വിമാനത്താവളത്തിനുള്ളിൽനിന്ന്​ രണ്ട് കോടിയുടെ സ്വർണം പിടികൂടി

കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ രണ്ട്​ കോടി രൂപയുടെ സ്വർണം പിടികൂടി. കോഴിക്കോട് പ്രിവന്‍റീവ്​ കസ്റ്റംസാണ് സ്വർണം പിടിച്ചത്. വിമാനത്താവളത്തിന്​ പുറത്തുനിന്ന്​ പൊലീസ് പിടികൂടിയതിന്​ പുറ​മെയാണ് കസ്റ്റംസ്, വിമാനത്താവളത്തിനുള്ളിൽനിന്ന്​ സ്വർണം പിടികൂടിയത്. പൊലീസ്​ നാല്​ കേസുകളിലായി 2,455.4 ഗ്രാം സ്വർണമിശ്രിതമാണ്​ പിടിച്ചത്​. ദുബൈയിൽനിന്നുള്ള ഇൻഡിഗോ വിമാനത്തിലെത്തിയ തൃത്താല സ്വദേശി ഫൈസലിൽനിന്നാണ് 2093 ഗ്രാം സ്വർണമിശ്രിതം കസ്റ്റംസ്​ കണ്ടെടുത്തത്. യാത്രക്കാരിൽനിന്ന്​ സ്വർണം സ്വീകരിക്കാനെത്തിയ പേരാമ്പ്ര സ്വദേശി അഷ്​റഫിനെയും അറസ്റ്റ് ചെയ്തു. 1289 ഗ്രാം അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച നിലയിലും 804 ഗ്രാം സ്വർണമിശ്രിതം ഗുളിക രൂപത്തിലാക്കി മൂന്ന് പാക്കറ്റുകളിലായി ശരീരത്തിനുള്ളിൽ ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം. കസ്റ്റംസ് പ്രിവന്‍റീവ് ഈ മാസം പിടികൂടുന്ന 13ാമത്​ കേസാണ്. നാല്​ കോടിയോളം രൂപ വില വരുന്ന എട്ടു കിലോഗ്രാം സ്വർണമാണ് ഈ മാസം പിടിച്ചത്. കഴിഞ്ഞ സാമ്പത്തികവർഷം 81 കേസുകളിൽ നന്നായി 66 കിലോ സ്വർണവും പ്രിവന്‍റീവ്​ വിഭാഗം പിടികൂടിയിരുന്നു​. സൂപ്രണ്ടുമാരായ ബഷീർ അഹമ്മദ്, എം. പ്രകാശ്, ഇൻസ്പെക്ടർമാരായ ഫൈസൽ, എം. പ്രതീഷ്, കപിൽ സുരീര, ഹെഡ് ഹവിൽദാർ എം. സന്തോഷ്​കുമാർ എന്നിവരടങ്ങിയ സംഘമാണ് സ്വർണം പിടിച്ചത്. mpgrf1: കോഴിക്കോട് വിമാനത്താവളത്തിൽ പിടികൂടിയ സ്വർണം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.