ജൽ ജീവൻ പദ്ധതി: ചുങ്കത്തറയിൽ യോഗം ചേർന്നു

എടക്കര: സംസ്ഥാന ജലവിഭവ വകുപ്പ് ഭരണാനുമതി നല്‍കിയ ജല്‍ ജീവന്‍ കുടിവെള്ള സംരംഭത്തിന്റെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചുങ്കത്തറയില്‍ പി.വി. അന്‍വര്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. എടക്കര, വഴിക്കടവ്, ചുങ്കത്തറ, പോത്തുകല്‍ എന്നീ പഞ്ചായത്തുകള്‍ക്കായുള്ള പദ്ധതിയുടെ ജലസംഭരണി സ്ഥാപിക്കാനാവശ്യമായ സ്ഥലമേറ്റെടുപ്പ് സംബന്ധമായ കാര്യങ്ങളാണ് യോഗത്തില്‍ ചര്‍ച്ച ചെയ്തത്. പദ്ധതിയുടെ ജലസംഭരണി സ്ഥാപിക്കാൻ രണ്ടേക്കറിലധികം സ്ഥലം ചുങ്കത്തറ പഞ്ചായത്തിലെ ചൂരക്കണ്ടിയില്‍ കണ്ടെത്തിയിട്ടുണ്ട്. ഭൂമി വാങ്ങുന്നതിന് ആസ്തിവികസന ഫണ്ടില്‍നിന്ന്​ പണം അനുവദിക്കുമെന്ന് പി.വി. അന്‍വര്‍ എം.എല്‍.എ യോഗത്തില്‍ അറിയിച്ചു. സ്ഥലം അളന്ന് തിട്ടപ്പെടുത്തി രജിസ്‌ട്രേഷന്‍ നടപടികള്‍ വേഗത്തിലാക്കാനും യോഗം തീരുമാനിച്ചു. 429.47 കോടി രൂപയാണ് ജൽ ജീവൻ പദ്ധതിക്കായി വകയിരുത്തിയിട്ടുള്ളത്. 2053 വരെയുള്ള 30 വര്‍ഷത്തേക്കുള്ള ജനസംഖ്യ വര്‍ധന കണക്കിലെടുത്ത് അന്നത്തെ ഗാര്‍ഹിക ആവശ്യങ്ങള്‍ നിറവേറ്റാനുതകുന്ന തരത്തിലാണ് പദ്ധതി തയാറാക്കിയിട്ടുള്ളത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കെ. നജ്മുന്നിസ, വൈസ് പ്രസിഡന്റ് നുസൈബ സുധീര്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം.ആര്‍. ജയചന്ദ്രന്‍, വാട്ടര്‍ അതോറിറ്റി അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ വിജയകുമാര്‍, പഞ്ചായത്ത് സെക്രട്ടറി രാഘവന്‍ എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.