തദ്ദേശ സ്ഥാപനങ്ങളിലെ വികസന പദ്ധതികൾ; സർവേക്ക്​ തുടക്കം

നിർവഹണ ഉദ്യോഗസ്ഥരിൽനിന്ന് വിവരങ്ങളെടുക്കും പെരിന്തൽമണ്ണ: അഞ്ചുവർഷം തദ്ദേശ സ്ഥാപനങ്ങൾ നടപ്പാക്കിയ വികസന പദ്ധതികൾ സംബന്ധിച്ച് സ്​റ്റാറ്റിറ്റിക്സ് വിഭാഗം കണക്കെടുപ്പ്​ തുടങ്ങി. 2016 മുതൽ 2020 വരെയുണ്ടാക്കിയ നേട്ടങ്ങൾ നിർവഹണ ഉദ്യോഗസ്ഥരിൽനിന്ന് ശേഖരിച്ച് പഞ്ചായത്ത്, ജില്ല സംസ്ഥാനതലങ്ങളിൽ രേഖയാക്കും. ജനുവരി 31നകം കണക്കെടുപ്പ്​ പൂർത്തിയാക്കും. ചെലവിടുന്ന പണത്തിന് ആനുപാതികമായ പുരോഗതി ആർജിക്കാനായിട്ടുണ്ടോയെന്ന പ്രാഥമിക സർവേ കൂടിയാണിത്. ജനകീയാസൂത്രണത്തിന് 25 വർഷം തികയുന്ന വേളയിൽ, സർക്കാർ നൽകുന്ന കോടികളും ആർജിച്ച നേട്ടങ്ങളും തമ്മിൽ താരതമ്യം നടത്തി തുടർന്നുള്ള ആസൂത്രണങ്ങൾക്ക് മാർഗരേഖയാക്കും. പശ്ചാത്തലം, വിദ്യാഭ്യാസം, സാമൂഹിക ക്ഷേമം, മൃഗസംരക്ഷണം, മത്സ്യബന്ധനം, വനിത ശിശുവികസനം, കുടിവെള്ളം തുടങ്ങിയ എല്ലാ മേഖലകളിലുമുള്ള വിവരങ്ങളാണ് വേണ്ടത്. വിവിധ വകുപ്പിലെ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചാവും സർവേ. ആവശ്യമായ ചോദ്യാവലി 'കില'യിൽ ഈ മേഖലയിലെ വിദഗ്ധരുടെ പങ്കാളിത്തത്തിലാണ് തയാറാക്കിയത്. പദ്ധതി നിർവഹണത്തിനുശേഷമുള്ള സ്ഥിതി കൂടി ചേർക്കാവുന്ന വിധത്തിൽ സോഫ്റ്റ് വെയറിൽ മാറ്റം വരുത്തുന്ന കാര്യവും ആലോചനയിലുണ്ട്​. നിലവിൽ പെർഫോമൻസ് ഒാഡിറ്റിൽപോലും ക്രമപ്രകാരമാണോ ഫണ്ട് ചെലവിട്ടത് എന്നേ നോക്കുന്നുള്ളൂ. നിശ്ചിത പദ്ധതി യാഥാർഥ്യമായിട്ടുണ്ടോ എന്നത് പരിഗണിക്കു​ന്നില്ലെന്ന സാഹചര്യത്തിൽ കൂടിയാണ്​ സർവേ. ഇ. ഷംസുദ്ദീൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.