അയിലക്കാട് റോഡിന്റെ വശങ്ങളിൽ മണ്ണൊലിച്ച് അപകടാവസ്ഥയിൽ

പല ഭാഗത്തും വിള്ളൽ; പാർക്ക് നിർമാണം അശാസ്ത്രീയമായതാണ് അപകടകാരണം എടപ്പാൾ: മാറഞ്ചേരിയെയും എടപ്പാളിനെയും ബന്ധിപ്പിക്കുന്ന അയിലക്കാട് റോഡ് അപകടാവസ്ഥയിൽ. അയിനിച്ചിറ കായലോരം ഭാഗത്താണ് റോഡിന്റെ വശങ്ങളിൽനിന്ന് മണ്ണൊലിച്ച് പോയത്. കഴിഞ്ഞ ദിവസം പെയ്ത മഴയിലാണ് റോഡ് ഇടിഞ്ഞത്. കൈവരി നിൽക്കുന്ന ഭാഗം വരെ മണ്ണൊലിച്ച് പോയി. കായലോരത്ത് പാർക്ക് നിർമിക്കുന്നതിലെ അശാസ്ത്രീയതയാണ് റോഡ് അപകടാവസ്ഥയിലാകാൻ കാരണം. റോഡിന്​ ഇരുവശത്തായാണ് സഞ്ചാരികളെ ആകർഷിക്കാൻ പാർക്ക് നിർമിക്കുന്നത് ഇതിന്റെ ഭാഗമായി കല്ലിട്ട് ഭിത്തി കെട്ടുന്നതിന്​ റോഡിന്റെ അടിവശങ്ങളിൽ മണ്ണ് എടുത്തിരുന്നു. കഴിഞ്ഞ ദിവസം രാത്രി ശക്തമായി മഴ പെയ്തതിനെത്തുടർന്ന് ഈ ഭാഗങ്ങളിൽനിന്ന് മണ്ണൊലിച്ച് പോയതോടെ റോഡ് അപകടത്തിലായി. പാർക്ക് നിർമാണത്തിന്റെ ആരംഭത്തിൽതന്നെ റോഡിൽ കനത്ത വിള്ളൽ രൂപപ്പെട്ടിരുന്നു. ഇത് ക്വാറിപ്പൊടി ഉപയോഗിച്ച് നികത്തിയിരുന്നു. ദിനംപ്രതി നിരവധി വാഹനങ്ങൾ സഞ്ചരിക്കുന്ന പാതയാണിത്. വീണ്ടും ശക്തമായ മഴ പെയ്താൽ റോഡ് ഒലിച്ചുപോകുമോ എന്ന ഭീതിയിലാണ് നാട്ടുകാർ. നാലുമാസം മുമ്പാണ് എടപ്പാൾ ഗ്രാമപഞ്ചായത്തിൽ നാഷനൽ അർബൻ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി അയിലക്കാട് അയിനിച്ചിറ കായലോര പാർക്ക് നിർമാണം തുടങ്ങിയത്. മഴക്ക് മുമ്പ്​ പ്രവൃത്തി പൂർത്തിയാക്കുമെന്നായിരുന്നു കരാർ കമ്പനി പറഞ്ഞിരുന്നത്. എന്നാൽ, ഇഴഞ്ഞുനീങ്ങുന്ന സാഹചര്യമാണെന്നാണ് നാട്ടുകാർ പറയുന്നത്​. റോഡ് അപകടാവസ്ഥയിലായ സാഹചര്യത്തിൽ നാട്ടുകാർ പൊതുമരാമത്ത് മന്ത്രിക്ക് ഓൺലൈനിൽ പരാതി നൽകി. ഇതേതുടർന്ന് പൊതുമരാമത്ത് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. Mp EDPL അയിലക്കാട് അയിനിച്ചിറ റോഡിന്റെ കൈവരിഭാഗം വരെ മണ്ണൊലിച്ച് പോയപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.