്‍ മോഡല്‍ തട്ടിപ്പ്; 50 കോടി തട്ടിയ സംഘത്തിലെ പ്രധാനി പിടിയില്‍

കൊണ്ടോട്ടി: മണിചെയിന്‍ മാതൃകയില്‍ കേരളത്തിന്​ പുറമെ തമിഴ്‌നാട്, ബംഗാള്‍ സംസ്ഥാനങ്ങളിലെ വിവിധ ജില്ലകള്‍ കേന്ദ്രീകരിച്ച് കോടികളുടെ തട്ടിപ്പ്​ നടത്തിയ സംഘത്തിലെ മുഖ്യ കണ്ണി പിടിയില്‍. തൃശൂര്‍ തൃക്കൂര്‍ തലോര്‍ സ്വദേശി ഊട്ടോളി ബാബു (50) എന്ന മീശ ബാബുവാണ് പിടിയിലായത്. തൃശൂരിലെ ഒളിത്താവളത്തില്‍ മറ്റൊരു പേരില്‍ കമ്പനി നിർമിച്ച് പണം തട്ടാനുള്ള പദ്ധതിക്കിടെ പ്രത്യേക അന്വേഷണ സംഘം പിടികൂടുകയായിരുന്നു. കൊണ്ടോട്ടി മുസ്​ലിയാരങ്ങാടി സ്വദേശിയുടെ 23 ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് സംഘത്തെക്കുറിച്ച് സൂചന ലഭിച്ചത്. 2020ലാണ്​ തൃശൂരും കോഴിക്കോടും കേന്ദ്രീകരിച്ച് വണ്‍ ഇന്‍ഫോ ട്രേഡ് പ്രൈവറ്റ് എന്ന സ്ഥാപനം പട്ടാമ്പി സ്വദേശി രതീഷ് ചന്ദ്രയുമായി ചേര്‍ന്ന്​ ബാബു ആരംഭിച്ചതെന്ന് പൊലീസ് അറിയിച്ചു. പിന്നീട് മള്‍ട്ടിലെവല്‍ ബിസിനസ് നടത്തുന്ന ചിലരെക്കൂടി ഉള്‍പ്പെടുത്തി. എല്ലാ ജില്ലകളിലും എക്‌സിക്യൂട്ടിവുമാരെ വലിയ ശമ്പളത്തില്‍ നിയമിക്കുകയും 11,250 രൂപ കമ്പനിയില്‍ അടച്ച്​ ചേരുന്നവർക്ക്​ ആറുമാസം കഴിഞ്ഞ് രണ്ടു വര്‍ഷത്തിനുള്ളില്‍ 10 തവണകളായി 2,70,000 രൂപ, കൂടാതെ ആര്‍.പി ബോണസായി 81 ലക്ഷം രൂപ, റെഫറല്‍ കമീഷനായി 20 ശതമാനം എന്നിങ്ങ​നെ ലഭിക്കുമെന്നായിരുന്നു വാഗ്ദാനം. ഒരാളെ ചേര്‍ത്താല്‍ 2000 രൂപയും 100 പേരെ ചേര്‍ത്താല്‍ കമ്പനിയുടെ സ്ഥിരം സ്റ്റാഫും വന്‍ സാലറിയും ലഭിക്കുമെന്ന വാഗ്ദാനത്തില്‍ ഗള്‍ഫില്‍നിന്ന് തിരിച്ചെത്തിയവരും വീട്ടമ്മമാരും കുടുംബശ്രീ പ്രവര്‍ത്തകരുമാണ് കുടുങ്ങിയത്. പൊലീസ് സൈബര്‍ ഡോമിന്‍റ പേരില്‍ വ്യാജ ബ്രോഷറുകള്‍ വിതരണം ചെയ്തും ബിസിനസ് മാസികകളില്‍ സ്പോണ്‍സേഡ്​ ലേഖനങ്ങള്‍ പ്രസിദ്ധീകരിപ്പിച്ചുമാണ് തട്ടിപ്പ്​ നടത്തിവന്നത്. തട്ടിപ്പിലൂടെ സമ്പാദിച്ച പണം ആഡംബര വാഹനങ്ങള്‍ വാങ്ങാനും ഫ്ലാറ്റുള്‍പ്പെടെ സ്ഥലങ്ങള്‍ വാങ്ങാനും ഉപയോഗിച്ചതായും ക്രിപ്‌റ്റോ കറൻസിയാക്കി വിദേശത്തേക്ക് കടത്തിയതായും വിവരം ലഭിച്ചു. mpg kdy kdy1 thattippu ബാബു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.