ഇനാം റഹ്മാൻ മലപ്പുറം: സിൽവർ ലൈൻ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കാൻ നിയോഗിക്കപ്പെട്ട 11 തഹസിൽദാർമാർക്കും സ്പെഷൽ ഡെപ്യൂട്ടി കലക്ടർക്കും സർക്കാർ ഉത്തരവിന് വിരുദ്ധമായി റവന്യൂ വകുപ്പ് ശമ്പളം നൽകുന്നതായി രേഖകൾ. 2022 ജനുവരിയിലെ കണക്കനുസരിച്ച് 13.49 കോടി രൂപയാണ് ഇതിനകം ഉദ്യോഗസ്ഥർക്ക് ശമ്പളമായി റവന്യൂ വകുപ്പ് നൽകിയത്. 18.08.2021ന് പുറപ്പെടുവിച്ച ഉത്തരവിൽ ഇവരുടെ ശമ്പളം സംസ്ഥാന സർക്കാർ അനുവദിച്ച ഫണ്ടിൽനിന്ന് കെ-റെയിലാണ് നൽകുകയെന്നും പദ്ധതിക്ക് കേന്ദ്ര സർക്കാറിന്‍റെയും റെയിൽവേയുടെയും അനുമതി കിട്ടിയ ശേഷമേ ഇത് വിതരണം ചെയ്യാൻ പാടുള്ളൂ എന്നുമാണ് വ്യക്തമാക്കിയത്. അഡീഷനൽ ചീഫ് സെക്രട്ടറി ജ്യോതിലാലാണ് ഉത്തരവിറക്കിയത്. എന്നാൽ, ഇതിന് വിരുദ്ധമായാണ് ഭൂമി ഏറ്റെടുക്കലിന് ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥർക്ക് റവന്യൂ വകുപ്പിൽനിന്ന് ശമ്പളം അനുവദിച്ചത്. ഇതുസംബന്ധിച്ച് കെ-റെയിൽ അധികൃതർക്ക് വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷക്കുള്ള മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം, ഇതേ ആവശ്യമുന്നയിച്ച് വിവരാവകാശ നിയമപ്രകാരം റവന്യൂ വകുപ്പിന് നൽകിയ അപേക്ഷയിൽ എറണാകുളത്തെ സ്പെഷൽ ഡെപ്യൂട്ടി കലക്ടറുടെ ഓഫിസിൽ അന്വേഷിക്കാനായിരുന്നു മറുപടി. ഡെപ്യൂട്ടി കലക്ടറുടെ ഓഫിസിൽ അപേക്ഷ നൽകിയപ്പോൾ ജീവനക്കാർക്ക് ശമ്പളം നൽകുന്നില്ലെന്നാണ് മറുപടി നൽകിയത്. എന്നാൽ, കെ-റെയിൽ അധികൃതരുടെ മറുപടിയിൽ റവന്യൂ വകുപ്പ് ശമ്പളം നൽകിയിട്ടുണ്ടെന്നും വ്യക്തമാക്കിയിരിക്കുന്നു. എറണാകുളത്താണ് സ്പെഷൽ ഡെപ്യൂട്ടി കലക്ടറുടെ ഓഫിസ് പ്രവർത്തിക്കുന്നത്. കാസർകോട്, കണ്ണൂർ, മലപ്പുറം, കോഴിക്കോട്, തൃശൂർ, എറണാകുളം, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് ഭൂമി ഏറ്റെടുക്കാൻ തഹസിൽദാർമാരെ നിയോഗിച്ചത്. 955.13 ഹെക്ടർ ഭൂമിയാണ് പദ്ധതിക്കായി ഏറ്റെടുക്കേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.