മലപ്പുറം: കാർഷിക മേഖലയിലും ആരോഗ്യ വിദ്യാഭ്യാസ രംഗത്തും പ്രാദേശിക സാമ്പത്തിക വികസനത്തിനും മുൻഗണന നൽകി ജില്ല പഞ്ചായത്തിന്‍റെ 215 കോടി രൂപയുടെ വാർഷിക പദ്ധതിക്ക് ജില്ല ആസൂത്രണ സമിതി അംഗീകാരം. ഉൽപാദന മേഖല - 22.58 കോടി, സേവന മേഖല - 87.63 കോടി, അടിസ്ഥാന സൗകര്യ വികസനം - 31.69 കോടി, സ്പിൽ ഓവർ പദ്ധതികൾ എന്നിവ ഉൾപ്പെടെ 1204 പദ്ധതികൾക്കാണ് അംഗീകാരമായത്. ജില്ലയിലെ എല്ലാ സർക്കാർ ഹൈസ്കൂളുകളിലേക്കും ബെഞ്ചും ഡെസ്കും നൽകാൻ 2.75 കോടി, ക്ലാസ് മുറികളിൽ വൈറ്റ് ബോർഡ് സ്ഥാപിക്കാൻ 99 ലക്ഷം, സ്കൂളുകളിൽ സ്റ്റാഫ് റൂം, ലാബ് റൂം എന്നിവയുടെ ആധുനികവത്കരണത്തിനായി 4.25 കോടി, ഡയാലിസിസ് രോഗികൾക്ക് ധനസഹായത്തിന് 30 ലക്ഷം, കരൾ മാറ്റിവെച്ച രോഗികൾക്ക് മരുന്ന് നൽകാൻ ഒരു കോടി, പ്രവാസികൾക്കായി ത്രിതല പഞ്ചായത്ത്, സ്വകാര്യ പങ്കാളിത്തത്തോടെ വിഭാവന ചെയ്യുന്ന വ്യവസായ എസ്റ്റേറ്റിന് രണ്ട് കോടി, സ്വാതന്ത്ര്യ സമര സേനാനികൾക്കായി പൂക്കോട്ടൂരിൽ സ്മാരകം നിർമിക്കുന്നതിന് സ്ഥലം വാങ്ങാൻ ഒരു കോടി, മലബാർ സ്വാതന്ത്ര്യ സമര നായകൻ വാരിയൻകുന്നത്ത് കുഞ്ഞഹമ്മദാജി സ്മാരകത്തിന് സ്ഥലം വാങ്ങാൻ 75 ലക്ഷം എന്നിവ ഈ വർഷത്തെ പദ്ധതികളിൽ ശ്രദ്ധേയമായവയാണ്. ജില്ലയിലെ ഹയർ സെക്കൻഡറി കഴിഞ്ഞ വിദ്യാർഥികൾക്ക് കേന്ദ്ര സർവകലാശാലകളിൽ പ്രവേശനം ഉറപ്പാക്കാൻ 'വിങ്സ് മലപ്പുറം' പേരിൽ നടപ്പാക്കുന്ന നൂതന പദ്ധതിക്കായി 10 ലക്ഷം രൂപയും മാറ്റിവെച്ചു. 'സാഗി' മാതൃകയിൽ ഒരു പഞ്ചായത്തിൽ ഒരു വാർഡ് മാതൃകാ ഗ്രാമമായി ഏറ്റെടുക്കുന്ന 'എന്‍റെ ഗ്രാമം' പദ്ധതിക്കും അംഗീകാരം ലഭിച്ചു. ജില്ല ആസൂത്രണ സമിതി അധ്യക്ഷ എം.കെ. റഫീഖ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി പ്ലാനിങ് ഓഫിസർ ബാബു കുമാർ, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഇസ്മായിൽ മൂത്തേടം, ഡി.പി.സി അംഗങ്ങളായ എ.പി. ഉണ്ണികൃഷ്ണൻ, പി.വി. മനാഫ് അരീക്കോട്, ഫൈസൽ എടശ്ശേരി, കണ്ണിയൻ അബൂബക്കർ, കെ.ടി. അജ്മൽ, റൈഹാനത്ത് കുറുമാടൻ, ശ്രീദേവി പ്രാക്കുന്ന്, സമീറ പുളിക്കൽ, സുഭദ്ര ശിവദാസൻ, കെ. കലാം മാസ്റ്റർ, പി. ഷഹർബാൻ, നസീമ ആളത്തിൽ എന്നിവർ സംസാരിച്ചു. ഫോട്ടോ: m3ma2
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.