വള്ളിക്കുന്ന്: ശ്രീകൃഷ്ണ ജയന്തി ആഘോഷ ഭാഗമായി നടക്കുന്ന ശോഭായാത്രക്ക് പൊലിമ നൽകി സുനിൽ തേഞ്ഞിപ്പലത്തിന്റെ കരവിരുതിൽ പിറവി എടുത്തത് 10 നിശ്ചല ദൃശ്യങ്ങൾ. പ്രളയവും കോവിഡും കാരണം മൂന്ന് വർഷത്തെ ഇടവേളക്ക് ശേഷമാണ് ശോഭായാത്ര നടക്കുന്നത്. നിരവധി സിനിമകളിൽ അസോസിയേറ്റ് കലാ സംവിധായകനായ സുനിൽ തേഞ്ഞിപ്പലം സിനിമലോകത്തെ തിരക്കുകൾ മാറ്റിവെച്ചാണ് നിശ്ചലദൃശ്യങ്ങൾ ഒരുക്കാൻ എത്തിയത്. 11ാം വയസ്സിലാണ് സുനിൽ നിശ്ചലദൃശ്യങ്ങൾ ഉണ്ടാക്കാൻ തുടങ്ങിയത്. 43ാം വയസ്സിലും ഇദ്ദേഹത്തിന്‍റെ കരവിരുതിൽ തീർത്ത നിശ്ചല ദൃശ്യങ്ങൾ ആണ് കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ ബാലഗോകുലങ്ങൾ നടത്തുന്ന ശോഭായാത്രക്ക് പൊലിമ നൽകുന്നത്. മഹാവീര ഹനുമാൻ, നരസിംഹം, വത്സാ സുരൻ, കുവലയാ പീഠം, മത്സ്യാവതാരം, പൂതനാ മോക്ഷം, രാമേശ്വര ശിവപൂജ, കൃഷ്ണനെ കാരാഗൃഹത്തിൽനിന്ന് കൊണ്ടുപോവുന്നത് ഉൾപ്പെടെയുള്ള ദൃശ്യങ്ങൾ ആണ് ഇത്തവണ ഒരുക്കിയത്. കമ്പി, തെർമോകോൾ, പോളിഫോം എന്നിവകൊണ്ടാണ് ദൃശ്യങ്ങൾ ഉണ്ടാക്കുന്നത്. സുനിലിന് പുറമെ രതീഷ് കൗസ്തുഭം, സുനി അരീപാറ, ലിജിത് ഉപാസന, സുമേഷ് കളിയാട്ടമുക്ക്, രഞ്ജിത്ത് കളിയാട്ടമുക്ക്, ഉണ്ണികൃഷ്ണൻ നെച്ചിക്കാട്, ഹരിദേവ്, ഗിരീഷ്, സജീഷ് വൈക്കത്തുപാടം എന്നിവരും സഹായികളായി ഉണ്ട്. തേഞ്ഞിപ്പലം ആലുങ്ങൽ സ്വദേശിയായ സുനിൽ ഇപ്പോൾ കുടുംബ സമേതം മഞ്ചേരിയിലാണ് താമസം. ഭാര്യ സുനിത, ശ്രീകശ്യപ്, ശ്രീ ദേവതീർഥ്, ശ്രീ വേദനാഥ് എന്നിവർ അടങ്ങിയതാണ് കുടുംബം. പടം.MPG VLKN 1 ഫോട്ടോ. ശ്രീകൃഷ്ണ ജയന്തിക്കുള്ള നിശ്ചലദൃശ്യങ്ങൾ ഒരുക്കുന്ന സുനിൽ തേഞ്ഞിപ്പലവും സംഘവും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.