സി.ഡബ്ല്യു.സി: ഭൂരിഭാഗവും അഭിഭാഷകരാകുന്നതിനെതിരെ ശിശുസംരക്ഷണ വിദഗ്ധർ

കെ.എം.എം. അസ്​ലം മലപ്പുറം: കുട്ടികളുടെ പരിചരണം, സംരക്ഷണം, ചികിത്സ, പുനരധിവാസം തുടങ്ങിയവ സംബന്ധിച്ച കേസുകൾ തീർപ്പാക്കുന്ന സി.ഡബ്ല്യു.സിയിൽ (ചൈൽഡ്​ വെൽഫെയർ കമ്മിറ്റി) ഭൂരിഭാഗവും അഭിഭാഷകരെ നിയമിക്കുന്നതിനെതിരെ ശിശുസംരക്ഷണ വിദഗ്​ധർ. മൂന്ന്​ വർഷത്തേക്ക്​ തെരഞ്ഞെടുക്കുന്ന സി.ഡബ്ല്യു.സിയിൽ ഒരുവനിതയുൾപ്പെടെ അഞ്ചുപേരാണ്​ അംഗങ്ങളാകുന്നത്​. വർഷങ്ങളായി ഓരോ ജില്ലയിലും തെരഞ്ഞെടുക്കുന്ന കമ്മിറ്റിയിൽ​ മൂന്നോ നാലോ പേർ നിയമബിരുദധാരികളാണ്​. കൂടുതൽ പേരും പാർട്ടി നോമിനികളായാണ്​ കമ്മിറ്റിയിൽ എത്തുന്നത്​. ഇവർക്ക്​ കുട്ടികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പരിചയമുണ്ടാകാൻ വർഷങ്ങൾ എടുക്കും. മാത്രമല്ല, കുട്ടികളുടെ അവകാശത്തെ ഹനിക്കുന്ന രീതിയിലെ പ്രവർത്തനം ഉണ്ടാകുന്നതായും ശിശുസംരക്ഷണ വിദഗ്​ധർ പറയുന്നു. പാലക്കാട്​ സി.ഡബ്ല്യു.സി അംഗംതന്നെ പോക്​സോ കേസ്​ പ്രതിക്കായി ഹാജരായത്​ ഇവർ ചൂണ്ടിക്കാണിക്കുന്നു. അഭിഭാഷകരായ ഭൂരിഭാഗം പേരും കമ്മിറ്റിയിൽ ഉൾപ്പെടുന്നതിന്​ കാരണം രാഷ്​​ട്രീയ നിയമനങ്ങളായതിനാലാണ്​. ശിശുസംരക്ഷണ മേഖലയിൽ കാര്യമായ അവഗാഹമില്ലെങ്കിലും നിയമബിരുദധാരികളെ പാർട്ടികളിൽനിന്ന്​ കണ്ടെത്താൻ കഴിയും​. ജുവൈനൽ ജസ്റ്റിസ്​ ആക്ട്​ പ്രകാരമാണ്​ എല്ലാ ജില്ലയിലും ചൈൽഡ്​ വെൽഫെയർ കമ്മിറ്റികൾ രൂപവത്​കരിക്കുന്നത്​. സോഷ്യോളജി/സൈക്യാട്രി, സോഷ്യൽ വർക്ക്​/ചൈൽഡ്​ സൈക്കോളജി/ വിദ്യാഭ്യാസം എന്നിവയിൽ ഏതെങ്കിലുമൊന്നിൽ ബിരുദാനന്തര ബിരുദവും ശിശുക്ഷേമ പ്രവർത്തനങ്ങളിൽ ഏഴുവർഷത്തെ പരിചയം അല്ലെങ്കിൽ ആരോഗ്യം/ശിശുവികസനം/നിയമം എന്നിവയിൽ ബിരുദവും ശിശുക്ഷേമ പ്രവർത്തനങ്ങളിൽ ഏഴുവർഷത്തെ പരിചയവുമാണ്​ യോഗ്യത. നിയമബിരുദം യോഗ്യതയായി നിശ്ചയിച്ചതോടെ അഭിഭാഷകരാണ്​ കഴിഞ്ഞ തവണ തെരഞ്ഞെടുക്കപ്പെട്ടവരിൽ ഏറെയും. 'അനാഥാലയങ്ങളിലെ നിയമോപദേശകർ' എന്നതായിരുന്നു അംഗങ്ങളുടെ പ്രവർത്തനപരിചയം. സി.ഡബ്ല്യു.സി സിറ്റിങ്​ നടത്തുന്ന ദിവസം വക്കീൽ പ്രാക്ടീസ്​ ചെയ്യുന്നവർ ഒപ്പിട്ട്​ ജോലിക്ക്​ പോകുന്നതായും ആരോപണമുണ്ട്​. സി.ഡബ്ല്യു.സി രൂപവത്​കരിക്കുന്നതിന്​ എല്ലാ ജില്ലയിലേക്കുമുള്ള അഭിമുഖം പൂർത്തിയായി​. അടുത്തയാഴ്ചയോടെ റാങ്ക്​ ലിസ്റ്റ്​ വരുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.