കുതിരകൾ നിറഞ്ഞാടി; കളിയാട്ടക്കാവിൽ ഒഴുകിയെത്തിയത്​ ആയിരങ്ങൾ

തിരൂരങ്ങാടി: കുതിരകൾ നിറഞ്ഞാടിയ മൂന്നിയൂര്‍ കളിയാട്ടക്കാവിലെ കുതിരകളിയാട്ട മഹോത്സവത്തിന്​ ഒഴുകിയെത്തിയത്​ ആയിരങ്ങൾ. രണ്ട്​ വർഷത്തെ ഇടവേളക്ക്​ ശേഷം തെക്കന്‍ മലബാറിലെ ഏറ്റവും വലിയ ഉത്സവത്തില്‍ പങ്കുചേരാന്‍ ജനങ്ങൾ ആവേശത്തോടെയെത്തി. മതസൗഹാര്‍ദ്ദത്തിന്റെ പെരുമയുണര്‍ത്തുന്ന കളിയാട്ടം കാര്‍ഷിക ഉത്സവം കൂടിയാണ്‌. വാദ്യ നൃത്ത ചുവടുകളുടെ അകമ്പടികളോടെ നാട്ടുപാതകളിലൂടെ ഉരുചുറ്റിയിരുന്ന പൊയ്‌ക്കുതിരകളെല്ലാം കാവിലെത്തി. ഇവര്‍ക്കൊപ്പം ജാതിമതഭേദമന്യേ നാട്ടുകാരും ഉത്സവപറമ്പിലേക്കെത്തിയതോടെ ആഘോഷത്തള്ളലില്‍ മൂന്നിയൂര്‍ ഇളകിമറഞ്ഞു. ഇടവത്തിലെ ആദ്യത്തെ തിങ്കളാഴ്ച കാപ്പൊലിക്കുന്ന ചടങ്ങോടെയാണ്‌ ഉത്സവം ആരംഭിച്ചത്. കൊടുങ്ങല്ലൂര്‍ അമ്മയുടെ സഹോദരി അമ്മാഞ്ചേരി അമ്മ വിശ്രമിച്ചു എന്ന ഐതിഹ്യമുള്ള ചാത്താംക്ലാരിയിലാണ്‌ കാപ്പൊലിക്കല്‍ നടന്നത്. കാവിന്റെ അവകാശികള്‍ ഇവിടെ ഒത്തുചേര്‍ന്ന്‌ ചടങ്ങുകള്‍ ആരംഭിച്ചു. കാപ്പൊലിക്കില്‍ കഴിഞ്ഞ്‌ പന്ത്രണ്ടാം ദിവസം ഇടവപ്പാതിയിലെ വെള്ളിയാഴ്‌ചയിലാണ്‌ പ്രസിദ്ധമായ കോഴിക്കളിയാട്ടം നടന്നത്. മുളയും കുരുത്തോലയും കൊണ്ടുണ്ടാക്കിയ പൊയ്‌ക്കുതിരകളുമായി ഊരുചുറ്റിവരുന്ന സംഘങ്ങളാണ്‌ കോഴിക്കളിയാട്ടത്തിന്റെ വരവ്‌ നാട്ടുകാരെ ഓര്‍മ്മപ്പെടുത്തുന്നത്‌. കാവിലെ അവകാശിയായ സാംബവമൂപ്പന്‍ കാവുതീണ്ടിയതിന്‌ ശേഷമായിരുന്നു മറ്റുള്ള കുതിരകള്‍ക്ക്‌ കാവിലേക്ക്‌ പ്രവേശനം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.