ഷാജഹാൻ വധം: നാല് പ്രതികൾകൂടി അറസ്റ്റിൽ

പാലക്കാട്​: സി.പി.എം കുന്നങ്കാട് ബ്രാഞ്ച് സെക്രട്ടറി ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ നാല് പ്രതികൾകൂടി അറസ്റ്റിൽ. കൊട്ടേക്കാട് കുന്നംകാട് സ്വദേശികളായ വിഷ്ണു (22), സുനീഷ്​​​ (23), ശിവരാജൻ (33), സതീഷ്​ (31) എന്നിവരെയാണ്​ വ്യാഴാഴ്ച പൊലീസ്​ അറസ്റ്റ്​ ചെയ്തത്​. പ്രതികളെ വരുംദിവസം കോടതിയിൽ ഹാജരാക്കുമെന്ന്​ പൊലീസ്​ പറഞ്ഞു. കൃത്യം നടക്കുമ്പോൾ ഇവരും സ്ഥലത്ത് ഉണ്ടായിരുന്നെന്നാണ് പൊലീസ് കണ്ടെത്തൽ. മുഖ്യപ്രതികളടക്കം നാലുപേരെ ബുധനാഴ്ച അറസ്റ്റ് ചെയ്തിരുന്നു. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തയാളും ഒന്നാം പ്രതിയുമായ കൊട്ടേക്കാട്​ കാളിപ്പാറ നയന ഹൗസിൽ നവീൻ (38), കൊട്ടേക്കാട് കുന്നംകാട്​ സ്വദേശികളുമായ അനീഷ് (29), ശബരീഷ് (28), സുജീഷ് (28) എന്നിവരുടെ അറസ്റ്റാണ് ബുധനാഴ്ച രേഖപ്പെടുത്തിയത്. വ്യാഴാഴ്ച രാവിലെ പാലക്കാട്​ കോടതിയിൽ ഹാജരാക്കിയ ഇവരെ ആലത്തൂർ ജയിലിൽ റിമാൻഡ് ചെയ്തു. കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചനയടക്കം വിഷയങ്ങളിൽ കൂടുതൽ വ്യക്തത വരുത്താനായി പ്രതികളെ കസ്റ്റഡിയിൽ വേണമെന്നും പൊലീസ് ആവശ്യപ്പെട്ടു. കസ്റ്റഡി അപേക്ഷ വെള്ളിയാഴ്ച പരിഗണിക്കും. പ്രതികൾക്ക്​ ആയുധം നൽകിയ കോഴിക്കട ഉടമയടക്കം മൂന്ന്​ പേർകൂടി നിലവിൽ പൊലീസ്​ കസ്റ്റഡിയിലുണ്ട്​. ബുധനാഴ്ച മനഃപൂർവമായ നരഹത്യയും കുറ്റകരമായ സംഘംചേരലുമടക്കം കൂടുതൽ വകുപ്പുകൾ കൂട്ടിച്ചേർത്ത്​ അന്വേഷണസംഘം എഫ്​.ഐ.ആർ വിപുലീകരിച്ചിരുന്നു. പാലക്കാട് ഡിവൈ.എസ്.പി പി.സി. ഹരിദാസിന്‍റെ നേതൃത്വത്തിൽ 20 പേരടങ്ങുന്ന അന്വേഷണസംഘമാണ്​ കേസ് അന്വേഷിക്കുന്നത്​. PKG SUNEESH- സുനീഷ്​ PKG VISHNU-വിഷ്ണു PKG SIVARAJ-ശിവരാജ്​ PKG SATHEESH-സതീഷ്​ ------------------------------------------------- പൊലീസിന്​ വിമർശനവുമായി സി.പി.​എം പാലക്കാട്​: ഷാജഹാന്‍റെ കൊലപാതകവുമായി ബന്ധ​പ്പെട്ട്​ പൊലീസിനെതിരെ രൂക്ഷവിമർശനവുമായി സി.പി.എം ജില്ല നേതൃത്വം. ഷാജഹാനെ കൊലപ്പെടുത്തിയത് വ്യക്തിവിരോധം മൂലമാണെന്ന പൊലീസിന്‍റെ കണ്ടെത്തൽ യാഥാർഥ്യത്തിന്​ നിരക്കാത്തതാണെന്ന്​ ജില്ല സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു പറഞ്ഞു. രാഷ്ട്രീയവിരോധമാണ്​ കൊലപാതകത്തിന്​ കാരണം. ഷാജഹാൻ ബ്രാഞ്ച്​ സെക്രട്ടറിയായ ശേഷമാണ് വിയോജിപ്പ് തുടങ്ങിയത് എന്ന പൊലീസ് ഭാഷ്യവും ശരിയല്ല. പ്രതികളുമായി ബന്ധപ്പെട്ട്, 'ശ്രീകൃഷ്ണ ജയന്തി ബോർഡ് വെക്കൽ, രക്ഷാബന്ധൻ പരിപാടി കഴിഞ്ഞുവന്നു. രാഖി ഉണ്ടായിരുന്നു' എന്നെല്ലാമാണ് പൊലീസ് വിശദീകരിച്ചത്. ഇതൊക്കെ ആർ.എസ്​.എസ്​ ബന്ധത്തിനുള്ള തെളിവല്ലേയെന്നും സുരേഷ് ബാബു ചോദിച്ചു. കൊലപാതകത്തിന് ആർ.എസ്​.എസിന്‍റെ സഹായം പ്രതികൾക്ക് കിട്ടി. കൃത്യമായ ആസൂത്രണത്തോടെയാണ് കൊല നടപ്പാക്കിയത്. പ്രതികൾക്ക് പ്രകടമായ ആർ.എസ്​.എസ്​ ബന്ധമുണ്ട്​. വ്യക്തിവിരോധത്തെ തുടര്‍ന്നുള്ള കൊലപാതകമെന്ന് പൊലീസ് പറഞ്ഞത് എന്തിന്റെ അടിസ്ഥാനത്തിലാണെന്നും സുരേഷ്​ ബാബു ചോദിച്ചു. കൊലപാതകശേഷം ഒളിവിൽ കഴിയാൻ സൗകര്യം ഒരുക്കിയത് ആർ.എസ്.എസാണ്​. സാമ്പത്തിക സഹായം ലഭിച്ചിട്ടുണ്ട്. ആർ.എസ്.എസിന്റെ പരിശീലനം ലഭിച്ചവരാണ് പ്രതികൾ. കൊലപാതകരീതിതന്നെ അക്കാര്യം വ്യക്തമാക്കുന്നുണ്ട്. രാഷ്ട്രീയവിരോധംതന്നെയാണ് കൊലപാതകത്തിന് കാരണമെന്നും ഇ.എന്‍. സുരേഷ് ബാബു പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.