മഞ്ചേരി: സർവിസസും മണിപ്പൂരുമായുള്ള മത്സരത്തിൽ സൈന്യത്തിന്‍റെ കരുത്തുമായി ഇറങ്ങിയ സർവിസസ് ആദ്യ മിനിറ്റുകളിൽ തന്നെ ആക്രമിച്ച് കളിച്ചു. രണ്ടാം മിനിറ്റിൽ ബോക്സിന് തൊട്ടടുത്തുനിന്ന് ലഭിച്ച ഫ്രീകിക്ക് ക്രിസ്റ്റഫർ കാമെ പുറത്തേക്കടിച്ചു. അഞ്ചാം മിനിറ്റിൽ ലഭിച്ച ആദ്യ അവസരം തന്നെ മണിപ്പൂർ ഗോളാക്കി മാറ്റി. ഇടത് വിങ്ങിൽനിന്ന് പന്തുമായി കുതിച്ച ഗുൽ ഗൗലാൽ സിങ് സിത് തൊട്ടുപിന്നാലെയെത്തിയ ലുൻമിൻലെൻ ഹോക്കിപിന് നൽകി. ഹോക്കിപ് നൽകിയ മൈനസ് പാസ് സ്വീകരിച്ച ജനീഷ് സിങ്ങിന്‍റെ വലങ്കാൽ ഷോട്ട് ഗോൾ പോസ്റ്റിന്‍റെ വലതു മൂലയിലേക്ക് ചാഞ്ഞിറങ്ങി. സർവിസസ് ഗോൾകീപ്പർ ബബീന്ദ്ര മല്ല താകുരിക്ക് നോക്കിനിൽക്കാനേ സാധിച്ചുള്ളൂ. ഗോൾ വഴങ്ങിയെങ്കിലും തൊട്ടടുത്ത മിനിറ്റിൽ സർവിസസിന് ലഭിച്ച അവസരം റൊണാൾഡോ സിങ് പുറത്തേക്ക് ഹെഡ് ചെയ്തു. എട്ടാം മിനിറ്റിൽ ലഭിച്ച ആദ്യം സെറ്റ് പീസും ലക്ഷ്യം കാണാതെ പുറത്ത് പോയി. 12ാം മിനിറ്റിൽ റൊണാൾഡോ സിങ്ങിനെ വീഴ്ത്തിയതിന് ലഭിച്ച ഫ്രീകിക്ക് കൃഷ്ണ കാന്തസിങ് പോസ്റ്റിലേക്ക് തൊടുത്തെങ്കിലും മണിപ്പൂർ ഗോൾകീപ്പർ എം.ഡി. അബൂജാർ തട്ടിയകറ്റി. സർവിസസിന്‍റെ പ്രതിരോധത്തിൽ വിള്ളൽ വീഴ്ത്തി ത്രൂ പാസുകളിലൂടെയായിരുന്നു മണിപ്പൂർ കളംപിടിച്ചത്. 34ാം മിനിറ്റിൽ ലിറ്റൺ സിങ് സർവിസസിനായി വല കുലുക്കിയെങ്കിലും ഓഫ് സൈഡ് കെണിയിൽ വീണു. ആദ്യ പകുതിയിൽ ഇരു ടീമുകൾക്കും ഒട്ടേറെ അവസരം ലഭിച്ചെങ്കിലും ലക്ഷ്യം കാണാനായില്ല. രണ്ടാം പകുതിയിൽ മണിപ്പൂരിന്‍റെ മാസ് രണ്ടാം പകുതിയുടെ തുടക്കത്തിൽ മണിപ്പൂരിന്‍റെ മുന്നേറ്റമാണ് ആദ്യം കണ്ടത്. 48ാം മിനിറ്റിൽ ഹോക്കിപിന്‍റെ ഷോട്ട് ഗോൾകീപ്പർ തട്ടിയകറ്റി. തൊട്ടുപിന്നാലെ 50ാം മിനിറ്റിൽ ലഭിച്ച കോർണറിലൂടെ മണിപ്പൂർ രണ്ടാം ഗോളും നേടി കളിയിൽ ആധിപത്യം ഉറപ്പിച്ചു. സിങ് സിത് എടുത്ത കോർണർ ഹോക്കിപ് ഹെഡറിലൂടെ വലയിലേക്ക് ചെത്തിവിടുകയായിരുന്നു. 74ാം മിനിറ്റിൽ മണിപ്പൂരിന്‍റെ മുന്നേറ്റത്തിനിടെ മലയാളി താരം ബി. സുനിലിന്‍റെ കാലിൽ തട്ടി പന്ത് സ്വന്തം പോസ്റ്റിലേക്ക് കയറിയതോടെ ചാമ്പ്യൻമാരുടെ പതനം പൂർത്തിയായി. രണ്ടാം പകുതിയുടെ ആദ്യം തന്നെ സർവിസസ് രണ്ട് മാറ്റം വരുത്തി കളിയിലേക്ക് തിരിച്ചുവരാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ആറ് മിനിറ്റു നീണ്ട അധിക സമയത്തും സർവിസസ് ഗോൾ മടക്കാൻ കിണഞ്ഞു ശ്രമിച്ചെങ്കിലും പരാജയത്തിന്‍റെ ഭാരം കുറക്കാനായില്ല. ആദ്യ കളിയിൽ തന്നെ ചാമ്പ്യൻമാരെ അട്ടിമറിച്ച മണിപ്പൂർ ഗ്രൂപ്പിൽ ഒന്നാമതെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.