പാലക്കാട്ടെ കൊലപാതകങ്ങൾ: പൊലീസ്​ പഴുതടച്ച അന്വേഷണത്തിന്​

പ്രതികളുടെ പങ്കാളിത്തം ഉറപ്പുവരുത്തിയശേഷം മാത്രം അറസ്റ്റ്​ പാലക്കാട്​: കസ്റ്റഡിയിലുള്ളവർ കുറ്റകൃത്യത്തിൽ നേരിട്ട് പങ്കാളികളാണോയെന്ന് ഉറപ്പാക്കാൻ കഴിയാത്തതാണ് പാലക്കാട്ടെ കൊലപാതകക്കേസുകളിൽ അറസ്റ്റ് വൈകാൻ കാരണമെന്നാണ്​ സൂചന. സംഘടനകൾ ഹാജരാക്കുന്നവരെയോ ഭാരവാഹികളെയോ പ്രതികളാക്കേണ്ടതില്ലെന്നാണ്​​ എ.ഡി.ജി.പി വിജയ് സാഖറെയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നത ​​പൊലീസ്​ ഉദ്യോഗസ്ഥരുടെ യോഗത്തിൽ എടുത്ത തീരുമാനം​. കുറ്റമറ്റ അന്വേഷണത്തിലൂടെ കൊലയിൽ നേരിട്ട് പങ്കാളികളായവ​രെയും ഗൂഢാലോചന നടത്തിയവരെയും നിയമത്തിന്​ മുന്നിൽ കൊണ്ടുവരാനാണ്​ ശ്രമം. രണ്ട് കൊലപാതക കേസുകളും രണ്ട് ഡിവൈ.എസ്​.പിമാരുടെ നേതൃത്വത്തിൽ പ്രത്യേക സംഘമാണ് അന്വേഷിക്കുന്നത്. പോപുലർ ഫ്രണ്ട്​​ പ്രവർത്തകൻ സുബൈർ വധക്കേസിൽ നാലുപേരാണ് കസ്റ്റഡിയിലുള്ളത്. കൊലപാതകം നടക്കുമ്പോൾ ഇവർ പരിസരത്തുണ്ടായിരുന്നു എന്നതിന്‍റെ തെളിവുകൾ ലഭിച്ചിട്ടുണ്ട്. എന്നാൽ, കാറുകളിലെത്തി കൊലപാതകം നടത്തിയവർ ഇവരാണോ എന്ന് ഉറപ്പിച്ചാൽ മാത്രമേ അറസ്റ്റുണ്ടാകൂ. ആർ.എസ്.എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസന്‍റെ കൊലപാതക കേസിലും ചിലർ കസ്റ്റഡിയിലുണ്ട്. കൊലപ്പെടുത്താൻ എത്തിയ മൂന്ന് ബൈക്കുകളിൽ ഒന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ചിറ്റൂർ സ്വദേശിയായ വീട്ടമ്മയുടെ പേരിലാണ് ബൈക്ക് ഉള്ളത്. എന്നാൽ, മറ്റൊരാൾക്ക് പണയപ്പെടുത്തിയതാണെന്നും ഇപ്പോൾ ആരാണ് ബൈക്ക് ഉപയോഗിക്കുന്നതെന്ന്​ അറിയില്ലെന്നും ഇവർ പറഞ്ഞു. മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ പാലക്കാട്​ നഗരസഭയിലെ ശംഖുവാരതോട് സ്വദേശിയാണ് ബൈക്ക്​ കൊണ്ടുപോയതെന്ന് വ്യക്തമായെങ്കിലും പ്രതി ഒളിവിലാണ്. ശ്രീനിവാസന്‍റെ കൊലപാതകത്തിൽ നേരിട്ട് പങ്കാളികളായവരിലേക്ക് എത്താനുള്ള നി‍ർണായക തെളിവാകും ഈ ബൈക്ക്. രണ്ട് കേസുകളിലും ദൃക്സാക്ഷികൾ ഉള്ളതിനാൽ യാഥാർഥ പ്രതികളെ തിരിച്ചറിഞ്ഞ് അറസ്റ്റ് രേഖപ്പെടുത്താൻ കഴിയുമെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.