വേങ്ങര: ദേശീയപാതയിൽ എ.ആർ നഗർ ഇരുമ്പുചോല ഭാഗത്ത് അണ്ടർപാസ് അനുവദിക്കണമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ ആവശ്യപ്പെട്ടു. കലക്ടറേറ്റിൽ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗത്തിലാണ് ആവശ്യം ഉന്നയിച്ചത്. റോഡിന് ഇരുവശവും വിദ്യാഭ്യാസ സ്ഥാപനങ്ങളും ആരാധനാലയങ്ങളുമുള്ള ഇരുമ്പുചോല പ്രദേശത്ത് അണ്ടർ പാസ് അനുവദിക്കേണ്ടത് അത്യാവശ്യമാണ്. സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് സമർപ്പിക്കാനും അടിയന്തര നടപടിക്കുമായി ഹൈവേ അതോറിറ്റി ഉദ്യോഗസ്ഥർക്ക് കലക്ടർ നിർദേശം നൽകി. കൂരിയാട് പാടത്ത് ഓവുചാലുകളുടെ എണ്ണം കൂട്ടാനും നിർദേശിച്ചു. വേങ്ങര ഫയർ സ്റ്റേഷൻ നിർമിക്കുന്നതിന് പൊതുമരാമത്ത് വകുപ്പിന്റെ സ്ഥലം ലഭ്യമാക്കുന്നതിന് അനുമതിക്ക് സർക്കാറിന് സമർപ്പിച്ചിട്ടുണ്ടെന്ന് പൊതുമരാമത്ത് റോഡ്സ് വിഭാഗം എക്സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു. വേങ്ങര ടൗണിൽ ഫ്ലൈഓവർ നിർമിക്കുന്നതിന് 18 ലക്ഷം രൂപയുടെ ഇൻവെസ്റ്റിഗേഷൻ എസ്റ്റിമേറ്റ് അനുമതിക്ക് സമർപ്പിച്ചു. കൂരിയാട്-അച്ചനമ്പലം റോഡ്, കുഴിപ്പുറം-ആട്ടീരി-കോട്ടക്കൽ റോഡ് റബറൈസ് ചെയ്യാനുള്ള ഭരണാനുമതിക്ക് പുതുക്കിയ എസ്റ്റിമേറ്റ് സർക്കാറിന്റെ പരിഗണനയിലാണ്. ആട്ടീരി, തേർക്കയം പാലങ്ങൾ നിർമിക്കാനുള്ള ഡിസൈൻ തയാറാക്കി വരുകയാണെന്ന് പൊതുമരാമത്ത് പാലം വിഭാഗം എൻജിനീയർ അറിയിച്ചു. വേങ്ങര-പറപ്പൂർ കോട്ടക്കൽ റോഡ് പ്രവൃത്തി ആരംഭിക്കാത്ത കരാറുകാരനെ ടെർമിനേറ്റ് ചെയ്ത് കരാർ വിളിക്കാൻ തീരുമാനിച്ചു. മലപ്പുറം പരപ്പനങ്ങാടി റോഡിൽ പത്തുമൂച്ചിയിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിന് റോഡ് ഉയർത്തി ഡ്രെയിനേജ് നിർമിക്കാനുള്ള എസ്റ്റിമേറ്റ് ഭരണാനുമതിക്ക് സമർപ്പിച്ചു. വേങ്ങര എടരിക്കോട് റോഡിൽ പറപ്പൂർ എടയാട്ട് പറമ്പ് ഭാഗത്തെ വെള്ളക്കെട്ട് പരിഹരിക്കാനുള്ള പ്രവൃത്തി ടെൻഡർ നടപടി പൂർത്തീകരിച്ച് ഉടൻ ആരംഭിക്കുമെന്നും റോഡ് വകുപ്പ് എൻജിനീയറിങ് വിഭാഗം യോഗത്തിൽ അറിയിച്ചു. ജലജീവൻ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തിയ പ്രവൃത്തികൾ വേഗത്തിലാക്കാൻ തീരുമാനിച്ചു. വേങ്ങര ബാക്കിക്കയം റെഗുലേറ്ററിന്റെ ഷട്ടർ ഉയരം വർധിപ്പിക്കുന്നതിന് നടപടി സ്വീകരിക്കും. റെഗുലേറ്റർ ഭാഗത്ത് അരിക് കെട്ടുന്നതിന് തുക വകയിരുത്തും. കഴിഞ്ഞ ബജറ്റിൽ രണ്ട് കോടി രൂപ വകയിരുത്തിയ മറ്റത്തൂർ ചെക്ക്ഡാം പ്രവൃത്തിക്ക് ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ സൈറ്റ് പരിശോധന നടത്താനും തീരുമാനിച്ചു. കൂരിയാട് ഭാഗത്ത് വേങ്ങര തോട് നവീകരിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കാൻ ഇറിഗേഷൻ വകുപ്പിന് നിർദേശം നൽകി. മണ്ഡലത്തിലെ വിവിധ സർക്കാർ സ്കൂളുകൾക്ക് കെട്ടിടം നിർമിക്കുന്നതിന് ആവശ്യമായ എസ്റ്റിമേറ്റ് സമർപ്പിക്കാൻ എം.എൽ.എ ആവശ്യപ്പെട്ടു. യോഗത്തിൽ പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ അധ്യക്ഷത വഹിച്ചു. കലക്ടർ വി.ആർ. പ്രേംകുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് മണ്ണിൽ ബെൻസീറ, വൈസ് പ്രസിഡന്‍റ് പുളിക്കൽ അബൂബക്കർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരായ കെ.കെ. മൻസൂർകോയ തങ്ങൾ, കടമ്പോട്ട് മൂസ, കെ.പി. ഹസീന ഫസൽ, ലിയാഖത്ത് അലി കാവുങ്ങൽ, യു.എം. ഹംസ, സമീറ പുളിക്കൽ, ഇ.കെ. സൈദുബിൻ, ദേശീയപാത അതോറിറ്റി, ഫയർ ആൻഡ് റെസ്ക്യൂ, പൊതുമരാമത്ത്, ജലവിഭവ വകുപ്പ്, ജലനിധി, ഇറിഗേഷൻ, ആരോഗ്യം വകുപ്പുകളുടെ ജില്ല മേധാവികളും ഉദ്യോഗസ്ഥരും യോഗത്തിൽ സംബന്ധിച്ചു. പടം : mt vngr collector മലപ്പുറം കലക്ടറേറ്റിൽ പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ വിളിച്ച വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.